X

പ്രമേഹത്തോട് നമുക്ക് ”ബൈ” പറയാം; ചില ആയുര്‍വേദ വഴികള്‍

ആഘോഷവേളകളില്‍ മാത്രമല്ല നിത്യജീവിതത്തിലും ധാരാളം മധുരം കഴിക്കുന്നവരാണ് ഉത്തരേന്ത്യക്കാര്‍. ലഡുവും ജിലേബിയും ആഹാരത്തിന്റെ ഭാഗമാക്കിയ ഇവരേക്കാള്‍ പ്രമേഹത്തിന്റെ കാര്യത്തില്‍ മലയാളികളാണ് മുന്‍നിരയില്‍. കൊച്ചുകൂട്ടിയെന്നോ പ്രായായവരെന്നോ വ്യത്യാസവുമില്ലാതെ പ്രമേഹ രോഗികളുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നു. ജീവിതശൈലിയില്‍ മലയാളിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം വലിയ പങ്കാണ് ഇതില്‍ വഹിക്കുന്നത്.

ഇന്ന് സമൂഹത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. സമൂഹത്തിലെ ഏത് തട്ടിലുള്ളവരേയും എതു പ്രായത്തിലുള്ളവരേയും ബാധിക്കാവുന്ന ഒരു രോഗമായി ഇന്ന് പ്രമേഹം മാറിക്കഴിഞ്ഞു. ആയുര്‍വ്വേദം പ്രമേഹത്തിന് കാരണമായി കാണുന്നവ ഇവയാണ്. മധുരം, പുളി, ഉപ്പ് മുതലായ രസങ്ങളുള്ള ഭക്ഷണങ്ങള്‍, കൂടുതലായി തണുത്ത ഭക്ഷണങ്ങള്‍ പാല്‍, തൈര്, കൊഴുപ്പുള്ളതും ഗുരുത്വമുള്ളതും നെയ്യ് മയമുള്ളതുമായ ഭക്ഷണങ്ങള്‍ കരിമ്പ്, ശര്‍ക്കര, നെല്ല് മുതലായ ധാന്യങ്ങള്‍ ഇവ ചേര്‍ന്ന ഭക്ഷണങ്ങള്‍ വീഞ്ഞ്, ബിയര്‍ തുടങ്ങിയ പാനിയങ്ങള്‍ (ധാന്യത്തില്‍ നിന്നും പഴങ്ങളില്‍ നിന്നുമുണ്ടാക്കുന്ന മദ്യം) ഇവയെല്ലാം അധികമായി ഉപയോഗിക്കുക. സുഖമായി കൂടുതല്‍ നേരം ഉറങ്ങുകയും ഇരിക്കുകയും ചെയ്യുക. പകലുറക്കം, ശരിയായ രീതിയിലല്ലാതെ ഉറങ്ങുക. ക്രമാധികമായി ലൈംഗീകബന്ധം മുതലായവയും പ്രമേഹത്തിന് കാരണങ്ങളാണ്. ഇവയോടൊപ്പം തന്നെ ബീജദോഷം അതായത് പിതാവില്‍ നിന്നോ മാതാവില്‍ നിന്നോ ഉണ്ടാകുന്ന പ്രമേഹത്തേയും ആയൂര്‍വ്വേദം കാരണമായി പരിഗണിക്കുന്നു. ഭൂമിശാസ്ത്രപ്രകാരം ചിന്തിച്ചാല്‍ ജലസ്രോതസ്സുകള്‍ അധികമായുള്ള സ്ഥലത്ത് താമസിക്കുന്നവരില്‍ പ്രമേഹ സാധ്യതു കൂടുതലാണെന്ന് ആയുര്‍വ്വേദം ചൂണ്ടിക്കാണിക്കുന്നു. നദികളും കായലും വിശാലമായ കടല്‍ത്തീരമുള്ള കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഐസ്‌ക്രീം, ചോക്ലേറ്റ്, ഷെയ്ക്ക് തുടങ്ങി നീണ്ടുപോകുന്ന സമൂഹത്തിന്റെ പ്രിയഭക്ഷണങ്ങളില്‍ പാല്‍, പഞ്ചസാര മുതലായവയാണ് പ്രധാന ചേരുവകള്‍. കരിമ്പില്‍ നിന്നും കിട്ടുന്ന പഞ്ചസാര നമുക്ക് കിട്ടുന്ന രൂപത്തിലാക്കാന്‍ 24 ഓളം രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. അതും ശരീരത്തിന് ഹാനികരം തന്നെ. ഈ ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം തന്നെ പല രൂപത്തില്‍ പല രുചികളില്‍ ഇന്ന് ലഭ്യമാണ്. ഒപ്പം തന്നെ ബേക്കറികളുടേയും ഐസ്‌ക്രീം പാര്‍ലറുകളുടേയും എണ്ണത്തില്‍ വന്ന വര്‍ദ്ധനവ് സമൂഹത്തില്‍ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളോടുള്ള പ്രിയത്തെയാണ് സൂചിപ്പിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ഇന്ന് നമ്മുടെ നാട്ടില്‍ ലഭ്യമാണ്. എന്നാല്‍ നാം ചിന്തിക്കേണ്ട കാര്യം നമ്മുടെ കാലാവസ്ഥയ്ക്കും ശരീരഘടനയ്ക്കും അനുസരിച്ചുള്ള ഭക്ഷണമാണോ നാം കഴിയ്ക്കുന്നത് എന്നാണ്. അതാണ് രോഗാവസ്ഥയ്ക്ക് വഴിവെയ്ക്കുന്നതും.

ജീവിതം വേഗത്തില്‍ പോകുംതോറും അതിന് ഒപ്പം അനുകൂലമായ സാഹചര്യങ്ങള്‍ നാം സൃഷ്ടിക്കുന്നു. ഏതൊരു ജോലിക്കും സഹായകരമായ ഉപകരണങ്ങളും യന്ത്രങ്ങളും മനുഷ്യന്റെ അധ്വാനഭാരം ലഘൂകരിക്കുന്നു. ഇങ്ങനെയുള്ള സഹാചര്യം പ്രമേഹത്തിലേക്കുള്ള വഴിയാണ്. വ്യവസായമേഖലയും മറ്റും വികസിച്ചതിന്റെ ഫലമായി കൂടുതല്‍ സമയം ഇരുന്നുള്ള ജോലികളും അതുമായി ബന്ധപ്പെട്ട് അധികസമയ ജോലിയും രാത്രി ജോലിയും സമയം തെറ്റിയുള്ള ഉറക്കത്തിനും ക്രമം തെറ്റിയും  അധികമായിട്ടുള്ള ലൈംഗീകബന്ധത്തിന് വഴി വയ്ക്കുന്നു. ചെറിയദൂരം പോലും സഞ്ചരിക്കാന്‍ നടത്തത്തെ അവഗണിച്ച് വാഹനങ്ങളെ ആശ്രയിക്കുന്നതും പ്രമേഹത്തിന് ചൂണ്ടിക്കാട്ടാവുന്ന കാരണങ്ങളാണ്. ഇവയെല്ലാം ഓരോന്നായോ എല്ലാം കൂടിയോ സ്ഥിരമായി ശീലിക്കുന്നത് പ്രമേഹത്തിന് വഴിയൊരുക്കും.

പ്രമേഹത്തിന്റെ കാര്യത്തില്‍ നാം പലപ്പോഴും രോഗം ആദ്യഘട്ടത്തില്‍ അറിയാതെ പോകുന്നു. ആദ്യമൊക്കെ ശരീര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയാലും ആരും അതിനെ വകവയ്ക്കാറില്ല. അതു വളരെ കടുത്തതിനു ശേഷമോ അല്ലെങ്കില്‍ മറ്റേതെങ്കിലും രോഗത്തിനെ ചികിത്സിക്കേണ്ടി വരുമ്പോള്‍ അതു സംബന്ധമായി മൂത്രമോ രക്തമോ ടെസ്റ്റ് ചെയ്യേണ്ടി വരുമ്പോഴോ ആണ് പ്രമേഹം തിരിച്ചറിയുന്നത്. അല്ലെങ്കില്‍ മൂത്രം അധികമായി പോകാന്‍ തുടങ്ങുമ്പോഴും അധികമായി ക്ഷീണം തോന്നുമ്പോഴും നാം രക്തം ടെസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നത്. അധികമായ വിയര്‍പ്പും ശരീര ദുര്‍ഗന്ധവും കൈകാലുകളില്‍ പ്രത്യേകിച്ച് ഉള്ളംകാലിലും കൈയ്യിലും ചുട്ടുനീറ്റല്‍ എപ്പോഴും ഇരിക്കുന്നതിനും കിടക്കുന്നതിനും ഉറങ്ങുന്നതിനും താല്‍പര്യം തോന്നുക. വായ്ക്കു മധുര രസം, ദാഹവും അണ്ണാക്കും കഴുത്തും ഉണങ്ങുന്നതു പോലെയും തോന്നുക ഇവയെല്ലാം മൂത്രാതിസാരം അഥവാ പ്രമേഹത്തിന്റെ തുടക്കത്തില്‍ നാം തിരിച്ചറിയേണ്ട ലക്ഷണങ്ങളാണ്. മൂത്രം കൂടുതലായി പോകുമ്പോള്‍ അതിന്റെ രൂപത്തിന്റേ അടിസ്ഥാനത്തില്‍ പ്രമേഹത്തെ 20 ആയി ഗണിച്ചിരിക്കുന്നു.

വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ആയ്യുര്‍വ്വേദത്തില്‍ കഫദോഷം കൂടുതലായി ദുഷിക്കുന്ന രോഗമായിട്ടാണ് പ്രമേഹത്തെ പരിഗണിക്കുന്നത്. കഫവും മേദസും മൂത്രവും അമിതമാകുന്ന ഭക്ഷണവും ഇവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ആദ്യം കഫാധികമായി തുടങ്ങുന്ന പ്രമേഹം പിന്നീട് പിത്തത്തിന്റേയും അവസാനാവസ്ഥയില്‍ വാതത്തിന്റെ പിടിയില്‍ അമരുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ശരീരം അധികമായി ക്ഷീണിക്കുകയും ഉറക്കമില്ലായ്മ, ചുമ മുതലായ ഉപദ്രവങ്ങളോടു കൂടിയതായും വരുന്നു. ഈ അവസ്ഥയില്‍ ഇവ ചികിത്സയ്ക്ക് അതീതമാണ്. അതിനാല്‍ പ്രമേഹം ആദ്യ അവസ്ഥയില്‍ തന്നെ തിരിച്ചറിയുന്നത് ചികിത്സയ്ക്ക് അനുകൂലമായിരിക്കും. പ്രമേഹരോഗികളെ സ്ഥൂലന്‍ (തടിച്ചവന്‍) ബലവാന്‍ എന്നും കൃശന്‍ (മെലിഞ്ഞവന്‍), ദുര്‍ബലന്‍ എന്നും ചികിത്സയ്ക്കായി രണ്ടായി തരം തിരിയ്ക്കുന്നു. സ്ഥൂലനും, ബലവാനും ആയവര്‍ക്ക് സ്‌നേഹപാനം ചെയ്ത് വമനം, വിരേചനം, വസ്തി മുതലായ പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്യാവുന്നതാണ്. കൃശനും, ദുര്‍ബലനും ആയവര്‍ക്ക് രോഗത്തെ ശമിപ്പിക്കുന്ന ഔഷധങ്ങള്‍ നല്‍കാവുന്നതാണ്. ശരീരപ്രകൃതി, ദോഷം ജീവിക്കുന്ന ദേശം ഇവയുടെ അടിസ്ഥാനത്തില്‍ കഷായങ്ങള്‍, ചൂര്‍ണ്ണങ്ങള്‍, ഗുളികകള്‍, ഘൃതങ്ങള്‍, തലയിലും ദേഹത്തും തേയ്ക്കാവുന്ന തൈലങ്ങള്‍ മുതലായ ഒട്ടനേകം ഔഷധങ്ങള്‍ പ്രമേഹ ചികിത്സയ്ക്ക് ഫലപ്രദമായി ആയ്യുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്നു. അരിഷ്ടങ്ങളും ലേഹ്യങ്ങളും പൊതുവേ ഉപയോഗം കുറയ്ക്കുന്നത് അവ പഞ്ചസാര, ശര്‍ക്കര അടങ്ങിയവ ആയതുകൊണ്ടാണ്. എങ്കിലും തേന്‍ ചേര്‍ത്ത അരിഷ്ടങ്ങളും അയസ്‌കൃതി, ലോധ്രാസവം മുതലായവയും ദേഹവും ദോഷവും ദേശവും അനുസരിച്ച് ഉപയോഗിക്കുന്നതാണ്. അതോടൊപ്പം തക്രധാര, പാദാഭൃംഗം മുതലായവയും ചെയ്യാറുണ്ട്.

”രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ വരാതെ നോക്കുന്നതാണ് നല്ലത്” എന്ന ചൊല്ല് പ്രമേഹത്തെ സംബന്ധിച്ച് വളരെ ശരിയാണ്. നമ്മുടെ ജീവിത ശൈലിയാണ് പ്രമേഹരോഗത്തിന് ഒരുപരിധി വരെ കാരണമാവുന്നത്. വേഗതയേറിയ ജീവിതത്തോടൊപ്പം ഓടിയെത്താന്‍ ശ്രമിക്കുന്ന നമുക്ക് ഭക്ഷണപദാര്‍ത്ഥങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. മാത്രമല്ല ഏതെങ്കിലും ഒരു ജീവിതശൈലി രോഗം വന്നാല്‍ രാവിലെയോ വൈകിട്ടോ കുറച്ചു ദൂരം നടക്കാനും വ്യായാമം ചെയ്യാനും തയ്യാറാക്കുന്ന നാം എന്തുകൊണ്ട് ജോലിയോടൊപ്പം കുറച്ചു സമയം ഇതിനായി മാറ്റിവച്ചു കൂടാ! ഇത് നമുക്ക് ചിന്തിക്കാവുന്ന കാര്യമാണ് ഔഷധം വാങ്ങാന്‍ പോലും കഴിയാത്ത നിര്‍ദ്ധനനായ പ്രമേഹരോഗിയ്ക്ക് ആയുര്‍വ്വേദം അനുശാസിക്കുന്ന ചികിത്സ കുടയും ചെരിപ്പുമില്ലാതെ ദീര്‍ഘദൂരം നടന്നു പോവുകയും ജലാശയങ്ങള്‍ മുതലായവ സ്വയം വെട്ടിക്കുഴിയ്ക്കുകയുമാണ്.  ഇന്നാവട്ടെ നാം ചെയ്യേണ്ടത് ജോലിയോടൊപ്പംതന്നെ അല്‍പ്പം സമയം നടക്കാനോ വ്യായാമം ചെയ്യാനോ മാറ്റിവയ്ക്കുക എന്നതാണ്. ഒപ്പം മാനസിക സന്തോഷവും അധ്വാനവും ഉള്ള കൃഷി മുതലായവും ചെയ്യാവുന്നതാണ്. അതായത് വെറുതേയിരിക്കാതെ ശരീരം വിയര്‍ത്ത് അധ്വാനിക്കുന്ന വ്യക്തിക്ക് പ്രമേഹരോഗം ഒരു പരിധിവരെ തടയാനാവും എന്ന് വ്യക്തം.

പഞ്ചസാര, ശര്‍ക്കര മുതലായവ ഉപേക്ഷിച്ച് മധുരത്തിന് മാര്‍ഗങ്ങള്‍ തേടുക. നാരടങ്ങിയതും ഇലക്കറികളും കൂടുതലായി ഉപയോഗിക്കുക. ഗോതമ്പ്, മോര്, ചെറുപയര്‍, കയ്പ്പുള്ള പച്ചക്കറികള്‍, പടവലം, മുരിങ്ങയ്ക്കാ, കോളിഫ്‌ളവര്‍ തുടങ്ങിയവ മുട്ടയുടെ വെള്ള തുടങ്ങിയവ പ്രമേഹ രോഗിയ്ക്ക് ശീലിക്കാവുന്ന ഭക്ഷണങ്ങളാണ്. അതോടൊപ്പം ഭാരം ശരിയായ രീതിയില്‍ ക്രമീകരിക്കുക, കൃത്യമായ ഔഷധോപയോഗം, ശരിയായ വ്യായാമം പ്രത്യേകിച്ചും യോഗാസനങ്ങള്‍, സൂര്യനമസ്‌ക്കാരം, ഡൈനാമിക് എക്‌സര്‍സൈസുകള്‍, പ്രാണായാമം,ധ്യാനം മുതലായവ ശീലിക്കുക. ഇവയെല്ലാം പ്രമേഹം വന്നുപോയാല്‍ ചെയ്യേണ്ടവയാണ്.

പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങള്‍, മധുരപദാര്‍ത്ഥങ്ങള്‍, ഐസ്‌ക്രീം, ചോക്ലേറ്റുകള്‍ മുതലായവ പാല്‍, തൈര് മുതലായവ എണ്ണ, വറുത്ത ഭക്ഷണങ്ങള്‍, ചക്ക, മാങ്ങ മുതലായവ പഴങ്ങള്‍, അരി, മൈദ തുടങ്ങിയവ മുട്ടയുടെ മഞ്ഞ, വീഞ്ഞ്, ബിയര്‍, തേങ്ങാവെള്ളം, ചുവന്നമാംസം മുതലായവ പകലുറക്കം, മദ്യപാനം, പുകവലി തുടങ്ങിയവയെല്ലാം പൂര്‍ണ്ണമായും നിയന്ത്രണത്തില്‍ വയ്‌ക്കേണ്ടത് പ്രമേഹത്തിന് നല്ലതാണ്.

ജീവിത സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കില്‍ കൂടിയും പ്രമേഹം വന്നവര്‍ മേല്‍പറഞ്ഞവ നിയന്ത്രിച്ചുകൊണ്ട് ഔഷധ പ്രയോഗത്തിലൂടെയും വരാത്തവര്‍ ശ്രദ്ധിക്കുകയും ചെയ്യുകയാണെങ്കില്‍ പ്രമേഹം എന്ന രോഗം നമുക്ക് നമ്മുടെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താവുന്നതാണ്. ഏതൊരു സമ്പത്തിനേക്കാളും വലിയ സമ്പത്ത് ആരോഗ്യമാണ്. ആരോഗ്യം നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടമാവും. അതു മനസ്സിലാക്കിക്കൊണ്ട് വേഗതയേറിയ ജീവിതത്തോടൊപ്പം ആരോഗ്യമുള്ള മനസ്സും ശരീരവും സ്വന്തമാക്കുക എന്നത് അനിവാര്യമാണെന്നുള്ള ചിന്തയോടു കൂടി മുന്നോട്ടു പോയാല്‍ പ്രമേഹം പോലുള്ള രോഗത്തെ വിജയിക്കാന്‍ സാധിക്കും.

ജീവിതശൈലി രോഗങ്ങളില്‍ നിങ്ങള്‍ക്കുള്ള സംശയം ഡോ.ഭവ്യ വിഷ്ണുവുമായി പങ്ക് വയ്ക്കാം. അയക്കേണ്ട ഇ-മെയില്‍ വിലാസം : drbhavya15@gmail.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

 

 

This post was last modified on December 16, 2016 12:12 pm