X

ഹിന്ദുത്വ ഭീഷണി വകവയ്ക്കാതെ രാവണനു വേണ്ടി യജ്ഞം നടത്താന്‍ ഒരു ഗ്രാമം

അഴിമുഖം പ്രതിനിധി

ഉത്തരേന്ത്യയിലെങ്ങും ദസറയോടനുബന്ധിച്ച് രാവണ പ്രതിമകള്‍ കത്തിക്കാനൊരുങ്ങുമ്പോള്‍ രാവണന്റെ മരണത്തില്‍ വിലപിക്കുന്ന ചടങ്ങുകളുമായി ഒരു ഗ്രാമം. ഡല്‍ഹിയില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെ ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള ബിസ്രാഖ് ഗ്രാമത്തിലാണ് രാവണനെ ആരാധിക്കുന്നത്. രാവണന്റെ ജന്മസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇവിടെയുള്ള ഒരു ക്ഷേത്രത്തില്‍ രാവണന്റെ പ്രതിമ സ്ഥാപിക്കാനുള്ള ഗ്രാമവാസികളുടെ ശ്രമം ചില ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞിരുന്നു.

 

ദുര്‍ഗാ ദേവിയുടെ വിജയം ആഘോഷിക്കുന്ന നവരാത്രി സമയത്ത് ഉത്തരേന്ത്യ ഉത്സവത്തിമിര്‍പ്പിലാകുമ്പോള്‍ രാവണന്റെ മരണത്തില്‍ ദു:ഖിക്കുകയാണ് ഈ ഗ്രാമത്തിലുള്ളര്‍ ചെയ്യുന്നത്. നവരാത്രിക്ക് പിറ്റേന്ന് വിജയദശമി ദിനത്തില്‍ മറ്റു സ്ഥലങ്ങളില്‍ രാവണ പ്രതിമകള്‍ കത്തിക്കുമ്പോള്‍ ഇവര്‍ രാവണന്റെ ഓര്‍മയ്ക്കായി മഹായജ്ഞം നടത്തുന്നു.

 

നവരാത്രി ആഘോഷിക്കുന്നത് രാവണന്റെ കോപം ക്ഷണിച്ചു വരുത്തുമെന്നാണ് 5,000-ത്തോളം ആളുകളുള്ള ഈ ഗ്രാമം കരുതുന്നത്. ശിവലിംഗ പ്രതിഷ്ഠയുള്ള ഇവിടുത്തെ ഒരു പുരാതന ക്ഷേത്രത്തില്‍ ഇന്ന് ഗ്രാമവാസികള്‍ മഹായജ്ഞം നടത്തും. ദസറ ദിനത്തില്‍ രാവണന്റെ ഓര്‍മയ്ക്കായി ഇവിടുത്തെ മറ്റ് ക്ഷേത്രങ്ങളിലും യജ്ഞങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇവിടെ ഈയിടെ പണികഴിപ്പിച്ച ശ്രീ ബാബാ മോഹന്‍ റാം മന്ദിറില്‍ രാവണന്റെ പ്രതിമ സ്ഥാപിക്കാനുള്ള ഗ്രാമവാസികളുടെ ശ്രമം കഴിഞ്ഞ ഓഗസ്റ്റ് 11-ന് ഹിന്ദുത്വ സംഘടനകള്‍ ചേര്‍ന്ന് തടഞ്ഞിരുന്നു.

 

 

പ്രതിമ സ്ഥാപിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഈ സംഘടനയിലെ ആളുകള്‍ ക്ഷേത്രത്തിലെത്തുകയും പ്രതിമ അടിച്ചു തകര്‍ക്കുകയും ചെയ്തു. രാവണനെ ആരാധിക്കുന്നത് ഹിന്ദു മതവിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമാക്കി ഗ്രാമവാസികളെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. തങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ പുതിയ പ്രതിമ ഇവിടെ സ്ഥാപിക്കുമെന്നാണ് ഗ്രാമവാസികള്‍ വ്യക്തമാക്കിയിട്ടുള്ളത്

 

ഹിന്ദുത്വ സംഘടനകളുടെ ഭീഷണി നിലവിലൂണ്ടെങ്കിലും മഹായജ്ഞം നടത്തുന്നതില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് ഗ്രാമമുഖ്യന്‍ അജയ് ഭാടി വ്യക്തമാക്കി. ഇത് തടയാന്‍ ആരു ശ്രമിച്ചാലും അതിനെ പ്രതിരോധിക്കാന്‍ ഗ്രാമവാസികള്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ സംഘടനകളുടെ ഭീഷണി ആദ്യമായാണ് ഇവിടെയുണ്ടാകുന്നതെന്നും എന്നാല്‍ ഭയം കൂടാതെ തന്നെ തങ്ങളെല്ലാം ഇതില്‍ പങ്കെടുക്കുമെന്നും ഗ്രാമവാസിയായ അമിത് ഭാടി പറഞ്ഞു. രാവണന്റെ ഭാര്യയായ മണ്ഡോദരി രാജസ്ഥാനിലെ മണ്ഡോര്‍ ഗ്രാമത്തില്‍ നിന്നാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെയും ദസറ ആഘോഷിക്കാറില്ല. അതിനു പകരം എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടുത്തെ ഒരു ക്ഷേത്രത്തില്‍ സ്ഥാപിച്ച രാവണ പ്രതിമയാണ് അവര്‍ ആരാധിക്കുന്നത്.