X

എന്റെ റാലി തടയാന്‍ ധൈര്യമുണ്ടോ? മമതയ്ക്ക് മോദിയുടെ വെല്ലുവിളി; പ്രചാരണം വെട്ടിക്കുറിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ഇന്ന് നടക്കുന്നതിനാലാണ് ഇത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പശ്ചിമ ബംഗാളില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. തന്റെ റാലി തടയാന്‍ മമതയ്ക്ക് ധൈര്യമുണ്ടോ എന്നാണ് മമതയോട് മോദി ചോദിച്ചത്. മോദിയുടെ രണ്ട് റാലികളാണ് ഇന്ന് ബംഗാളില്‍ നടക്കുന്നത്. ഈ റാലികള്‍ക്കായാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഒരു ദിവസം നേരത്തെ നിര്‍ത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് രാത്രി 10 മണി വരെ പരസ്യ പ്രചാരണത്തിന് സമയം നല്‍കിയിരിക്കുന്നത് എന്നാണ് മമതയുടേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും ആരോപണം.

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്ന് ആരോപിച്ച മോദി, ഈശ്വര്‍ ചന്ദ്രയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ബിജെപി പ്രവര്‍ത്തിക്കുമെന്നും പ്രതിമ നിലവിലുണ്ടായിരുന്ന അതേ സ്ഥലത്ത് ഒരു കൂറ്റന്‍ പ്രതിമ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ മാവുവില്‍ റാലിയില്‍ പ്രസംഗിക്കവേയാണ് മമതയ്ക്കും തൃണമൂലിനുമെതിരെ മോദി ആഞ്ഞടിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് പശ്ചിമ മേദിനിപ്പൂരിലെ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ തൃണമൂല്‍ ഗുണ്ടകളുടെ ശല്യം കാരണം തനിക്ക് പ്രസംഗം വെട്ടിച്ചുരുക്കേണ്ടി വന്നതായും മോദി ആരോപിച്ചു.

ഇന്ന് പരസ്യപ്രചാരണം അവസാനിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. അതേമയം ഇന്ന് രാത്രി 10 മണി വരെ പരസ്യപ്രചാരണമാകാം എന്നാണ് വിചിത്രമായ ഉത്തരവ്. വോ്‌ട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് വൈകീട്ട് ആറ് മണിയ്ക്കാണ് സാധാരണ പരസ്യ പ്രചാരണം അവസാനിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ട് റാലികളില്‍ പങ്കെടുക്കുന്നതിനാലാണ് ഇത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യയേയും ബംഗാള്‍ സിഐഡി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് കുമാറിനേയും ചുമതലകളില്‍ നിന്ന് മാറ്റാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍ വ്യാപക അക്രമം നടന്നിരുന്നു. നോര്‍ത്ത് കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ കോളേജിലുള്ള നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരാണ് എന്നാണ് തൃണമൂലിന്റെ ആരോപണം. മേയ് 12ന്റെ ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകനും ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണ് എന്ന് മമത ബാനര്‍ജി ആരോപിച്ചു. ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായ വിധത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് എന്ന് മമത കുറ്റപ്പെടുത്തി. അതേസമയം അക്രമമഴിച്ചുവിടുന്ന തൃണമൂലിനോടും മമതയോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൃദു സമീപനം പുലര്‍ത്തുകയാണ് എന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ ആരോപിച്ചു. വളരെ വൃത്തികെട്ടതും അപകടകരവുമായ രീതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ലക്ഷ്യം വയ്ക്കുകയാണ് ബിജെപിയെന്ന് ബി എസ് പി അധ്യക്ഷ മായാവതി ആരോപിച്ചു.

ബംഗാള്‍ പൂര്‍ണ അരാജകത്വത്തിലാണ് എന്ന് അംഗീകരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണം വെട്ടിച്ചുരുക്കിയതിലൂടെ ചെയ്തിരിക്കുന്നത് എന്ന് ബിജെപി അഭിപ്രായപ്പെട്ടു. പൊലീസും സര്‍ക്കാരും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ് എന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. തൃണമൂലുകാരാണ് പ്രതിമ തകര്‍ത്തത് എന്നായിരുന്നു അമിത് ഷായുടെ ആരോപണം. അതേസമയം ബിജെപി റാലിയില്‍ പങ്കെടുത്തവര്‍ പ്രതിമ തകര്‍ക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാലംഘനമാണ് നടത്തുന്നത് എന്നും മാപ്പര്‍ഹിക്കാത്ത വിധമാണ് കമ്മീഷന്റെ പ്രവര്‍ത്തനമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.  Model Code of Conduct (മാതൃക പെരുമാറ്റച്ചട്ടം) Modi Code of Conduct ആയിരിക്കുകയാണ്. മോദി-ഷാ നേതൃത്വത്തിന്റെ കയ്യിലെ കളിപ്പാവയായിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിയുടെ റാലിക്കുള്ള ഫ്രീ പാസ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. അതിന് വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള തീരുമാനം – കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് സമ്മാനം നല്‍കിയിരിക്കുകയാണ് എന്ന് മമത ആരോപിക്കുന്നു.

കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം വേണമെന്ന് നിര്‍ബന്ധമില്ല, മോദി വരാതിരിക്കുകയാണ് ലക്ഷ്യം: ഗുലാം നബി ആസാദ്

This post was last modified on May 16, 2019 2:00 pm