X

ഒന്നാം മോദിക്കാലം ഇന്ത്യന്‍ വ്യവസായങ്ങളുടെ ശവപ്പറമ്പെന്ന് കണക്കുകള്‍, ലാഭവിഹിതവും കുത്തനെ ഇടിഞ്ഞു

സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ സമ്പദ് വ്യവസ്ഥയില്‍ കാണാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ചില ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നത് 2013-14 മുതല്‍ 2017-18 വര്‍ഷക്കാലത്തായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമിയുടെ രേഖകളുടെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമള്ളത്. സ്വകാര്യമേഖലയിലെ മാത്രമല്ല, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും അവസ്ഥയിതാണ്.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമിയുടെ കണക്കുകള്‍ അനുസരിച്ച് കമ്പനികളുടെ വിറ്റുവരവില്‍ 2013-14 മുതലുള്ള അഞ്ച് വര്‍ഷം, ആറ് ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്. 1993-94 കാലത്തിന് ശേഷം വിറ്റുവരുമാനത്തില്‍ ഇത്രയും കുറവുണ്ടാകുന്നത് ഇതാദ്യമായാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായിരുന്നു ഏറ്റവും കുറവ്, 2.6 ശതമാനം. ഇതേ കാലയളവില്‍ വിദേശ സ്ഥാപനങ്ങള്‍ക്കുണ്ടായത് 13.6 ശതമാനത്തിന്റെ വളര്‍ച്ചയാണ്.

2002-03 മുതല്‍ 2007-08 കാലത്ത് വില്‍പ്പനയില്‍ 21.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.
2017-18 വരെയുള്ള അഞ്ച് വര്‍ഷം കമ്പനികളുടെ നികുതി കഴിച്ചുള്ള ലാഭത്തില്‍ പ്രതിവര്‍ഷം 4.7 ശതമാനത്തിന്റെ ഇടിവാണ് പ്രതിവര്‍ഷം ഉണ്ടായത്. എന്നാല്‍ വിദേശ സ്ഥാപനങ്ങള്‍ ഈ ഘട്ടത്തിലും വര്‍ധിച്ച ലാഭം കൈവരിച്ചു. 12.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് ലാഭത്തില്‍ അവര്‍ക്കുണ്ടായത്.

2007-08 മുതല്‍ 2012-13 വരെ ലാഭം കഴിച്ചുള്ള ലാഭത്തില്‍ പ്രതിവര്‍ഷം 1.1 ശതമാനത്തിന്റെ വര്‍ധനയുണ്ടായിരുന്നിടത്താണ് ഈ തകര്‍ച്ച. എന്നു മാത്രമല്ല, ആഗോള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് പൂര്‍ണമായും പുറത്തുകടക്കാത്ത കാലം കൂടിയായിട്ടു പോലും ആ സമയത്ത് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

Also Read: നിര്‍മല സീതാരാമന്റെ പുതിയ പ്രഖ്യാപനം ഓഹരി വിപണിയെ ചലിപ്പിച്ചേക്കും, പക്ഷേ കാട് കാണാതെ മരം കണ്ടുള്ള പരിഹാരം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍നിന്ന് കരകയറ്റുമോ?

കമ്പനികളുടെ ലാഭത്തിന്റെയും വില്‍പനയുടെയും മാത്രമല്ല, മറിച്ച് തൊഴിലാളികള്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിലും വന്‍ ഇടിവാണുണ്ടായത്. ഉദാരവത്ക്കരണം നടപ്പിലാക്കിയതിന് തൊട്ടുപിന്നാലെയുള്ള അഞ്ച് വര്‍ഷമായിരുന്നു തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളുടെ തോതില്‍ വലിയ വര്‍ധനയുണ്ടായത്. ഈ കാലയളവില്‍ പ്രതിവര്‍ഷം 18.4 ശതമാനമാണ് ഈ വിഭാഗത്തിലുണ്ടായ വര്‍ധന. 2013-17 കാലത്ത് അത് 12.2 ശതമാനമായി കുറഞ്ഞു. ഇത് 25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ തോതാണ് അത്.

സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ സമ്പദ് വ്യവസ്ഥയില്‍ കാണാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ചില ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിന് ശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നീതി ആയോഗ് തന്നെ വ്യക്തമാക്കിയിരുന്നു.

ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ജിഎസിടിയില്‍ തിരിച്ചു നല്‍കാനുള്ള തുക ഒരു മാസത്തിനകം തിരിച്ചു നില്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പുറമെ സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് വായ്പ ഉദാരമാക്കാനുള്ള നടപടികളുമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനനുബന്ധമായി റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ നേരത്തെ കുറവു വരുത്തിയിരുന്നു

Read Azhimukham: ആലിമൂലയും വിലങ്ങാട് അങ്ങാടിയും പോയി, വാണിമേലില്‍ ഇനി താമസിക്കാനില്ല; ആളും അനക്കവുമില്ലാതിരുന്ന മലമ്പ്രദേശത്തെ വാസയോഗ്യമാക്കിയെടുത്ത മനുഷ്യര്‍ തിരിച്ച് മലയിറങ്ങുകയാണ്

This post was last modified on August 25, 2019 2:34 pm