X

രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നു, വാഹന വില്‍പനയില്‍ തുടര്‍ച്ചയായ എട്ടാം മാസവും വന്‍ ഇടിവ്, ജനത്തിന്റെ കൈയില്‍ പണമില്ല

ജൂണില്‍ മാത്രം യാത്രാ കാറുകളുടെ വില്‍പ്പന 24.97 ശതമാനവും ഇരുചക്ര വാഹനങ്ങളുടേത് 11.69 ശതമാനവുമായി കുറഞ്ഞു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ എട്ടു മാസങ്ങളിലായി വാഹന വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ള കനത്ത ഇടിവ് ഇതിനുള്ള തെളിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍ വരെയുള്ള സമയത്ത് വാഹന വില്‍പ്പനയില്‍ 17.54 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ യാത്രാ കാറുകളുടെ വില്‍പ്പന 2,73,748 ആയിരുന്നത് ഈ വര്‍ഷം 2,25,732 ആയി കുറഞ്ഞു.

2018 ഒക്‌ടോബറില്‍ ഒഴിച്ചാല്‍ കഴിഞ്ഞ 12 മാസത്തെ 11 മാസങ്ങളിലും കാര്‍ വില്‍പ്പനയില്‍ ഇടിവാണ് സംഭവിക്കുന്നതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിനെ (SIAM) -നെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമയത്ത് ഇരുചക്ര വാഹനങ്ങളുടേയും കാറുകളുടേയും വില്‍പ്പനയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതും വാഹനങ്ങള്‍ക്ക് വാങ്ങുന്നതിനുള്ള വായ്പയില്‍ കുറവു വന്നതുമാണ് ഇടിവിനു കാരണമായി പറയുന്നത്. കൂടുതല്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് തടയുന്നത് ലക്ഷ്യമിട്ട് വാഹന ഉത്പാദകര്‍ താത്കാലികമായി ഫാക്ടറി അടച്ചു പൂട്ടലിലേക്ക് പോകുന്ന സാഹചര്യമുണ്ട്. ഇത് രാജ്യത്തെ തൊഴില്‍ ശേഷിയേയും ബാധിച്ചേക്കും. കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് എന്‍എസ്എസ്ഒ സര്‍വെ വ്യക്തമാക്കിയിരുന്നു. ഈ സര്‍വെ റിപ്പോര്‍ട്ട് നിഷേധിച്ചുകൊണ്ട് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ പുറത്തിവിട്ടില്ലെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനു തൊട്ടുപിന്നാലെ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വായ്പ കൂടുതലായി ലഭ്യമാകുന്ന മുറയ്ക്ക് മാത്രമായിരിക്കും ഇനി വാഹന വില്‍പ്പന മെച്ചപ്പെടുകയുളളൂ.

SIAM-ന്റെ കണക്കനുസരിച്ച് ജൂണില്‍ മാത്രം യാത്രാ കാറുകളുടെ വില്‍പ്പന 24.97 ശതമാനവും ഇരുചക്ര വാഹനങ്ങളുടേത് 11.69 ശതമാനവുമായി കുറഞ്ഞു. വാണീജ്യാവശ്യത്തിനുള്ള വാഹനങ്ങളുടെ വില്‍പ്പന ജൂണില്‍ 12.3 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍ മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 8.8 ശതമാനവും കുറവ് രേഖപ്പെടുത്തി.

2018 ജൂണില്‍ എല്ലാ വിഭാഗത്തിലുമുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ കുറവ് 12. 34 ശതമാനമാണ്. അതായത്, കഴിഞ്ഞ വര്‍ഷം 22,79,186 വാഹനങ്ങള്‍ നിരത്തിലിറങ്ങിയപ്പോള്‍ ഈ ജൂണില്‍ അത് 19,97,952 ആയി കുറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദം വാഹന നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം നിരാശയുടേതായിരുന്നു. 2019 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് വാഹന ഉത്പാദനം 18.42 ശതമാനം കുറവ് രേഖപ്പെടുത്തി. 2001-02-ന്റെ മൂന്നാം പാദത്തില്‍ വാഹന വില്‍പ്പന 27 ശതമാനം കുറഞ്ഞത് ഒഴിച്ചാല്‍ കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കുറവാണ് ഈ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ ഉണ്ടായിട്ടുള്ളത്.

ഈ ഒന്നാം പാദത്തില്‍ യാത്രാ കാറുകളുടെ വില്‍പ്പന 23.32 ശതമാനവും മറ്റ് യാത്രാ വാഹനങ്ങളുടെ വില്‍പ്പന 4.53 ശതമാനവും യാത്രാ വാനുകളുടെ വില്‍പ്പന 25.6 ശതമാനവും രേഖപ്പെടുത്തി.

ധന ഇടപാട് സ്ഥാപനമായ IL&FS നേരിട്ട പ്രതിസന്ധിയോടെ കഴിഞ്ഞ ജൂലൈ മുതല്‍ ഈ മേഖലയില്‍ ഇടിവു സംഭവിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാങ്കിംഗ് ഇതര ധന ഇടപാട് സ്ഥാപനങ്ങള്‍ക്ക് മേല്‍ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഉണ്ടായിട്ടുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വാഹന ഉപഭോക്താക്കള്‍ക്ക് വായ്പാ ലഭ്യത കുറഞ്ഞത് വന്‍, ഇടത്തരം നഗരങ്ങളില്‍ വാഹന വില്‍പ്പന കുറയാന്‍ കാരണമായി.

ഇതിനു മുമ്പ് ഇത്തരത്തിലൊരു ഇടിവ് ദൃശ്യമായിട്ടില്ല എന്നാണ് SIAM പ്രസിഡന്റ് രാജന്‍ വധേര മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കാര്യങ്ങള്‍ ശരിയാവുമെന്ന പ്രതീക്ഷയുണ്ടെങ്കിലും സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “ഇത് ആശങ്കപ്പെടുത്തുന്നതാണ്. ഈ ഇടിവ് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത”, അദ്ദേഹം പറയുന്നു. ബജറ്റില്‍ വാഹന ഉത്പാദന മേഖലയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള ജിഎസ്ടി ഇളവുകള്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്തിയേക്കാമെന്ന പ്രതീക്ഷയും അദ്ദേഹം മുന്നോട്ടു വച്ചു.

ഉപഭോക്താക്കള്‍ക്ക് കുടുതല്‍ വായ്പാ സൗകര്യങ്ങള്‍ ഒരുക്കുക മാത്രമാണ് പ്രതിസന്ധിയെ നേരിടാനുള്ള വഴിയെന്ന് ഹ്യൂണ്ടായി മോട്ടോഴ്‌സ് ഇന്ത്യയുടെ എംഡി എസ്എസ് കിം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇതേ സമയം, വാഹന കയറ്റുമതിയില്‍ ഈ സമയത്ത് ഭേദപ്പട്ട അവസ്ഥയാണ്. ഒന്നാം സാമ്പത്തിക പാദത്തില്‍ വാഹന കയറ്റുമതിയില്‍ 0.16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. യാത്രാ കാറുകളുടെ വില്‍പ്പനയില്‍ 3.55 ശതമാനവും ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതിയില്‍ 3.12 ശതമാനവും വളര്‍ച്ചയാണ് ഈ സമയത്തുണ്ടായത്.

കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമനുസരിച്ച് വാഹന നിര്‍മാണ വസ്തുക്കള്‍ക്ക് വിലയേറും. ഇതും ഈ മേഖലയെ ദോഷകരമായി ബാധിച്ചേക്കും. എന്നാല്‍ ബാങ്ക് ഇതര ധന ഇടപാട് സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും വിലയിരുത്തപ്പെടുത്തുന്നു. ഇത്തരം ബാങ്ക് ഇതര ധന ഇതര സ്ഥാപനങ്ങള്‍ (NBFCs) സാധാരണക്കാര്‍ കൂടുതായി ആശ്രയിക്കുന്ന മേഖലയാണ്. ഇവരുടെ വായ്പാ ആസ്തികള്‍ ഏറ്റെടുക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതും ഇതിനായി ഒരുലക്ഷം കോടി രൂപ ബജറ്റില്‍ നീക്കി വച്ചതും ഈ മേഖലയിലെ പണത്തിന്റെ ദൌര്‍ലഭ്യം കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Azhimukham Read: ‘മരിച്ചവരെ റോഡില്‍ കളയാനൊക്കുമോ?’; മറിയാമ്മ ഫിലിപ്പ് മരിച്ചിട്ട് ഒരാഴ്ച, ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കത്തില്‍പ്പെട്ട് മൃതദേഹം മോര്‍ച്ചറിയില്‍

This post was last modified on July 11, 2019 10:38 am