X

തകരക്കൂടുകളില്‍ ചില നേപ്പാള്‍ ജീവിത ചിത്രങ്ങള്‍

ഏപ്രിലില്‍ നേപ്പാളിലുണ്ടായ ഭൂകമ്പം ഏറ്റവുമധികം ഉലച്ചത് സിന്ധുപാല്‍ ചോക്ക് ജില്ലയെയാണ്. ഇവിടെ ഷിംലിങ് ബേഷിയിലെ താല്‍ക്കാലിക പുനരധിവാസകേന്ദ്രത്തില്‍ നവോമി മിഹാരയും റിതു പഞ്ചലും കണ്ട ജീവിതം.

‘ഗ്രാമത്തിലെ മുഴുവന്‍ വീടുകളും ഭൂമികുലുക്കത്തില്‍ തകര്‍ന്നു’, രാം ശരന്‍ പരജുലി ഓര്‍മിക്കുന്നു. ‘ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ല എന്നത് അത്ഭുതം തന്നെയാണ് ‘.

രാം ശരന്റെ വീട് നിന്ന സ്ഥലത്തായിരുന്നു ഞങ്ങള്‍. ഇപ്പോള്‍ അവിടെ മണ്ണും കല്ലും തടിക്കഷണങ്ങളും മാത്രം. ‘ഇവിടെ നാലു വീടുകളുണ്ടായിരുന്നു. എല്ലാം തകര്‍ന്നു.’

ഇരുപത്തിനാലുകാരനായ രാം ശരന്‍ കാഠ്മണ്ഡുവില്‍ ഭൗതികശാസ്ത്ര വിദ്യാര്‍ഥിയാണ്. നേപ്പാളില്‍ ഏറ്റവും നീണ്ടുനില്‍ക്കുന്നതും വിശുദ്ധമെന്നു കരുതുന്നതുമായ ദഷൈന്‍ ആഘോഷത്തിനെത്തിയ രാം ശരന്റെയും ഗ്രാമത്തിലെ മറ്റുള്ളവരുടെയും ഇത്തവണത്തെ ഉല്‍സവാഘോഷം  ഷിംലിങ് ബേഷിയിലെ പുനരധിവാസകേന്ദ്രത്തിലാണ്.

80 വര്‍ഷത്തിനിടെ നേപ്പാള്‍ കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് ആറുമാസം തികയുന്ന സമയത്താണ് തിന്മയുടെമേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന ദഷൈന്‍ പുതുപ്രതീക്ഷയുമായി എത്തുന്നത്.

പുതുവസ്ത്രങ്ങള്‍ ധരിച്ച്, നെറ്റിയില്‍ തിലകമണിഞ്ഞ് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പുരുഷന്മാരും സ്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞ ബസിലാണ് ഞങ്ങള്‍ സിന്ധുപാല്‍ചോക്കിലേക്കു പുറപ്പെട്ടത്. വളഞ്ഞുപുളഞ്ഞ മലമ്പാതകളിലൂടെ കയറുമ്പോള്‍ അധികഭാരം താങ്ങാനാകാതെ ബസ് ആടിയുലഞ്ഞു. യാത്ര അപകടകരമായിരുന്നു. പക്ഷേ, വഴിയരികിലെ ദുര്‍ബലവും പകുതിയോ മുഴുവനോ ആയി നശിപ്പിക്കപ്പെട്ടതുമായ ചെറിയ വീടുകള്‍ കാണുമ്പോള്‍ നേപ്പാളിന്റെ ഈ ഭാഗത്ത് അപകടസാധ്യത എന്നത് ദൈനംജിന ജീവിതത്തിന്റെ ഭാഗമാണെന്നു മനസിലാകും.

ഭൂകമ്പത്തില്‍ തകര്‍ന്ന സിന്ധുപാല്‍ ചോക്കിലെ അനേകം ഗ്രാമങ്ങളില്‍ ഒന്നുമാത്രമാണ് ഷിംലിങ് ബേഷി. കനത്ത നാശം നേരിട്ട വീടുകളൊന്നും തന്നെ വാസയോഗ്യമല്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് ഈ ജില്ലയാണ്. 3,500പേരാണ് ഇവിടെ മരിച്ചത്. 64000 വീടുകള്‍ – ആകെയുള്ളതിന്റെ 90 ശതമാനം – വാസയോഗ്യമല്ലാതായി.

ഏറ്റവും കൂടുതല്‍ ദുരന്തം നേരിട്ടവരില്‍ രണ്ടാം സ്ഥാനത്തുള്ള മാന്‍ഘ ഗ്രാമവികസന സമിതിയുടെ ഭാഗമാണ് ഷിംലിങ് ബേഷി. 7500 ലധികം പേര്‍ക്കാണ് സമിതിയുടെ അടിയന്തരസഹായം വേണ്ടിയിരുന്നത്.

ദുരന്തത്തിന് ആറുമാസത്തിനുശേഷം ഗ്രാമത്തില്‍ ഒരു രാത്രി കഴിയാനുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. ഗ്രാമവാസികളുടെ ജീവിതം നേരിട്ടറിയാനുള്ള യാത്ര.

ഖാഡിചൗര്‍ ടൗണില്‍നിന്ന് കയറ്റം കയറിയതോടെ പച്ചപ്പിനിടയില്‍ തലപൊക്കിനില്‍ക്കുന്ന തകരമേല്‍ക്കൂരകള്‍ കണ്ടുതുടങ്ങി. ദുരന്തം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഗ്രാമീണര്‍ തന്നെ നിര്‍മിച്ചവയാണ് ഈ തകരക്കൂടാരങ്ങള്‍. ഭൂകമ്പത്തില്‍ നശിച്ചുപോയ സ്വന്തം വീടുകളില്‍നിന്നുള്ള ലോഹഭാഗങ്ങളും വനത്തില്‍ നിന്നുള്ള മുളയുമാണ് ഇതിന് ഉപയോഗിച്ചത്.

‘ഭൂകമ്പത്തിനുശേഷം മഴക്കാലമായിരുന്നു. മണ്ണിടിയുമോ എന്ന ഭയമായിരുന്നു ആളുകള്‍ക്ക് ‘ , രാം ശരന്‍ പറഞ്ഞു. ‘കടുത്ത ചൂടിലും ഒരേ സമയം രണ്ടെണ്ണം എന്ന കണക്കില്‍ തകരപ്പാളികള്‍ ഞങ്ങളുടെ പഴയ വീട്ടില്‍നിന്ന് ചുമന്നുകൊണ്ടുവരേണ്ടി വന്നു’.

തകരപ്പാളികളുള്ള ആറുനിര വീടുകള്‍ക്കുശേഷം കാണുന്നത് മൂന്ന് താല്‍ക്കാലിക സ്‌കൂള്‍ കെട്ടിടങ്ങളാണ്. ഭൂകമ്പം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ എന്‍ജിഒകള്‍ നിര്‍മിച്ചതാണിവ. കുറച്ചു തകരപ്പാളികളും ഓരോ കുടുംബത്തിനും 25 കിലോ അരിയുമല്ലാതെ മറ്റൊരു ദുരിതാശ്വാസവും സര്‍ക്കാരില്‍നിന്ന് ഇവിടെ എത്തിയില്ല.

ഈ സമൂഹത്തിന്റെ അവസ്ഥയില്‍ ദുഃഖിക്കാതിരിക്കാതെ വയ്യെങ്കിലും ഷിംലിങ് ബേഷി സജീവമായിരുന്നു. കാര്‍ഡ് കളിക്കുന്ന കുട്ടികള്‍, ചെറുപ്പക്കാരുടെ നെറ്റിയില്‍ തിലകമണിയിക്കുന്ന മുതിര്‍ന്നവര്‍, ദഷൈനുവേണ്ടി തയാറാക്കിയ ഒരു കൂറ്റന്‍ ഊഞ്ഞാല്‍.


രാം ശരന്‍ പരജുലി 

അല്‍പമകലെയുള്ള കുന്നില്‍ അവരുടെ പഴയ ഗ്രാമം വളരെ മാറിപ്പോയിരുന്നു. ആറുമാസം കൊണ്ട് ഗ്രാമത്തെ വനം അതിന്റെ ഭാഗമാക്കിക്കഴിഞ്ഞു. വഴികളെല്ലാം പായലും പുല്ലുംമൂടി. വീടുകളുടെ അവശിഷ്ടങ്ങളില്‍ നിറയെ വള്ളിച്ചെടികളും പൂക്കളും.

പ്രസരിപ്പ് നിറഞ്ഞ ഒരു ഗ്രാമമായിരുന്നു ഇതെന്നു വിശ്വസിക്കാന്‍ പ്രയാസം. ഈ മണ്‍കൂനകള്‍ ജീവന്റെ തുടിപ്പ് നിറഞ്ഞ വീടുകളായിരുന്നു. ഇവിടെ കുഞ്ഞുങ്ങള്‍ ജനിച്ചു; മുതിര്‍ന്നവര്‍ ജീവിതം പൂര്‍ത്തിയാക്കി. ഇന്ന് ഇവിടെ ഒന്നുമില്ല; അധിവാസത്തിന്റെ പ്രേതമല്ലാതെ.

സ്വന്തം ഭൂമി വിട്ടുപോകാന്‍ ആഗ്രഹിക്കാതെ, നശിച്ചുപോയ വീടുകള്‍ക്കടുത്തുതന്നെ കൂടാരം കെട്ടി താമസിക്കുന്ന നാലുകുടുംബങ്ങള്‍ ഉണ്ട് കുന്നിനു താഴെ. മലമുകളില്‍നിന്നു വീണ കല്ലുകള്‍ക്കു മുകളിലൂടെ ഞങ്ങള്‍ അവിടേക്കു നടന്നു. ഏതുസമയവും ഉണ്ടാകാവുന്ന മണ്ണിടിച്ചിലിനെ അവര്‍ക്കു ഭയമില്ലേ?

‘മഴക്കാലത്ത് ഞാന്‍ ഉറങ്ങാറില്ല’, സരസ്വൊതി പൗഡെല്‍ പറഞ്ഞു. ‘എങ്കിലും ഞങ്ങളുടെ ഭൂമിയും മൃഗങ്ങളെയും ഉപേക്ഷിക്കാന്‍ എനിക്കാവില്ല’.

ഒരു നല്ല വീട് – എല്ലാവരും ആഗ്രഹിക്കുന്നത് അതാണ്. ഇത് സ്വയം യാഥാര്‍ത്ഥ്യമാക്കാന്‍ അവരെക്കൊണ്ടാകില്ല. ഞങ്ങളുടെ യാത്രയില്‍ എല്ലായിടത്തുനിന്നും കേട്ടത് കുറച്ചുകൂടി നല്ല ഒരു താമസസ്ഥലമെന്ന സ്വപ്‌നത്തെപ്പറ്റിയാണ്.

രാത്രിയായതോടെ ഞങ്ങള്‍ ‘പുതിയ ഗ്രാമ’ത്തിലേക്കു മടങ്ങി. രാം ശരന്റെ അമ്മ രാധ ഞങ്ങള്‍ക്കു ഭക്ഷണം വിളമ്പി. ചോറും പരിപ്പും ഉരുളക്കിഴങ്ങുമടങ്ങുന്ന ഭക്ഷണം. എല്ലാം സ്വയം കൃഷി ചെയ്തത്.  കൃഷി ഇപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. കാരണം അവരുടെ ഭൂമി ഇപ്പോഴത്തെ താമസസ്ഥലത്തുനിന്ന് വളരെ ദൂരെ പഴയ വീടിനടുത്താണ്.

കൂടാരത്തിനു പുറത്ത് ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്ക് ഞങ്ങള്‍ തണുത്തുവിറച്ചുതുടങ്ങി. നേപ്പാളില്‍ പകല്‍, രാത്രി താപനിലകള്‍ തമ്മില്‍ വന്‍വ്യത്യാസമുണ്ട്. പകല്‍ കടുത്ത ചൂടിന്റേതായിരുന്നു; രാത്രി കൊടുംതണുപ്പിന്റേതും. വരാനിരിക്കുന്നത് തണുപ്പുകാലമാണ്. തകരപ്പാളികള്‍ക്കുള്ളില്‍ തണുപ്പിന്റെ ആക്രമണം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഒരു ഇരട്ടക്കിടക്കയ്ക്ക് നിറയ്ക്കാവുന്ന സ്ഥലമേ കൂടാരങ്ങളിലുള്ളൂ. പിന്നെ രണ്ട് അലമാരകള്‍, ഒരു ഡ്രസര്‍. നിറപ്പകിട്ടുള്ള വസ്ത്രങ്ങള്‍ കൂടാരഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നു. ആതിഥേയര്‍ തന്ന കട്ടിയുള്ള കമ്പിളിപ്പുതപ്പിനടിയില്‍ ഞങ്ങള്‍ ഉറങ്ങി; അടുത്തുള്ള വീടുകളില്‍നിന്ന് ഇരമ്പിയെത്തുന്ന ടിവി ശബ്ദങ്ങള്‍ കേട്ട്.

ഒരു ഗ്രാമം ഉണരുന്നതുകേട്ടാണ് ഞങ്ങള്‍ ഉറക്കം വിട്ടത്. പാത്രങ്ങളുടെ ശബ്ദം. റേഡിയോ. കത്തുന്ന കല്‍ക്കരിയുടെ ഗന്ധം. പ്രഭാതജോലികള്‍ തുടങ്ങുന്ന ആളുകള്‍. അവരില്‍ വളരെപ്പേര്‍ പഴയ വാസസ്ഥലത്തേക്കു പുറപ്പെട്ടുകഴിഞ്ഞിരുന്നു. കൃഷിസ്ഥലവും മൃഗങ്ങളെയും നോക്കാന്‍. പച്ചക്കറികള്‍ കൊണ്ടുവരാന്‍. അകലെയുള്ള ഒരു ടാപ്പില്‍നിന്ന് വെള്ളമെടുക്കാന്‍ പലതവണ പോയിവരികയായിരുന്നു മറ്റു ചിലര്‍.

‘അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ഞങ്ങള്‍ക്കാകുന്നില്ല’, നികേഷ് പരജുലി എന്ന പതിനാറുകാരന്‍ പറഞ്ഞു. ‘വീടു പണിയുക എന്നത് വിദൂര സ്വപ്‌നം മാത്രം’.

പഠനം മുടങ്ങുന്നതാണ് നികേഷിന്റെ ഏറ്റവും വലിയ ദുഃഖം. ഞെങ്ങിഞെരുങ്ങിയ കൂടാരങ്ങളില്‍ ബഹളങ്ങള്‍ക്കിടയില്‍ പഠനത്തെപ്പറ്റി ചിന്തിക്കാന്‍പോലും നികേഷ് ധൈര്യപ്പെടുന്നില്ല.

പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ”കുറച്ചുകാലം ഇവിടെ താമസിക്കേണ്ടിവരുന്നതില്‍ ഞങ്ങള്‍ക്കു വിഷമമില്ല. ഇത് താല്‍ക്കാലികം മാത്രമാണ് ”, ആഘോഷത്തിനായി വീട്ടില്‍ തിരിച്ചെത്തിയ സുഭാഷ് ഭട്ടറായി എന്ന വിദ്യാര്‍ഥി പറഞ്ഞു.

ഇത്ര ഉറപ്പോടെ എങ്ങനെ പറയാനാകും?

‘പ്രതീക്ഷകളിലാണല്ലോ എല്ലാം’, രാം ശരണ്‍ ലളിതമായി പൂര്‍ത്തിയാക്കി.

ദുരന്തബാധിതരായ ഓരോ കുടുംബത്തിനും രണ്ടുലക്ഷം രൂപ വീതം നല്‍കുമെന്ന് ഏപ്രിലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആറുമാസത്തിനിപ്പുറവും ഈ പ്രഖ്യാപനം നടപ്പാകുന്നതു കാത്തിരിക്കുകയാണ് ഗ്രാമവാസികള്‍. മറ്റു രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ള നാലുബില്യണ്‍ ഡോളറില്‍നിന്നാണ് ഈ സഹായം വരേണ്ടത്. ഇതു വിതരണം ചെയ്യേണ്ട ദേശീയ പുനരുദ്ധാരണ അതോറിറ്റി ഇപ്പോഴും ജോലി തുടങ്ങുന്നതേയുള്ളൂ.

സര്‍ക്കാരിനോടുള്ള നിരാശയും അമര്‍ഷവും പ്രകടമാണ്. വീടു പുതുക്കിപ്പണിയാന്‍ സഹായമെന്ന പേരില്‍ 15,000 രൂപ മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഈ തുക പഴയവീടിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നതിന്  ചെലവായിക്കഴിഞ്ഞതായി മദന്‍ കൃഷ്ണ അധികാരി എന്ന ഗ്രാമവാസി പറഞ്ഞു.

‘സര്‍ക്കാര്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായെടുക്കുന്നില്ല. ഭൂകമ്പ പ്രതിരോധശക്തിയുള്ള വീടുകളുടെ രൂപരേഖ പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല’, മദന്‍ കൃഷ്ണ പറയുന്നു. വീടു പണിയാനുള്ള പണത്തിനൊപ്പം സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണവസ്തുക്കളുടെ ലഭ്യതക്കുറവും മദന്‍ കൃഷ്ണയെ അലട്ടുന്നു.


ബാല്‍കുമാരി പരജുലിയും കൊച്ചുമകളും

മറ്റൊരു വീടിന്റെ അവശിഷ്ടങ്ങള്‍ കടന്നുപോകുമ്പോഴാണ് ഇവിടെയെത്തിയശേഷം ആദ്യമായി ഒരു തുടര്‍ഭൂചലനം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. അവശിഷ്ടങ്ങള്‍ക്കടുത്തുള്ള തകരക്കൂടാരത്തില്‍ നിന്ന് അപ്പോള്‍ പുറത്തുവന്ന അമ്മൂമ്മയുടെ കൈകളിലേക്ക് ഒരു കൊച്ചു പെണ്‍കുട്ടി ഓടിയെത്തി. തുടര്‍ചലനങ്ങള്‍ ഇവിടെ പതിവാണെന്ന് ഗ്രാമീണര്‍ പറയുന്നു. മറ്റൊരു ഭൂകമ്പം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നതിന്റെ മുന്നറിയിപ്പ്.

ഭൂകമ്പത്തിനുമുന്‍പ് കുടുംബം ഒരുമിച്ചാണു കഴിഞ്ഞിരുന്നതെന്ന് കൊച്ചുമകളെ ആശ്വസിപ്പിച്ചുകൊണ്ട് ബാല്‍കുമാരി പരജുലി പറഞ്ഞു. എന്നാല്‍ ദുരന്തത്തിനുശേഷം മകനും കുടുംബവും കാഠ്മണ്ഡുവിലേക്കു താമസം മാറ്റി. ഇപ്പോള്‍ ദഷൈന്‍ ആഘോഷത്തിനു വന്നതാണ് കൊച്ചുമക്കള്‍.

ഭൂകമ്പവും കുടുംബവീടിന്റെ നാശവും ബാല്‍കുമാരിയെ മാനസികമായി തകര്‍ത്തു. ദിവസവും രാവിലെ നാശാവശിഷ്ടങ്ങളിലേക്കു കണ്ണു തുറക്കേണ്ടിവരുന്നത് അവരെ ഖിന്നയാക്കുന്നു. ” എനിക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. വീണ്ടും ഭൂകമ്പമുണ്ടാകുമെന്ന് ഞാന്‍ ഭയക്കുന്നു. കുടുംബത്തോടൊപ്പം കഴിഞ്ഞ നല്ല നാളുകള്‍ മറക്കാനാവില്ല’.

നേപ്പാളിലെ മറ്റനേകം ഗ്രാമങ്ങളെപ്പോലെ ഷിംലിങ് ബേഷിയും അനിശ്ചിതത്വത്തിലാണ്. വരികയോ വരാതിരിക്കുകയോ ചെയ്യാവുന്ന സര്‍ക്കാര്‍ സഹായം കൊണ്ട് വീടുകള്‍ പണിയാന്‍ കാത്തിരിക്കുന്ന ഗ്രാമം. സാധാരണജീവിതം തടസപ്പെട്ടുകഴിഞ്ഞു. ഇപ്പോള്‍ ഇതാണ് ഇവിടത്തെ സാധാരണ ജീവിതം.

‘ഭൂകമ്പങ്ങള്‍ വരും, പോകും, ‘സ്വന്തം ഭൂമി മറ്റുള്ളവര്‍ക്കു വീടു വയ്ക്കാന്‍ വിട്ടുനല്‍കിയ അനന്ത് കുമാര്‍ അധികാരി പറഞ്ഞു. ‘അതൊരു പതിവായിക്കഴിഞ്ഞിരിക്കുന്നു’.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 14, 2015 8:32 am