X

ആര്‍ക്ക് വോട്ട് ചെയ്യണം? ഡിങ്കമതക്കാര്‍ മൂഷിക ലേഖനം പുറത്തിറക്കി

അഴിമുഖം പ്രതിനിധി

ഡിങ്ക മത വിശ്വാസികള്‍ക്കുവേണ്ടി കേരള ഡിങ്ക ബിഷപ്പ്‌സ് കോഗ്ലോമെറേറ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രത്യേക മൂഷിക പാലന ലേഖനം പുറത്തിറക്കി. ഡിങ്ക മഹാ സഭ, മൂഷിക സേന തുടങ്ങിയ സംഘടനകള്‍ കാലങ്ങളായി മുന്നോട്ടു വച്ചിട്ടുള്ള സാമൂഹിക വിഷയങ്ങള്‍ യുക്തിസഹമായ നിലപാടുകള്‍ പിന്‍പറ്റുമെന്ന് വാഗ്ദാനം ചെയ്യുന്നവര്‍ക്കും മുമ്പ് തങ്ങളുടെ നിലപാടുകളോട് ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുള്ളവര്‍ക്കും വോട്ട് നല്‍കണമെന്ന് മൂഷിക ലേഖനം ആഹ്വാനം ചെയ്യുന്നു. കൂടാതെ സമുദായാംഗങ്ങളായ ഭാരതീയ ഡിങ്ക ജന സേന (ബിഡിജെസ്) സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും മൂഷിക ലേഖനം അഭ്യര്‍ത്ഥിക്കുന്നു. പല പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും നമ്മെ അവഗണിക്കുന്ന അവസ്ഥ ഉണ്ടായിട്ടുള്ളതിനാല്‍ അതിന് ശക്തമായ തിരിച്ചടി നല്‍കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും മൂഷിക ലേഖനം ഓര്‍മ്മിപ്പിക്കുന്നു.


കപ്പ ദേശീയ ഭക്ഷണം ആക്കുക, ബീഫ് അംഗീകൃത സൈഡ് ഡിഷ് ആക്കുക, എലിയെ ദേശീയ മൃഗം ആക്കുക, മൂഷിക വധം നിരോധിക്കുക, മൂഷിക സംരക്ഷണത്തിനായുള്ള പ്രത്യേക പാക്കേജ് നടപ്പിലാക്കുക, ഡിങ്കോയിസ്റ്റുകള്‍ക്ക് പ്രത്യേക ന്യൂനപക്ഷ പദവി നല്‍കുക, അക്ഷയ ജട്ടീയക്ക് പൊതു അവധി പ്രഖ്യാപിക്കുക, ഡിങ്ക വിഹാര കേന്ദ്രമായ പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കാനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, മലനിരകള്‍ ഇടിച്ചു ഭഗവാന്റെ മാളങ്ങള്‍ നശിപ്പിച്ചു ക്വാറി പണിയുന്നവരെ പിന്തുണയ്ക്കുന്ന മത മേലധ്യക്ഷന്മാരെ തുറങ്കിലടയ്ക്കുക, ശാസ്ത്രാഭിരുചി വര്‍ദ്ധിപ്പിക്കുക, അശാസ്ത്രീയവും അബദ്ധ ജടിലവും ആയ ചികിത്സാ രീതികള്‍ നിരോധിക്കുക, ചരിത്രത്തെ വളച്ചൊടിക്കുകയും മിത്തിനെ ചരിത്രവുമായി കൂട്ടിക്കലര്‍ത്തുകയും ചെയ്യുന്നവരെ തിയേറ്ററില്‍ കെട്ടിയിട്ടു മൂന്നു പ്രാവശ്യം കാണ്ഡഹാര്‍ കാണിക്കുക, വൈറ്റ് ചര്‍ച്ച് നടേശ ഗുരുവിന് മൗത്ത് പ്ലഗ്ഗും മണിയാശാന് ഫെയര്‍ ആന്റ് ലവ്‌ലിയും നല്‍കി ഒരു വിവാദം അവസാനിപ്പിക്കാനുള്ള മുന്‍കൈ എടുക്കുക, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ചൈന, ഖസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്താണ്ടൊക്കെ സ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അഖണ്ഡ പങ്കില സംസ്ഥാനം രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ് ഡിങ്കമതാനുയായികള്‍ വിവിധ കാലങ്ങളായി മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍.

നല്ലൊരു ഗവണ്‍മെന്റ് ഉണ്ടാകുവാന്‍ വെറുതെ ഇരുന്ന് പ്രാര്‍ത്ഥിച്ച് സമയം കളയാതെ പ്രകടന പത്രികകളും മറ്റും വായിച്ചു സ്ഥാനാര്‍ത്ഥികളെ പറ്റി കൂടുതല്‍ വായിച്ചു മനസ്സിലാക്കണമെന്നും ഡിങ്കമതാനുയായികളെ മൂഷിക ലേഖനം ഉപദേശിക്കുന്നുണ്ട്.

This post was last modified on May 15, 2016 10:20 am