X

സീറ്റ് കിട്ടാന്‍ തന്റെ പിതാവ് കെജ്രിവാളിന് ആറ് കോടി രൂപ നല്‍കിയതായി എഎപി സ്ഥാനാര്‍ത്ഥിയുടെ മകന്‍; വോട്ടെടുപ്പിന്റെ തലേന്ന് ഗുരുതര ആരോപണം

അതേസമയം തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഉദയ് ഝാക്കര്‍ പറയുന്നു.

സീറ്റ് കിട്ടാന്‍ തന്റെ പിതാവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആറ് കോടി രൂപ നല്‍കിയതായി എഎപി സ്ഥാനാര്‍ത്ഥിയുടെ മകന്‍. വോട്ടെടുപ്പിന്റെ തലേന്നാണ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണം വന്നിരിക്കുന്നത്. വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ബല്‍ബീര്‍ സിംഗ് ഝാക്കറിന്റെ മകന്‍ ഉദയ് ഝാക്കര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി തുടങ്ങിയ കെജ്രിവാള്‍ അഴിമതിക്കാരനും കൈക്കൂലിക്കാരനുമാണ് എന്ന് ഇത് വ്യക്തമാക്കുന്നത് എന്ന് ഉദയ് ഝാക്കര്‍ പറയുന്നു.

അതേസമയം മകന്റെ ആരോപണം ബല്‍ബീര്‍ ഝാക്കര്‍ തള്ളിക്കളഞ്ഞു. ഒരു വര്‍ഷത്തിലധികമായി മകന്‍ തനിക്കൊപ്പല്ല താമസിക്കുന്നത് എന്ന് ബല്‍ബീര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. ആരോപണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബല്‍ബീര്‍ ഝാക്കര്‍ പറഞ്ഞു.

പിതാവിനെതിരെ മറ്റ് ആരോപണങ്ങളും ഉദയ് ഉന്നയിക്കുന്നുണ്ട്. 1984ലെ സിഖ് കൂട്ടക്കൊല കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ രക്ഷിക്കാന്‍ ബല്‍ബീര്‍ സിംഗ് ഝാക്കര്‍ ശ്രമിച്ചതായും ഉദയ് ആരോപിക്കുന്നു. എന്റെ പിതാവ് സജ്ജന്‍ കുമാറിന് വേണ്ടി ഹാജരാകാന്‍ തീരുമാനിച്ചു. വലിയ തുകയാണ് കേസ് വാദിക്കാനായി ലഭിച്ചത് – ഉദയ് പറയുന്നു. അതേസമയം തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഉദയ് ഝാക്കര്‍ പറയുന്നു.

This post was last modified on May 11, 2019 10:29 pm