UPDATES

ഫൈനാൻസ്

നിര്‍മല സീതാരാമന്റെ പുതിയ പ്രഖ്യാപനം ഓഹരി വിപണിയെ ചലിപ്പിച്ചേക്കും, പക്ഷേ കാട് കാണാതെ മരം കണ്ടുള്ള പരിഹാരം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍നിന്ന് കരകയറ്റുമോ?

മിനി ബജറ്റ് പ്രശ്‌ന പരിഹാരത്തിന് പര്യാപ്തമോ?

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തെ സംബന്ധിച്ച് അവകാശവാദങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഫലത്തില്‍ രാജ്യവും മാന്ദ്യത്തിന്റെ പിടിയിലാണെന്ന് സമ്മതിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലത്തെ പ്രഖ്യാപനത്തിലൂടെ ചെയ്തത്. വിവിധ മേഖലകളില്‍ പിടികൂടിയ വളര്‍ച്ചാ മാന്ദ്യം പരിഹരിക്കാനുള്ള നടപടികളാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ തിരുത്തിക്കൊണ്ടും സമ്പദ് വ്യവസ്ഥയില്‍ പണ വിനിമയം ശക്തമാക്കുമെന്ന് പ്രതീക്ഷിച്ചുള്ള ചില നടപടികളുമാണ് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളെ പലിശ നിരക്കിലെ മാറ്റങ്ങള്‍ കൊണ്ട് മറികടക്കാമെന്ന യുക്തി തന്നെയാണ് നിര്‍മ്മലാ സീതാരാമന്റെ മിനി ബജറ്റ് എന്ന വിശേഷിപ്പിക്കപ്പെട്ട ഇന്നലത്തെ പ്രഖ്യാപനത്തിലും കാണുന്നത്. തീര്‍ച്ചയായും ഈ പ്രഖ്യാപനങ്ങള്‍ തിങ്കളാഴ്ച ഓഹരി വിപണിയില്‍ അനുകൂല ചലനങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമായേക്കും. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളെ മറികടക്കാന്‍ പര്യാപ്തമാകുമോ എന്നതാണ് പ്രശ്‌നം.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പോര്‍ട് ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റിന് ഏര്‍പ്പെടുത്തിയ സര്‍ ചാര്‍ജ് പിന്‍വലിച്ചതാണ് വലിയ പ്രഖ്യാപനം. ഇത് ഹൃസ്വകാലത്തേക്കെങ്കിലും ഓഹരിവിപണിയില്‍ ചലനങ്ങള്‍ ഉണ്ടാക്കിയേക്കും. എന്നാല്‍ അതിനപ്പുറം ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങളെ നേരിടുന്നതില്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിക്കുകയെന്നതാവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരി വിപണിയെയും സ്വാധീനിക്കുകയെന്നതുകൊണ്ട് ഇനി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഓഹരി വിപണിയെ സംബന്ധിച്ചും പ്രധാനമാകും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്തിയത് സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് ആശ്വാസമായേക്കാവുന്ന ഒരു പ്രഖ്യാപനം ജിഎസ്ടി യെ സംബന്ധിച്ചാണ്. ജിഎസ്ടിയുടെ തിരിച്ചു നല്‍കാനുള്ള പണം 30 ദിവസത്തിനകം നല്‍കാമെന്നുമുള്ളതാണ് ഒരു പ്രഖ്യാപനം. ഇത്തരത്തില്‍ 60,000 കോടി രൂപ സമ്പദ് വ്യവസ്ഥയില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. പണം ഇല്ലാതെ ബുദ്ധിമുട്ടുന്ന ചെറുകിട, ഇടത്തരം മേഖലയ്ക്ക് ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Also Read: എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും സര്‍ക്കാര്‍ വിറ്റഴിച്ചേക്കും, സാമ്പത്തിക പ്രതിസന്ധി രൂക്ഷം, എണ്ണക്കമ്പനികൾക്ക് മാത്രം കടം 5,000 കോടി

ബാങ്കുകളുടെയും അര്‍ദ്ധ ബാങ്കിംങ് സംവിധാനങ്ങളുടെയും വായ്പ വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള നടപടികളാണ് ധനമന്ത്രി പ്രഖ്യാപിച്ച മറ്റൊന്ന്. ഇതിന് പുറമെ പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചു. ഇത് വിവിധയിനം വായ്പകള്‍ കൂടുതല്‍ നല്‍കുന്നതിന് സഹായകരമാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ.

സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ ലഭ്യത കുറവാണെന്ന സര്‍ക്കാരിന്റെ നിലപാട് റിസര്‍വ് ബാങ്കും  നേരത്തെ അം ഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്  പലിശ നിരക്ക് കുറച്ചത്.  പലിശ കുറച്ചും വായ്പ വര്‍ധിപ്പിച്ചുകൊണ്ടും നിക്ഷേപമാന്ദ്യം അകറ്റാമെന്നതാണ്  ധനമന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും നയപരമായ യുക്തി. എന്നാല്‍ താഴോട്ട് കുതിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ ഇത്തരത്തില്‍ വായ്പ സൗകര്യം വര്‍ധിപ്പിച്ചുകൊണ്ട് മാത്രം ഉണര്‍വുണ്ടാക്കാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം.

ധന നയത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള പരിഹാരങ്ങള്‍ മാത്രം സാമ്പത്തിക മാന്ദ്യത്തെ പരിഹരിക്കാന്‍ മതിയാവുമെന്നതിന് തെളിവുകളില്ല. ഇപ്പോഴത്തെ സാമ്പത്തിക പ്രയാസങ്ങളുടെ ആഴം കുറച്ചുകാണുന്നതാണ് ധനനയത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുവെണം കരുതാന്‍. ധനമേഖലയ്ക്ക് പുറത്തുകൂടി വ്യാപിച്ചുകിടക്കുന്ന രോഗകാരണത്തെ ബാങ്കിംങ് രംഗത്തെ ചികില്‍സ കൊണ്ടുപരിഹരിക്കാമെന്ന യുക്തി പല രാജ്യങ്ങളിലും സാമ്പത്തികമാന്ദ്യ കാലത്ത് പരാജയപ്പെട്ടതാണ്.

വ്യവസായങ്ങള്‍ പൂര്‍ണമായി തോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരികയും (ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ പലതും ഇപ്പോള്‍ ഈ അവസ്ഥയിലാണ്) ലാഭ സാധ്യത പ്രതീക്ഷയില്‍ മങ്ങലേല്‍ക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ വായ്പാ സാധ്യത കൂടുതല്‍ ഉള്ളതുകൊണ്ട് മാത്രം കൂടുതല്‍ നിക്ഷേപം വർധിപ്പിക്കാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. വായ്പയ്ക്കും പലിശ നിരക്കിനും മാത്രമായി നിക്ഷേപ സാഹചര്യത്തെ സ്വാധീനിക്കാന്‍ എല്ലാ അവസ്ഥകളിലും സാധ്യമായിക്കൊള്ളമെന്നില്ല.

Also Read: നീതി ആയോഗിനെ തള്ളി ധന മന്ത്രി നിര്‍മ്മല സീതാരാമന്‍, ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെട്ടതെന്ന് അവകാശവാദം

വായ്പ നിരക്കിലെ കുറവ് ഉപഭോക്താക്കളില്‍ എത്തിക്കുമെന്ന് ബാങ്കുകള്‍ പറഞ്ഞാതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും ഇക്കാര്യത്തില്‍ പ്രായോഗിക തലത്തില്‍ ബാങ്കുകള്‍ എന്ത് നടപടി സ്വീകരിക്കും എന്നത് കണ്ടറിയണം. പ്രത്യേകിച്ചും നിഷ്‌ക്രിയ ആസ്തി പെരുകുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ കൂടുതൽ വായ്പകള്‍ നല്‍കാന്‍ തയ്യാറാകുമോ എന്നതും കണ്ടറിയണം. അതായത് ബാങ്കുകള്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടെന്ന് അവര്‍ക്ക് തോന്നുന്നവര്‍ക്ക് മാത്രമായി വായ്പ നല്‍കാന്‍ തയ്യാറാകുന്ന സാഹചര്യം ഇനിയും ഉണ്ടായേക്കാം.

നേരത്തെ സൂചിപ്പിച്ചതുപോലെ, ധനനയത്തെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഇടപെടലുകള്‍ കൊണ്ടുമാത്രം ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ പറ്റിക്കൊള്ളണമെന്നില്ല. മറിച്ച് സാമ്പത്തിക നയത്തില്‍ എന്ത് മാറ്റങ്ങളാണ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുക എന്നതാണ് പ്രധാനം. മോണിറ്ററി പോളിസിയല്ല, മറിച്ച് ഫിസ്‌ക്കല്‍ പോളിസിയാണ് ഇത്തരം അവസരങ്ങളിലെ പ്രധാന ആയുധം. പക്ഷെ അതിന് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴവും പരപ്പും സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്. ഇന്നലത്തെ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിലും അതില്ല. നീതി ആയോഗിന്റെ വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ തള്ളിക്കളയാനാണ് അവര്‍ ശ്രമിച്ചത്. ഇതുവരെ ആലോചിക്കാത്ത രീതിയിലുള്ള പരിഹാരങ്ങളാണ് ആവശ്യം എന്ന രീതിയിലായിരുന്നു നീതി ആയോഗ് വൈസ് ചെയർമാൻ്റെ പ്രഖ്യാപനം. (സര്‍ക്കാര്‍ കണ്ണുരുട്ടിയാതിനാലാകണം, തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന ‘തിരുത്ത’ലുമായി രാജീവ് കുമാര്‍ പിന്നീട് രംഗത്തു വരികയും ചെയ്തു)

സർക്കാരിന്റെ ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഫിസ്‌ക്കല്‍ റസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്‌മെന്റ് ആക്ട് ഇതിന് തടസ്സം നില്‍ക്കുന്നു. സര്‍ക്കാര്‍ വരുമാനത്തിന് അനുസരിച്ച് മാത്രം ചിലവിടുകയെന്ന നവലിബറല്‍ ലോജിക്കാണ് ഇതിന് പിന്നില്‍. നവലിബറല്‍ നയങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ സ്വയം നിയന്ത്രണങ്ങള്‍ മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം. അതുകൊണ്ട് തന്നെ മാന്ദ്യത്തെ തിരിച്ചുപിടിക്കാന്‍ ഇപ്പോഴത്തെ നടപടികള്‍ കൊണ്ടുമാത്രം സാധ്യമാവണമെന്നില്ല. മാന്ദ്യത്തിന്റെ സ്വാഭാവിക ചാക്രികതയിലൂടെ കടന്നുപോകാന്‍ ഘടനപരമായ പരിഹാരങ്ങളാണ് ആവശ്യം. ഇതിന് പുറമെ വ്യാപാര തർക്കം അടക്കമുള്ള പ്രശ്നങ്ങളും ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നതാണ്. 2008 ലെ ലോകമാന്ദ്യത്തെ ഇന്ത്യയിൽ അനുഭവപ്പെടാതിരിക്കാനുള്ള കാര്യം അന്ന് ധന സാമ്പത്തിക മേഖലയിലെ നിയന്ത്രണങ്ങളായിരുന്നുവെന്ന് പലരും അംഗീകരിച്ചിട്ടുള്ളതുമാണ്.

Also Read: ആര്‍ക്കും ആരേയും വിശ്വാസമില്ല, രാജ്യം സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് നീതി ആയോഗ്

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍