X

അഭിമുഖം/ഡോ. ടി എം തോമസ് ഐസക്: ധനകാര്യകമ്മീഷന് എതിരല്ല. പക്ഷെ, ഇതുവരെ കാര്യങ്ങള്‍ അത്ര സുഖകരമല്ല

നിലവില്‍ കേന്ദ്ര നികുതി വരുമാനത്തിന്‍റെ 2.5 ശതമാനമാണ് കേരളത്തിന് ലഭിക്കുന്നത്. 2011-ലെ സെൻസസിന്‍റെ അടിസ്ഥാനത്തിലാക്കിയാല്‍ അത് രണ്ട് ശതമാനത്തിലും താഴെയാകും.

കേന്ദ്ര നികുതിയില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം തീരുമാനിക്കുന്നതിന് 2011–ലെ സെൻസസ് മാനദണ്ഡമാക്കണമെന്ന് പതിനഞ്ചാം ധനകാര്യകമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നു. ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ കേന്ദ്ര ഫണ്ടുകൾ ലഭിക്കുമെന്നാണ് ഇതിനര്‍ത്ഥം. തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതത്തില്‍ കുറവ് വരും എന്ന ആശങ്കയാണ് ഈ തീരുമാനത്തെ ഒരു രാഷ്ട്രീയ വിവാദത്തിലേക്ക് കൊണ്ടെത്തിച്ചത്. ഈ സംസ്ഥാനങ്ങളിൽ 1971-ലെ ജനസംഖ്യ 25 ശതമാനമായിരുന്നു. എന്നാല്‍ ആരോഗ്യ-വിദ്യാഭാസ മേഖലകളിലെ പുരോഗതികൊണ്ട് 2011 ആയപ്പോഴേക്കും അത് നാലുശതമാനം കുറഞ്ഞ് ദേശീയ ജനസംഖ്യയുടെ 21 ശതമാനം ആയി മാറി. അതേസമയം ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനസംഖ്യ 1971-ൽ 33 ശതമാനമായിരുന്നത് 2011 ആയപ്പോഴേക്കും 37 ശതമാനമായി ഉയരുകയും ചെയ്തു.

ഇത്തരമൊരു പ്രഖ്യാപനം വന്നതുമുതൽ ഈ തീരുമാനത്തിനെതിരെ ശക്തമായി പ്രചാരണം നടത്തുന്ന ആളാണ്‌ കേരള ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്ക്. ഈ തീരുമാനം പ്രാവര്‍ത്തികമായാല്‍ അത് സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നതിലും അസ്വസ്ഥനാണ് അദ്ദേഹം. നികുതി പിരിക്കുന്നതില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങൾക്ക് അതിന്‍റെ പ്രയോജനം ലഭിച്ചിട്ടില്ല എന്നാണ് ഐസക്ക് പറയുന്നത്. ‘ഇന്ത്യാസ്പെൻഡു’മായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ ആശങ്കകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ഡോ. ടി എം തോമസ് ഐസക്.

ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജിഎസ്ടിയിൽ നിന്ന് നേട്ടമുണ്ടാകുമെന്ന് താങ്കള്‍ കരുതുമ്പോഴും അത് നടപ്പാക്കുന്നതില്‍ ആകുലത പ്രകടിപ്പിക്കുന്നു. യഥാര്‍ത്ഥത്തിലുള്ള പ്രശ്നം എന്താണ്?

ഇ-വേ ബില്‍ (ഇലക്ട്രോണിക് ബിൽ) വന്നതോടുകൂടി ഞങ്ങളുടെ ചെക്ക്പോസ്റ്റുകൾ പ്രവർത്തന രഹിതമായി. അത് അന്തർ സംസ്ഥാന വ്യാപാരത്തില്‍ കാര്യമായ ഇടിവുണ്ടാക്കി. 80% സാധനങ്ങളും സംസ്ഥാനത്തിനു പുറത്തുനിന്ന് കൊണ്ടുവരുന്ന കേരളത്തിന്‍റെ വരുമാനത്തെ ഇത് മോശമായി ബാധിച്ചിട്ടുണ്ട്. ജിഎസ്ടി റിട്ടേൺ എങ്ങിനെ എന്നതിന് ഇനിയും അന്തിമരൂപമായിട്ടില്ല. 3 ബി ഫോം (ജി.എസ്.ടിയുടെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവരും സമർപ്പിക്കുന്നത്) എന്നത് വ്യാപാരി സ്വമേധയാ നടത്തുന്ന ഒരു പ്രസ്താവന മാത്രമാണ്. ചില വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാൽ ഇൻപുട്ട് ക്രെഡിറ്റിന്‍റെ കൃത്യത പരിശോധിക്കാൻ നമുക്ക് യാതൊരു മാര്‍ഗവുമില്ല. കൂടാതെ, സൂക്ഷ്മപരിശോധനയ്ക്കായി ജി.എസ്.ടിയുടെ വാർഷിക കണക്കെടുപ്പ് ഇനിയും നീട്ടിവക്കാനും നമുക്ക് കഴിയില്ല. ഇതെല്ലാം ജിഎസ്ടി പിരിച്ചെടുക്കുന്നതിനെ ബാധിക്കുന്നു. വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ നാം പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

ജി എസ് ടി-കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണെന്ന് ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ?

നികുതികൾ കുത്തനെ കുറഞ്ഞിട്ടുണ്ട്, എന്നാൽ അത് വിലയിൽ പ്രതിഫലിക്കുന്നില്ല. വളരെ കുറച്ചു ചരക്കുകളുടെ വിലയിൽ മാത്രം കുറവുണ്ടായിട്ടുണ്ട്. സാധാരണക്കാർക്ക് പ്രയോജനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും കോർപറേറ്റുകൾക്ക് ഇത് വലിയ നേട്ടമായി. ചെറുകിട മേഖലക്ക് നല്‍കി വന്നിരുന്ന നികുതിയിളവുകള്‍ ഒഴിവാക്കേണ്ടി വന്നതിനാൽ ആ മേഖല ഭാഗികമായി തകർന്നു. പ്രാദേശികമായ പ്രശ്നങ്ങള്‍ വേറെയുമുണ്ട്. ഇപ്പോഴത്തെ ജിഎസ്ടി ഒരുതരത്തിലുമുള്ള പ്രാദേശിക സ്വാതന്ത്ര്യവും അനുവദിക്കുന്നില്ല. എല്ലാം ജി എസ് ടി കൌൺസില്‍ സ്ഥിരീകരിക്കണം. കാര്യങ്ങൾ മെച്ചപ്പെടുമെന്ന് എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. പക്ഷെ, ഇതുവരെ കാര്യങ്ങള്‍ അത്ര സുഖകരമല്ല.

ധനക്കമ്മി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കാന്‍ പോകുന്ന ‘ഫിസ്കൽ റെസ്പോൺസബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മെന്‍റ്’ (എഫ് ആർ ബി എം) ആക്ടിനെ കുറിച്ച് താങ്കള്‍ പറഞ്ഞത് സംസ്ഥാനങ്ങളോട് കൂടിയാലോചിക്കാതെ അത് നടപ്പാക്കുന്നത് അവരുടെ വായ്പ വാങ്ങുന്നതിനുള്ള അവകാശത്തെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് എന്നും, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്മേലുള്ള വെല്ലുവിളിയാണ് എന്നുമാണ്. സംസ്ഥാന സർക്കാരുകളുടെ ഭാവി താങ്കള്‍ എങ്ങനെയാണ് മുൻകൂട്ടികാണുന്നത്?

കേന്ദ്രത്തിലെ പല നയകര്‍ത്താക്കളും രാജ്യത്തിന്‍റെ ക്രെഡിറ്റ് റേറ്റിംഗിനെകുറിച്ചു മാത്രമാണ് ആലോചിക്കുന്നത്. റേറ്റിംഗുകൾ മെച്ചപ്പെടുത്താൻ ധനകമ്മി കുറയ്ക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് പുറത്തു നിന്നുള്ള ഫണ്ട് ഒഴുക്ക് കൂടുന്നു. വികസനത്തിൽ, പ്രത്യേകിച്ച് ക്ഷേമ, സാമൂഹ്യ, സാമ്പത്തിക അടിസ്ഥാന സൌകര്യ മേഖലകളില്‍, സംസ്ഥാന സർക്കാരുകൾ സുപ്രധാന പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, എളുപ്പവഴിയെന്നോണം അവർ (കേന്ദ്രം) കമ്മി കുറയ്ക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയാണ്. അത് തീര്‍ത്തും അപഹാസ്യമാണ്. ചില വിദേശ ശക്തികള്‍ക്കുവേണ്ടി ഈ നിയമം നടപ്പിലാക്കുന്നത് നമുക്ക് അംഗീകരിക്കാനാവില്ല.

15-ാം ധനകാര്യകമ്മീഷന്‍ പറയുന്നത് 2011-ലെ ജനസംഖ്യാ സെൻസസിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം നല്‍കണമെന്നാണ്. ഇതിനെക്കുറിച്ച് താങ്കൾക്ക് എന്തു തോന്നുന്നു?

ഞങ്ങള്‍ ധനകാര്യകമ്മീഷന് എതിരല്ല. ഭരണഘടനാപരമായ ചുമതല നിര്‍വ്വഹിക്കാന്‍ കമ്മീഷനെ അനുവദിക്കണമെന്നു തന്നെയാണ് നമ്മൾ എല്ലാവരും ആവശ്യപ്പെടുന്നത്. കേന്ദ്രം ഇത് നിയന്ത്രിക്കരുത്. അല്ലെങ്കിൽ, നികുതി വിഭജനം വെട്ടിച്ചുരുക്കിക്കൊണ്ടുള്ള വിശദാംശങ്ങൾകൂടെ അതില്‍ കൂട്ടിച്ചേര്‍ക്കണം. എന്ത് മാനദണ്ഡം ഉപയോഗിച്ചാലും ഓരോ സംസ്ഥാനത്തിന്‍റെയും വരുമാന വിഹിതം വ്യത്യസ്തമായിരിക്കും. സംസ്ഥാനത്തിന്‍റെ ധനകാര്യങ്ങൾ തടസ്സപ്പെടുത്താത്ത തരത്തിലുള്ള ഒരു നിയമമാണ് നാം സൃഷ്ടിക്കേണ്ടത്.

നിലവില്‍ കേന്ദ്ര നികുതി വരുമാനത്തിന്‍റെ 2.5 ശതമാനമാണ് കേരളത്തിന് ലഭിക്കുന്നത്. 2011-ലെ സെൻസസിന്‍റെ അടിസ്ഥാനത്തിലാക്കിയാല്‍ അത് രണ്ട് ശതമാനത്തിലും താഴെയാകും. കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ യാന്ത്രികമായി നടപ്പിലാക്കിയാല്‍ സംസ്ഥാന തലത്തിൽ അപകടകരമാം വിധമുള്ള സാമ്പത്തിക തടസ്സം ഉണ്ടാകും. അത് ഒഴിവാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തിന്‍റെ ധസാമ്പത്തിക ഭദ്രതയെ അട്ടിമറിക്കുന്ന ഒരു തീരുമാനവും സ്വീകരിക്കില്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അസാധാരണമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അത് ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

നീതി ആയോഗിന്‍റെ പുതിയ ആരോഗ്യ സൂചികയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്തെ അടിസ്ഥാന സൌകര്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആ സൂചികയുടെ അടിസ്ഥാനത്തില്‍ ഓഹരി നിര്‍ണ്ണയിച്ചാല്‍ കേരളം പോലുള്ള മികച്ചൊരു സംസ്ഥാനത്തിന് അത് തിരിച്ചടിയാകും എന്ന് താങ്കള്‍ ഭയക്കുന്നുണ്ടോ?

ചില സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിലവാരം കാഴ്ചവെക്കുന്നുണ്ട്. എന്നാൽ ഈ നേട്ടങ്ങൾ നിരവധി രണ്ടാം തലമുറ പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, സാർവത്രിക വിദ്യാഭ്യാസം കാരണം എല്ലാവരും ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നു. ഇത് വലിയരീതിയിലുള്ള സംസ്ഥാന വിഭവങ്ങൾ ആവശ്യപ്പെടുന്നു. ജീവിതശൈലി രോഗങ്ങളുടെ വർദ്ധനവ് സ്പെഷ്യാലിറ്റി കെയറിൽ നിക്ഷേപം ആവശ്യപ്പെടുന്നതായി നമ്മള്‍ കാണുന്നു.

വികസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ചിലവ് കുറയുന്നു എന്നല്ല. വികസിത പ്രദേശങ്ങളിൽ നിന്നുള്ള വിഭവങ്ങൾ അവികസിത പ്രദേശങ്ങളിലേക്ക് കൈമാറുന്നതിനെ ആർക്കും നിഷേധിക്കാൻ കഴിയില്ല. ഞാനും അത് അംഗീകരിക്കുന്നു. എന്നാൽ, അത് കൃത്യമായ അനുപാതത്തിന്‍റെ അടിസ്ഥാനത്തില്‍ വേണം നടപ്പാക്കാന്‍. വലിയ വിഭവങ്ങൾ ആവശ്യമുള്ള വികസന പ്രക്രിയകളെ അതൊരിക്കലും തടസപ്പെടുത്തരുത്.

താങ്കളുടെ ബജറ്റ് പ്രസംഗത്തിൽ, ലോട്ടറി ഉപയോഗിച്ച് സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിക്കായി വിഭവ സമാഹരണം നടത്തുമെന്ന് പറഞ്ഞിരുന്നു. 2018-19 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ലോട്ടറിയില്‍ നിന്നുള്ള വരുമാനം 11,110 കോടി രൂപയും, ചെലവ് 7,874 കോടിയുമാണ്. രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയിലും ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയിലും (എൻഎച്ച്പിഎസ്) എല്ലാ ഗുണഭോക്താക്കളേയും ഉൾപ്പെടുത്താൻ ഈ ലാഭം പ്രയോജനപ്പെടുത്തുമോ?

എല്ലാ കുടുംബങ്ങളും പുതിയ എൻഎച്ച്പിഎസ് പദ്ധതിയുടെ കീഴില്‍ ഉൾപ്പെടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എല്ലാവരേയും ഉള്‍പ്പെടുത്തണം എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഒരു വിഭാഗം ആളുകള്‍ തൊഴില്‍-പെൻഷൻ ഹെൽത്ത് പ്രോഗ്രാമുകളുടെ ഭാഗമാണ്. ബാക്കിയുള്ളവരെക്കൂടെ ആരോഗ്യ പരിരക്ഷക്ക് കീഴിൽ കൊണ്ടുവരണം. കേവലമൊരു ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയല്ല വേണ്ടത്. കേരളത്തിൽ പൊതുജനാരോഗ്യ വ്യവസ്ഥ വളരെ പ്രധാനമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി സർക്കാറിനു കീഴില്‍ ആശുപത്രികളുടെ വിപുലമായ ഒരു ശൃംഖല തന്നെയുണ്ട്. ആവശ്യത്തിനനുസരിച്ച് പൊതുജനാരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ഈ പ്രോഗ്രാമിനെ ബന്ധിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

ആരോഗ്യമേഖലയിൽ ഞങ്ങൾ ഏകദേശം 5000 കോടി രൂപയുടെ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്പെഷ്യാലിറ്റി ഹെൽത്ത് സർവീസസ് ഉൾപ്പെടെ, പല കാര്യങ്ങളും മുൻകൂട്ടിക്കണ്ട് ഡോക്ടർമാരെയും നഴ്സുമാരെയും പാരാമെഡിക്കുകളെയും നിയമിക്കുകയാണ്. എല്ലാവര്‍ക്കും അംഗീകൃത സർക്കാർ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ലോട്ടറിയിലൂടെ ലഭിക്കുന്ന വലിയൊരു വരുമാനം ഇതിനാവശ്യമാണ്. ലാഭം ഒരു സാമൂഹിക നന്മക്കുവേണ്ടി ഉപയോഗിക്കുന്നു എന്നത് മാത്രമാണ് ലോട്ടറിയില്‍ കാണുന്ന ഒരേയൊരു ന്യായീകരണം. ലോട്ടറിയിലൂടെ ഞങ്ങൾ കേരളത്തിൽ ജനങ്ങളോട് പറയാൻ ശ്രമിക്കുന്നത് നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കൂ എന്നതാണ്. പരാജയപ്പെട്ടാലും ആ നിക്ഷേപം ആരോഗ്യ മേഖലയിലേക്കുള്ള ഒരു സംഭാവനയായി പരിഗണിക്കൂ എന്നതാണ്.

This post was last modified on July 11, 2018 2:36 pm