X

1984 പരാമര്‍ശം: സാം പിത്രോദ ലജ്ജിക്കണമെന്ന് രാഹുല്‍ ഗാന്ധി, പിത്രോദയല്ല നിങ്ങളാണ് ലജ്ജിക്കേണ്ടത് എന്ന് രാഹുലിനോട് മോദി

കുടുംബവാഴ്ചക്കാരനാണ് ഇക്കാര്യത്തില്‍ ലജ്ജിക്കേണ്ടത് - പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ മോദി പറഞ്ഞു.

1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വാക് പോര് അവസാനിക്കുന്നില്ല. ലജ്ജിക്കേണ്ട കാര്യമാണ് സാം പിത്രോദ പറഞ്ഞത് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്ന് പറഞ്ഞിരുന്നു. അതേസമയം നിങ്ങളുടെ ഉപദേശകനായ പിത്രോദയല്ല, നിങ്ങളാണ് 1984ലെ കലാപത്തിന്റെ പേരില്‍ ലജ്ജിക്കേണ്ടത് എന്നാണ് രാഹുല്‍ ഗാന്ധിയോട് മോദി പറഞ്ഞത്. ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ ഗാന്ധിയുടെ ഉപദേശകരില്‍ ഒരാളും ടെലികോം വിപ്ലവത്തിന്റെ ഉപജ്ഞാതാവുമായ സാം പിത്രോദയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിനെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു.

കുടുംബവാഴ്ചക്കാരനാണ് ഇക്കാര്യത്തില്‍ ലജ്ജിക്കേണ്ടത് – പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ മോദി പറഞ്ഞു. അകാലിദള്‍ സ്ഥാനാര്‍ത്ഥിയായ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു മോദി. കോണ്‍ഗ്രസ് അഹങ്കാരത്തിന്റെ അങ്ങേത്തലക്കലാണ് നില്‍ക്കുന്നത് എന്നും അവര്‍ 50 സീറ്റ് നേടാന്‍ പോലും കഷ്ടപ്പെടുകയാണെന്നും മോദി അഭിപ്രായപ്പെട്ടു.

ബിജെപി തന്ത്രപൂര്‍വം ഇട്ട കൊളുത്തില്‍ പിത്രോദ സ്വയം കുരുങ്ങുകയായിരുന്നു. സിഖ് വോട്ടുകള്‍ നിര്‍ണായകമായ ഡല്‍ഹിയിലും ഹരിയാനയിലും സിഖ് ഭൂരിപക്ഷ സംസ്ഥാനമായ പഞ്ചാബിലും വലിയ തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കി ഇതിനെ ബിജെപി മാറ്റി. വളരെ പെട്ടെന്ന് തന്നെ പിത്രോദയെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിരുന്നു. ഇന്നത്തെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോടെ ഇത് പൂര്‍ണമായി. മേയ് 19ന്റെ അവസാന ഘട്ടത്തിലാണ് വോട്ടെടുപ്പ് എന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതില്‍ പിടിച്ചിരിക്കുകയാണ്.

1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് സാം പിത്രോദ പറഞ്ഞത് പൂര്‍ണമായും തെറ്റാണ്. അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം. ഞാന്‍ അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹം ലജ്ജിക്കേണ്ട കാര്യമാണ് – പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹുവാ തോ ഹുവ (നടന്നത് നടന്നു, അതിനിപ്പോ എന്താ) എന്നായിരുന്നു സാം പിത്രോദയുടെ വിവാദ പരാമര്‍ശം. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും പ്രതികരിക്കുന്നതിന് ഇടെയാണ് പിത്രോദ ഇക്കാര്യം പറഞ്ഞത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ പിത്രോദയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. പിത്രോദ മാപ്പ് പറയുകയും ചെയ്തു.

This post was last modified on May 14, 2019 6:30 am

Related Post
Leave a Comment