X

മാന്ദ്യത്തിന്റെ ആശങ്ക അകറ്റാതെ സാമ്പത്തിക സര്‍വെ, വളര്‍ച്ച നിരക്ക് ഏഴ് ശതമാനമാകുമെന്ന് പ്രതീക്ഷ

ഇന്ധന വില കുറയുമെന്ന് സാമ്പത്തിക സര്‍വെ

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍വെച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുവരുമെന്ന് സര്‍വെ പ്രഖ്യാപിക്കുന്നു. നിക്ഷേപ നിരക്കിലുണ്ടായ തിരിച്ചടി മറികടക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും സാമ്പത്തിക സര്‍വെ പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ അവസ്ഥ പൂര്‍ണമായി മാറിയെന്ന് സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നില്ല.

സാമ്പത്തിക രംഗത്ത് ആരംഭിച്ച ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ തുടരുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രഹ്മണ്യന്‍ തയ്യാറാക്കിയ സര്‍വെ വിശദമാക്കുന്നുണ്ട്.
ഷിഫ്റ്റിംങ് ഗിയേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് പാഠങ്ങള്‍ മനസ്സിലാക്കി എട്ട് ശതമാനം വളര്‍ച്ച സ്ഥിരമായി കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പറയുന്നു. ഇന്ധന വിലയില്‍ വരും ദിവസങ്ങളില്‍ കുറവുണ്ടാകുമെന്ന സൂചനയും സര്‍വെ നല്‍കുന്നുണ്ട്.

2011 മുതല്‍ കുറഞ്ഞുവരികയായിരുന്ന നിക്ഷേപ നിരക്കില്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ വര്‍ധനുണ്ടാകുമെന്നാണ് സര്‍വെ പ്രതീക്ഷിക്കുന്നത്. ഗ്രാമീണ മേഖലയിലെ വേതനനിരക്കില്‍ ഉണ്ടായ മാന്ദ്യത്തിനും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധനക്കമ്മി 6.4 ശതമാനത്തില്‍നിന്നും 5.8 ശതമാനമായി കുറഞ്ഞുവെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ നാണ്യപെരുപ്പം രണ്ട് ശതമാനമായിരിക്കുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും സര്‍വെ പ്രഖ്യാപിക്കുന്നു.

എന്നാല്‍ സാമ്പത്തികരംഗത്ത് പൊതുവില്‍ പ്രകടമായിട്ടുള്ള മാന്ദ്യാവസ്ഥ പൂര്‍ണമായി മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്. രാജ്യാന്തര മേഖലയിലെ മാന്ദ്യം കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കയും സര്‍വെ പങ്കിടുന്നുണ്ട്.

Also Read: നാളെ ബജറ്റ്; കാര്‍ഷിക, തൊഴില്‍ പ്രതിസന്ധിക്കും ‘അഞ്ച് ട്രില്ല്യണ്‍ ഇക്കോണമി’ക്കുമിടയില്‍ നിര്‍മ്മല സീതാരാമന്റെ പരിഗണനകള്‍