X

സഹകരണ പ്രതിസന്ധി: പിണറായി എംപിമാരുടെ അടിയന്തിര യോഗം വിളിച്ചു

അഴിമുഖം പ്രതിനിധി

കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ നിർണായക യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്തു. ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡൽഹി കേരളാഹൌസിൽ ആണ്‌ യോഗം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട്‌ നിരോധിച്ചതിൽ ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ചർച്ച ചെയ്യാനും സഹകരണ ബാങ്കുകൾ നേരിടുന്ന പ്രശ്നം പാർലമെന്റിനെ ബോധ്യപ്പെടുത്തുന്നതിനുമാണ് യോഗം.

രാജ്യത്തു സഹകരണ ബാങ്കുകൾ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് കേരളത്തിലാണ്. ഈ ബാങ്കുകൾ വഴി നോട്ട് മാറാൻ അനുവദിക്കില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിൽ കേരള സർക്കാർ രോഷത്തിലാണ്. ജനങ്ങളെ വലയ്ക്കാതെ, സഹകരണ ബാങ്കുകൾക്ക് കൂടി പഴയ നോട്ട് വാങ്ങാനും പുതിയത് നൽകാനുമുള്ള അധികാരം നൽകണം എന്നതാണ് സർക്കാർ നയം.

യു പി എ സർക്കാരിന്റെ കാലത്താണ് സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുള്ള നടപടിയുമായി കേന്ദ്രസർക്കാർ ഇറങ്ങിയത്. ആദ്യം കുറെ ബഹളം വച്ചതല്ലാതെ പരിഹാരത്തിന് മുൻകൈ എടുക്കാൻ കേരളാ സർക്കാരോ എംപി മാരോ മുന്നോട്ട് വന്നില്ല. ഇപ്പോൾ സഹകരണ ബാങ്കുകളെ നേരിട്ട് ബാധിക്കുന്ന ഘട്ടം എത്തിയപ്പോഴാണ് പരിഹാരം തേടി കേരളം എത്തുന്നത്.

2013ജൂലൈ 22നു പ്രാഥമിക കാര്‍ഷിക സഹകരണബാങ്കുകളെ കേന്ദ്ര സഹകരണ സംഘത്തിന്റെ ബിസിനസ് ഏജന്റ് എന്ന നിലയിലാക്കി മാറ്റാന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് നബാര്‍ഡ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് നടപ്പാക്കിയാല്‍ പ്രാഥമിക സഹകരണ-കാര്‍ഷിക ബാങ്കുകളുടെ സ്വതന്ത്ര പദവി ഇല്ലാതാകും. ഈ ബാങ്കുകളുടെ സ്വത്തുക്കള്‍ കേന്ദ്ര സഹകരണബാങ്കിലോ സംസ്ഥാന ബാങ്കിലോ ലയിപ്പിക്കണം. പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ സ്വരൂപിച്ച നിക്ഷേപങ്ങളെല്ലാം മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലേക്ക് മാറ്റണം. വായ്പ നല്‍കാനുള്ള അധികാരവും ഇല്ലാതാകും.

കേരളത്തിലെ ഭൂരിപക്ഷം സഹകരണ ബാങ്കുകളെയും നിയന്ത്രിക്കുന്നത് സിപിഎം ആണ്‌.  ബാക്കിയുള്ളതു കോൺഗ്രസിന്റെ നിയന്ത്രണത്തിലും.  കേരളാ ബിജെപിക്ക് കാര്യമായ റോൾ ഇല്ലാത്തതിനാൽ സംസ്ഥാന സർക്കാരിന്റെ നിലപാടിന് കടക വിരുദ്ധമായ അഭിപ്രായമാണ് അവര്‍ക്ക്.

സർവകക്ഷി സംഘം ഡൽഹിയിൽ എത്തി ബുദ്ധിമുട്ട് ബോധ്യപ്പെടുത്തുകയാണ് സർക്കാരിന് മുന്നിലുള്ള പോംവഴി. കേരളാ ബിജെപിയെ മെരുക്കിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ വഴിയും അടയും.

This post was last modified on November 16, 2016 12:52 pm