X

എടക്കാട് സമരം: ലക്ഷങ്ങള്‍ കാട്ടി നാടുകടത്താനാവില്ല-സമര സമിതി അംഗം എം.സി.കൃഷ്ണന്‍

കെ.പി.എസ് കല്ലേരി

ആദ്യഭാഗം ഇവിടെ വായിക്കാം- ഒരു ഗ്രാമം ഒന്നടങ്കം പറയുന്നു; ഈ ആശുപത്രി വികസനം ഞങ്ങള്‍ക്ക് വേണ്ട-പക്ഷേ ആര് കേള്‍ക്കാന്‍?

ഭാഗം -2

‘സമരത്തില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ എനിക്ക് വാഗ്ദാനം ചെയ്തത് എന്റെ ഒരു സെന്റ് ഭൂമിക്ക് 15 ലക്ഷം രൂപ. ഞാനും എന്റെ  കുടുംബവും ഈ നാടുവിട്ടുതന്നെ പോകണം. അവര്‍ക്ക് എന്നെക്കുറിച്ച് എന്തറിയാം. തൊള്ളായിരത്തി നാല്‍പത്തി എട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട നാളില്‍ പൊലീസിന്റെ അടിയും തൊഴിയും ഒരു പാട് കൊണ്ടിട്ടുണ്ട് ഞാന്‍. മാസങ്ങളോളം പീഡനമനുഭവിച്ച് ജയിലിലും കിടന്നു. അങ്ങനെയുള്ള എന്നെ കുറേ ലക്ഷങ്ങള്‍ കാണിച്ച് നാടുകടത്താനാവുമോ…’ ചോദിക്കുന്നത് എം.സി.കൃഷ്ണന്‍. 88ാം വസിലും തളരാത്ത സമരവീര്യം. ഇരുന്നൂറാം ദിവസത്തിലേക്ക് നീങ്ങുന്ന എടക്കാട് ഭൂസമരത്തിന്റെ മുന്നണിപ്പോരാളിയാണ് കൃഷ്‌ണേട്ടന്‍. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളും അധികൃതരുമെല്ലാം കൈവിട്ടിട്ടും കൃഷ്‌ണേട്ടനെപ്പോലുള്ളവരാണ് എടക്കാട് ഭൂസമരത്തിന് ചോരയും നീരും നല്‍കുന്നത്. കൃഷ്‌ണേട്ടന്റെ മകനാണ് സമരസമിതി കണ്‍വീനറായ എം.സി.സുദേഷ്‌കുമാര്‍.

“വീടും പുരയിടവുമായി 30 സെന്റോളും ഭൂമിയുണ്ട് ഞങ്ങള്‍ക്ക്. നഗരമാണെങ്കിലും ഇവിടെ ഈ വയല്‍പ്രദേശത്ത് ഏറിയാല്‍ സെന്റിന് നാലുലക്ഷം രൂപ കിട്ടും. ആസ്ഥാനത്താണ് എന്റെ ഭൂമിക്ക് സെന്റിന് 15ലക്ഷം രൂപ വെച്ചുതരാമെന്ന് പറഞ്ഞ് ബ്രോക്കര്‍മാരെത്തിയത്. ആര്‍ക്കുവേണ്ടിയാണ് അവര്‍ വന്നതെന്ന് ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. സമരസമതി ചെയര്‍മാനെന്ന് നിലയില്‍ മകനെ പിന്തിരിപ്പിക്കാന്‍ ഒരു കൂട്ടംപേര്‍ പത്തുലക്ഷം വാഗ്ദാനം ചെയ്തും എത്തി. പക്ഷെ ഞങ്ങള്‍ പിന്‍മാറുമോ. ഇനി ഞങ്ങള്‍ പിന്‍മാറിയാലും ഈ നാട് ഈ സമരത്തില്‍ നിന്ന് പിന്‍മാറുമോ. ഇത് ഇവിടുത്തെ ഏതെങ്കിലും വ്യക്തികളുടെ സ്വകാര്യ ലാഭത്തിനുവേണ്ടി ഉണ്ടാക്കിയ സമരമല്ല. ഒരു പ്രദേശത്തുകാരുടെ മുഴുന്‍ ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ്. വെള്ളവും പ്രകൃതിയും മലിനമാകുന്നെതിനെതിരായ സമരം. അതില്‍ നിന്ന് ഒരടിപോലും പിറകോട്ടുപോകുന്ന പ്രശ്‌നമേയില്ല.” കൃഷ്ണേട്ടന്‍ പറഞ്ഞു.

15ാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനം തുടങ്ങിയതാണ്. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഒളിവിലും തെളിവിലുമായി ഒരു പാട് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിന്നീട് പാര്‍ട്ടി അധികാര രാഷ്ട്രീയത്തിന്റേ ഭാഗമായപ്പോള്‍ കൃഷ്‌ണേട്ടന്‍ പതുക്കെ പാര്‍ട്ടിയോട് അകന്നു. പിന്നീട് 55ല്‍ കോണ്‍ഗ്രസിലേക്ക് ചേര്‍ന്നു. 70വരെ കോണ്‍ഗ്രസുകാരനായി തുടര്‍ന്ന് ഡിസിസി മെമ്പറായിരിക്കേയാണ് സജീവ രാഷ്ട്രീയത്തോട് വിടപറയുന്നത്. അതിനുശേഷം ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് മമതയൊന്നും കാണിച്ചില്ലെങ്കിലും നാട്ടിലെ എല്ലാ ജനകീയ പ്രശ്‌നങ്ങളിലും കൃഷ്ണേട്ടന്റെ സാന്നിധ്യമുണ്ട്.എടക്കാട് സമരത്തിലെ ഏറ്റവും മുതുര്‍ന്ന അംഗം കൃഷ്‌ണേട്ടനാണെങ്കിലും 50 കഴിഞ്ഞ സ്ത്രീകളടക്കം ഒരു പാട് പേര്‍ സമര നേതൃത്വത്തിലുണ്ട്. 

“ജനവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതിന് നടുവില്‍ ഒരു സൂപ്പര്‍ സ്പ്യഷ്യാലിറ്റ് ആശുപത്രി  കെട്ടിപൊക്കണം എന്ന് ആര്‍ക്കാണ് നിര്‍ബ്ബന്ധം? ‘ആശുപത്രി വികസനമാണ്’ എന്നാണ് രാഷ്ട്രീയ നേതൃത്വം ജനങ്ങളോട് പറുന്നത്. ഒരു നാട്ടില്‍ ആശുപത്രികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എങ്ങനെയാണ് വികസനമാകുന്നത്?” കൃഷ്‌ണേട്ടനും കൂട്ടരും പങ്കുവെക്കുന്ന പല ചോദ്യങ്ങള്‍ക്കും അധികാരികള്‍ക്ക്  ഉത്തരം നല്‍കാനാവുന്നില്ല.  

സമരം 200 തികയുന്ന ദിവസം വിപുലമായ പരിപാടികളും കലക്ടറുടെ വീട്ടിലേക്ക് മാര്‍ച്ചടക്കമുള്ള സമരങ്ങളും  ആലോചിക്കുകയാണ് സമരസമിതി. എതിര്‍പക്ഷത്തുള്ളത് രാഷ്ട്രീയവും പണവും സ്വാധീനവുമുള്ള വലിയൊരു ഗ്രൂപ്പാണ്. അവരുടെ പ്രലോഭനങ്ങളും ഭീഷണിയുമെല്ലാം മറികടന്ന് ഒരു ജനതയൊന്നാകെ സമരരംഗത്ത് ഉറച്ച് നില്‍ക്കുമ്പോള്‍ എത്രകാലം അധികാരികള്‍ക്ക് ഇവരെ കണ്ടില്ലെന്ന് നടിക്കാനാവും? ഇവര്‍ ഉയര്‍ത്തുന്ന മാനുഷികപ്രശ്‌നങ്ങള്‍ക്ക് നേരെ, നിയമ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടക്കാനാവും?

(തുടരും)

This post was last modified on December 23, 2014 12:31 pm