X

വീട്ടമ്മയില്‍ നിന്ന് യുപി രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍; ഡിംപിള്‍ എന്ന താരോദയം

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയായ ഡിംപിള്‍ യാദവിനെ ഇനിയാര്‍ക്കും അത്രവേഗത്തില്‍ തള്ളിക്കളയാനാവില്ല

മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് വാദി നേതാവുമായ മായാവതിയെ തിരഞ്ഞടുപ്പ് പ്രചാരണത്തിലും റാലികളിലും പിന്തള്ളി യുപിയില്‍ ഏറ്റവും മുന്നിലെത്തിയ വനിത പ്രചാരക മാത്രമായിരുന്നില്ല 39-കാരിയായ ഡിംപിള്‍ യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി നേരിട്ട അവര്‍, ‘കസബ്’ എന്നത് കോണ്‍ഗ്രസ്-എസ്പി-ബിഎസ്പിയുടെ ചുരുക്കപ്പേരാണെന്ന് പറഞ്ഞ ഭാരതീയ ജനത പാര്‍ട്ടി അധ്യക്ഷന്റെ വാക്കുകളെ കൃത്യമായി തിരിച്ചിട്ടുകൊടുക്കുകയും ചെയ്തു.

സമാധാനപരമായ സഹവര്‍ത്തിത്വത്തിന് അടിവരയിട്ടുകൊണ്ട് അവര്‍ ‘കസബിന്’ പുതിയ ഭാഷ്യം ചമച്ചതോടെ ഷാ തന്റെ പ്രയോഗം തുടര്‍ന്ന് ഉപയോഗിക്കുന്നത് നിറുത്തി എന്ന് മാത്രമല്ല, അവരുടെ പ്രയോഗം അഖിലേഷ് തന്റെ റാലികളില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുകയും ചെയ്തു.

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയായ ഡിംപിളിനെ ഇനിയാര്‍ക്കും അത്രവേഗത്തില്‍ തള്ളിക്കളയാനാവില്ലെന്നാണ് അവരുടെ ആരാധകര്‍ പറയുന്നത്. തന്റെ കൈകളും കണ്ണുകളും വിദഗ്ധമായി ഉപയോഗിച്ചുകൊണ്ട് ഒരോ റാലിയിലും അവര്‍ മുന്നൊരുക്കമില്ലാതെ വാഗ്മിത്വത്തോടെ സംസാരിച്ചു.

അവരുടെ ആവിര്‍ഭാവം യുടൂബിലും ശ്രദ്ധിക്കപ്പെട്ടു. ആര്‍പ്പുവിളികളും കൈയ്യടികളും ‘ഡിംപിള്‍ ചേച്ചി, ജയത്തിന്റെ താക്കോല്‍,’ തുടങ്ങിയ മുദ്രാവാക്യങ്ങളും ആകര്‍ഷിക്കുന്ന വളരെ വൈദഗ്ധ്യമുള്ള രാഷ്ട്രീയ നേതാവായുള്ള അവരുടെ മാറ്റത്തിന്റെ വീഡിയോകള്‍ ഇപ്പോള്‍ യുടൂബില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

രാഷ്ട്രീയത്തില്‍ അത്ര നല്ല തുടക്കമായിരുന്നില്ല ഡിംപിളിന്റെത്. 2009ല്‍ അഖിലേഷ് യാദവ് സ്ഥാനമൊഴിഞ്ഞ ഫിറോഷാബാദ് ലോക്‌സഭ സീറ്റില്‍ അവര്‍ കോണ്‍ഗ്രസിന്റെ രാജ് ബാബറിനോട് തോറ്റു. എന്നാല്‍ 2012 അഖിലേഷ് തന്നെ സ്ഥാനം ഒഴിഞ്ഞ കനൗജ് ലോക്‌സഭ സീറ്റില്‍ അവര്‍ മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

2017ലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറങ്ങുന്ന ചടങ്ങളില്‍ ആദ്യമായി ചുവന്ന എസ്പി തൊപ്പിയണിഞ്ഞ അവര്‍ ഇന്നതിനെ ജനങ്ങള്‍ അനുകരിക്കുന്ന ഒരു മാതൃകയാക്കി മാറ്റിയിരിക്കുന്നു.

1995ല്‍ ഒരു ചടങ്ങിനിയില്‍ കണ്ടുമുട്ടിയ ഡിംപിള്‍ റാവത്തും അഖിലേഷ് യാദവും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. ഉന്നത സാങ്കേതിക പഠനത്തിനായി അഖിലേഷ് ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. 1999 നവംബറില്‍ അവര്‍ വിവാഹിതരായി.

മാസങ്ങള്‍ക്ക് ശേഷം, കനൗജില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഖിലേഷ് തന്റെ ആദ്യത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയം നേടി. പാര്‍ട്ടിയുടെ പടികള്‍ ചവിട്ടി അഖിലേഷ് മുകളിലേക്ക് കയറുമ്പോഴും ഒരു കുലീന യാദവ മരുമകളായി ഡിംപിള്‍ തുടര്‍ന്നു.

2017 ഫെബ്രുവരി എട്ടുവരെ തനിക്ക് വേണ്ടിയിട്ടല്ലാതെ ഡിംപിള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല. ആദ്യം ഫിറോഷാബാദിലും പിന്നീട് 2012ല്‍ കനൗജയിലും. അതുവരെ അവര്‍ ഒരു തിരഞ്ഞെടുപ്പ് റാലിയിലും പ്രസംഗിച്ചിരുന്നില്ല. കുടുംബവഴക്കില്‍ അഖിലേഷ് വിജയിയാവുകയും പാര്‍ട്ടി പിതാമഹന്‍ മുലായം സിംഗ് യാദവിനെ തന്റെ നിഴലിലാക്കുകയും ചെയ്ത ശേഷമാണ് അവര്‍ പുറത്തേക്ക് വരുന്നത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ അവര്‍ ഏകദേശം 55 റാലികളെ അഭിസംബോധന ചെയ്തു.

ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അവര്‍ പങ്കെടുത്ത ആദ്യ റാലി സൂക്ഷ്മമായി ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു. ഫെബ്രുവരി എട്ടിന് ബാഗിലെ (ആഗ്ര) പാര്‍ട്ടി സ്ഥാനാര്‍ത്ഥി അന്‍ഷു റാണി നിഷാദിന് വേണ്ടി നടന്ന റാലിയില്‍ ഡിംപിളിനെ അവതരിപ്പിക്കാന്‍ പാര്‍ട്ടി എംപി ജയ ബച്ചനെ അഖിലേഷ് ചുമതലപ്പെടുത്തി. ‘ഡിംപിള്‍ നിങ്ങളുടെ മരുമകളാണ്, അവര്‍ക്ക് വിജയം സമ്മാനിക്കൂ,’ എന്ന് ജയ ബച്ചന്‍ പറഞ്ഞതിന് ശേഷം ഡിംപിള്‍ വേദി ഏറ്റെടുത്തു.

വരാണസിയുടെ തെരുവുകളില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും സംയുക്തമായി നടത്തിയ രഥയാത്രയില്‍ പ്രത്യേക ക്ഷണിതാവായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് അവരുടെ പ്രചാരണ പരിപാടികള്‍ അവസാനിച്ചത്. അവരായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. അവരുടെ ആകര്‍ഷണശക്തിയും സംസ്‌കാരസമ്പന്നമായ ഭാഷയുമാണ് അവരെ അതിന് സഹായിച്ചത്.

 

This post was last modified on March 9, 2017 12:33 pm