X

നോട്ടുനിരോധന കാലം; ഇതു മന്‍മോഹന്‍ സിംഗിന്റെ മടക്ക കാലം കൂടിയാകുമോ?

വെറും രണ്ടര വര്‍ഷം കൊണ്ട് ഒരു ജനതയുടെ മറവിയുടെ ആഴങ്ങളിലേക്ക് ഊര്‍ന്നുപോയ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ തിരിച്ചുവരവ് മാത്രമാവുമോ എന്‍ഡിഎ സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന്റെ ഒരോയൊരു ഗുണം? മന്‍മോഹന്‍ സിംഗ് രാഷ്ട്രത്തിന് നല്‍കിയ സംഭാവനകള്‍ അംഗീകരിക്കപ്പെടാതെ പോയി എന്ന് പരാതി പറഞ്ഞവരോട് ചരിത്രം തന്നോട് കാരുണ്യം കാണിക്കും എന്ന് മാത്രമായിരുന്നു മുന്‍പ്രധാനമന്ത്രി പറഞ്ഞത്. ലോക സാമ്പത്തിക മാന്ദ്യത്തോടൊപ്പം കടുത്ത അഴിമതി ആരോപണങ്ങള്‍ക്കൊണ്ട് മുഖരിതമായ ഒരു കാലത്ത് വ്യത്യസ്ഥ താല്‍പര്യങ്ങളുള്ള കക്ഷികളുടെ പിന്തുണയോടെ രാജ്യത്തെ പത്തുവര്‍ഷം നയിച്ച ഒരാളുടെ രോദനമായി ഒരു പക്ഷെ ഇതിനെ കണക്കാക്കാം. എന്നാല്‍ സര്‍ക്കാര്‍ തലത്തിലുണ്ടായിരുന്ന ഈ വടംവലികള്‍ സമൂഹത്തെ അസ്ഥിരപ്പെടുത്താനോ രാജ്യത്തിന്റെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കാനോ അദ്ദേഹം അനുവദിച്ചില്ല.

പക്ഷെ ചരിത്രത്തിനപ്പുറം, വര്‍ത്തമാനകാലത്ത് മന്‍മോഹന്‍ സിംഗ് എന്ന മൗനിയുടെ പ്രാധാന്യം വര്‍ദ്ധിക്കുകയാണെന്നാണ് സ്‌ക്രോള്‍.ഇന്നില്‍ എഴുതിയ ലേഖനത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തനും നോവലിസ്റ്റുമായ അജാസ് അഷറഫ്. തന്റെ നിരീക്ഷണത്തെ സാധൂകരിക്കുന്ന കാര്യങ്ങള്‍ കാരണസഹിതം അദ്ദേഹം നിരത്തുകയും ചെയ്യുന്നു.

ഏതാനും ആയിരം രൂപയ്ക്കായി ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ അനന്തമായി ക്യൂ നില്‍ക്കുകയും കൂലികൊടുക്കാന്‍ തൊഴിലുടമകളുടെ കൈയില്‍ കാശില്ലാത്തതിനാല്‍ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്ത ദുരിതപൂര്‍ണമായ ഒരു കാലത്തില്‍ മന്‍മോഹന്‍സിംഗിന്റെ മടക്കവും പുരധിവാസവുമാണ് നമ്മള്‍ കാണുന്നത്. നവംബര്‍ 24ന്, സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ രാജ്യസഭയില്‍ ഒരു ദുര്‍ബല നിലവിളി പോലെ അദ്ദേഹം നടത്തിയ പ്രസംഗം പക്ഷെ രാജ്യത്തിന്റെ മനസ്സ് അപഹരിച്ചു. ‘സംഘടിത കൊള്ള’ എന്നാണ് അദ്ദേഹം നടപടിയെ വിശേഷിപ്പിച്ചത്.

മൗനമോഹന്‍ സിംഗ് എന്ന്് പഴി കേള്‍ക്കുകയും വല്ലപ്പോഴും മാത്രം സംസാരിക്കുമ്പോള്‍ അതൊരു താരാട്ടിന്റെ ഈണമായിപ്പോവുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സംസാരശൈലി പക്ഷെ രാജ്യസഭയിലെ എണ്ണം പറഞ്ഞ വാക്കുകളിലൂടെ ചാട്ടുളിയായി മാറി.

‘മേക്കിംഗ് ഓഫ് എ മാമോത്ത് ട്രാജഡി’ എന്ന തലക്കെട്ടോടെ ഹിന്ദു ദിനപ്പത്രത്തില്‍ നോട്ട് നിരോധനത്തിനെതിരെ ലേഖനം എഴുതിക്കൊണ്ടാണ് അദ്ദേഹം പിന്നീട് പ്രത്യക്ഷപ്പെട്ടത്. ഒരു സാമ്പത്തികശാസ്ത്രജ്ഞന്റെ സൈദ്ധാന്തിക വിശദീകരണമായിരുന്നില്ല ആ ലേഖനം. പറഞ്ഞ് ആവര്‍ത്തനവിരസമായ ചില പ്രയോഗങ്ങളിലൂടെ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന തന്റെയും വാചാടപങ്ങളില്‍ മാത്രം വിഹരിക്കുന്ന മോദിയുടെയും പ്രവര്‍ത്തനശൈലികള്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതരത്തിലുള്ള ഒരു ശൈലിയാണ് അദ്ദേഹം ആ ലേഖനത്തില്‍ സ്വീകരിച്ചത്. ‘നരകത്തിലേക്കുള്ള വഴി സദുദ്ദേശ്യങ്ങള്‍ നിറഞ്ഞതാണ്’ എന്ന് മന്‍മോഹന്‍ സിംഗ് ഓര്‍മ്മിക്കുന്നു. ‘ഒരു സാഹസിക തീരുമാനം,’ ‘ഒരു തത്വദീക്ഷയില്ലാത്ത തീരുമാനം’ എന്നീ പ്രയോഗങ്ങളും, നോട്ട് നിരോധനം മൂലം കൂടുതല്‍ ജ്ഞാനകളായി മാറിയ ഇന്ത്യാക്കാരോട് രണ്ട് ഭരണങ്ങളെയും താരതമ്യം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന ചോദ്യങ്ങളായി മാറുന്നു. പ്രത്യേകിച്ചും തീരമാനങ്ങള്‍ എടുക്കുന്നതില്‍ അനാവശ്യ അവധാനത പുലര്‍ത്തുന്ന ഒരാള്‍ എന്ന് പഴികേട്ട മുന്‍ പ്രധാനമന്ത്രിയില്‍ നിന്നും.

അതായത് ഹിന്ദുവിലെഴുതിയ ലേഖനത്തിലൂടെ ചിന്താബന്ധുരവും ആലോചനാപൂര്‍വമായ, പ്രതികരണാത്മകവും ബൗദ്ധികവുമായ, സാഹസങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള, ജാഗ്രതയുള്ള, ഉത്തരവാദിത്വപൂര്‍ണമായ, ഓര്‍മ്മിക്കപ്പെടണമെന്ന ആഗ്രഹത്തില്‍ മാത്രം ഊന്നാത്ത തന്റെ ഭരണനിര്‍വഹണ രീതിയിലേക്ക് വെളിച്ചം വീശാനാണ് മന്‍മോഹന്‍ സിംഗ് ശ്രമിക്കുന്നത്. തിരക്കുപിടിച്ചതും കരുതലില്ലാത്തതുമായ, സാഹസികമായ, അതുകൊണ്ട് തന്നെ ഉത്തരവാദിത്വരഹിതമായതും എക്കാലത്തും മികച്ച പ്രധാനമന്ത്രിയായി അറിയപ്പെടാനുള്ള ആഗ്രഹത്തില്‍ മാത്രം പ്രചോദിതവുമായ മോദിയുടെ ശൈലിയുമായി താരതമ്യം ചെയ്യാന്‍ വായനക്കാരോട്, ഇ്ന്ത്യന്‍ ജനതയോട് ആവശ്യപ്പെടുകയാണ് സിംഗ് ചെയ്യുന്നത്.

തീര്‍ച്ചയായും അഗസ്ത വെസ്റ്റ്‌ലാന്റ് വെളിപ്പെടുത്തലുകളും മുന്‍ വ്യോമസേന മേധാവിയുടെയും കൂട്ടാളികളുടെയും അറസ്റ്റും മന്‍മോഹന്‍സിംഗിന്റെ പ്രതിച്ഛായയെ താറടിച്ചേക്കാം. പ്രത്യേകിച്ചും പ്രധാനമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടാണ് ഇടപാട് നടന്നത് എന്ന ത്യാഗിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍.

പക്ഷെ ഇവിടെ ഒരു ആത്യന്തിക വിരോധാഭാസം നിലനില്‍ക്കുന്നുവെന്ന് അജാസ് അഷറഫ് നിരീക്ഷിക്കുന്നു. നോട്ട് നിരോധനം ഉയര്‍ത്തുന്ന വ്യാപകവും ആഴത്തിലുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ തിരിച്ചടികളും ഹെലിക്കോപ്റ്റര്‍ ഇടപാടുമായി താരതമ്യം ചെയ്യാനാവാത്ത അന്തരമുണ്ട്്. മാത്രമല്ല അഗതാ വെസ്റ്റ്ാലാന്റ് ആരോപണം മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ നീളുന്നത്, തീരാ ദുരിതങ്ങളിലേക്ക് ഒരു രാജ്യത്തെ തള്ളിവിട്ട ഒരു പ്രധാനമന്ത്രിയുടെ പ്രതികാരവാഞ്ചയായും വിലയിരുത്തപ്പെട്ടേക്കാം എന്നും അജാസ് അഷറഫ് വിലയിരുത്തുന്നു.