X

മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ കേന്ദ്ര പ്രതിരോധ മന്ത്രിയാകുമെന്നു സൂചന

ഫഡ്‌നാവസ് മാറിയാല്‍ ചന്ദ്രകാന്ത് പട്ടേല്‍ മുഖ്യമന്ത്രിയാകും

മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ കേന്ദ്ര പ്രതിരോധമന്ത്രിയായേക്കുമെന്നു സൂചന. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിനായി കേന്ദ്ര മന്ത്രി പദം രാജിവച്ചതോടെയാണു പുതിയ പ്രതിരോധമന്ത്രിയെ കണ്ടെത്തേണ്ടി വന്നിരിക്കുന്നത്. നിലവില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റിലിക്കാണു പ്രതിരോധ വകുപ്പിന്റെ അധിക ചുമതല. മോദി മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോഴും ജയ്റ്റ്‌ലിയായിരുന്നു ധനവും പ്രതിരോധവും കൈകാര്യം ചെയ്തിരുന്നത്. പിന്നീടാണു ഗോവ മുഖ്യമന്ത്രിയായിരുന്ന പരീക്കറെ കേന്ദ്ര മന്ത്രിസഭയിലേക്കു കൊണ്ടുവരുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപിയുടെ പ്രധാനമുഖമാണ് ഫഡ്‌നാവിസ്‌. രണ്ടുവര്‍ഷമായ ഫഡ്‌നാവിസ്‌
ഭരണത്തില്‍ ബിജെപിക്കു കൂടുതല്‍ മേല്‍ക്കൈയാണു സംസ്ഥാനത്ത് കിട്ടുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേടിയ വിജയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവും കൂടി കണക്കിലെടുത്താണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഫഡ്‌നാവിസിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ദേശീയരാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതും രണ്ടാമതൊന്നു ആലോചിക്കേണ്ട വിഷയമാണ്. എന്നാല്‍ പ്രതിരോധം പോലെ സുപ്രധാനമായൊരു വകുപ്പ് കൈകാര്യം ചെയ്യാന്‍ പ്രഗാത്ഭ്യമുള്ള ഒരാള്‍ തന്നെവേണം. പ്രത്യേകിച്ച് പാകിസ്താനുമായുള്ള ബന്ധം പുകഞ്ഞുനില്‍ക്കുന്ന സമയവും. പാക് അതിര്‍ത്തി കടന്നു നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബിജെപി തങ്ങളുടെ വിജയമായി മാറ്റിയെടുത്തിരുന്നു.

ഫഡ്‌നാവിസ്‌ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ പകരം റവന്യു മന്ത്രി ചന്ദ്രകാന്ത് പട്ടേല്‍ മുഖ്യമന്ത്രി പദത്തിലെത്തുമെന്നാണു സൂചന. എന്നാല്‍ ഫഡ്‌നാവസോ പാട്ടീലോ ഇക്കാര്യത്തില്‍ യാതൊരു പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം അരുണ്‍ ജയ്റ്റ്‌ലിക്കു പ്രതിരോധവകുപ്പ് നല്‍കി ഊര്‍ജ സഹമന്ത്രി പ്രിയേഷ് ഗോയലിനെ ധനമന്ത്രിയാക്കാനുള്ള ആലോചനയും മോദിക്കുണ്ടെന്നും ചില മാധ്യമവാര്‍ത്തകളുണ്ട്. നോട്ട് നിരോധന സമയത്ത് ജയ്റ്റിലിയുടെ പ്രകടനം മോശമായിരുന്നുവെന്ന പരാതി പ്രധാനമന്ത്രിക്കുണ്ടെന്ന് അറിയുന്നു. ഊര്‍ജവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ കാണിക്കുന്ന മികവ് ഗോയലിനെ പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരനാക്കുകയും ചെയ്തിട്ടുണ്ട്.