X

ചൈനയിലെ അവസാനിക്കാത്ത തടവറ പീഡനങ്ങള്‍

മായ വാങ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്‍റ് സി ജിന്‍പിങ് അടുത്ത മാസം അമേരിക്കയിലെത്തുമ്പോള്‍ ചൈനയിലെ തടവറ പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തുമോ ?

അങ്ങനെയെങ്കില്‍ കഴിഞ്ഞ വര്‍ഷം അപൂര്‍വമായൊരു വിധിയിലൂടെ വധശിക്ഷക്ക് വിധിക്കപ്പെട്ട്, 8 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കുറ്റവിമുക്തനാക്കപ്പെട്ട ന്യാന്‍ ബിന്‍ കേസ് സി ചൂണ്ടിക്കാട്ടും. പീഡനത്തിലൂടെ ഉണ്ടാക്കിയ ഒരു കുറ്റസമ്മതത്തിലൂടെയാണ് തന്നെ ശിക്ഷിച്ചിരുന്നതെന്ന് ന്യാന്‍ ബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ന്യാന്‍ ഇപ്പൊഴും തടവറയിലെ തന്റെ പീഡനങ്ങളെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഓര്‍മ്മയില്‍ ഉറക്കത്തില്‍നിന്നും ഞെട്ടി ഉണരാറുണ്ട് എന്നത് സി പറയാനിടയില്ല. 

കുറ്റാന്വേഷണ സമയത്തെ പൊലീസ് പീഡനങ്ങള്‍ കുറക്കാന്‍ കഴിഞ്ഞ 6 വര്‍ഷമായി ബീജിംഗ് ചില നടപടികള്‍ എടുത്തിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട് എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട് കാണിക്കുന്നത്. 

മുമ്പ് അന്വേഷണത്തിന് വിധേയരായവര്‍ ഞങ്ങളോട് പറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥര്‍ അവരെ ദിവസങ്ങളോളം കയ്യും കാലും വിലങ്ങിലിട്ട് ‘കടുവ കസേര’യില്‍ ഇരുത്തുകയും, കെട്ടിത്തൂക്കുകയും, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുമെന്നാണ്. മേല്‍നോട്ട ചുമതലയുള്ള സഹതടവുകാരുടെ വക മര്‍ദ്ദനം വേറെ. വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റെല്ലാവരെയും പോലെ ‘യാങ് ജീന്‍ഹ്വ’യും (ശരിക്കുള്ള പേരല്ല) കൈകാലുകള്‍ വിലങ്ങിലിട്ട് എട്ട് വര്‍ഷമാണ് കഴിഞ്ഞത്. സ്വയം ഭക്ഷണം കഴിക്കാനോ വസ്ത്രം ധരിക്കാനോ അയാള്‍ക്കാവുന്നില്ലെന്നാണ് അയാളുടെ സഹോദരി പറഞ്ഞത്. 

എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിക്കാന്‍ തടവിലക്കപ്പെട്ടവര്‍ക്ക് വിരളമായേ അവസരം ലഭിക്കുന്നുള്ളൂ. അഭിഭാഷകനെ ലഭിക്കാന്‍ അവകാശമുണ്ടെങ്കിലും ചൈനയിലെ 70 മുതല്‍ 90% വരെ ക്രിമിനല്‍ വിചാരണ തടവുകാര്‍ക്കും അഭിഭാഷകരില്ല. ചോദ്യം ചെയ്യല്‍ സമയത്ത് അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കുന്നില്ല. നിശബ്ദരായിരിക്കാനുള്ള, ഉത്തരം പറയാതിരിക്കാനുള്ള അവകാശവുമില്ല. 

ഹനാന്‍ പ്രവിശ്യയില്‍ തടവിലായിരുന്ന ഒരാള്‍ പറഞ്ഞത് പൊലീസ് മര്‍ദ്ദിക്കവേ താന്‍ അഭിഭാഷകനെ വെച്ച് കേസ് കൊടുക്കുമെന്ന് അയാള്‍ പറഞ്ഞു. പൊലീസ് തിരിച്ചു ചോദിച്ചു;’അഭിഭാഷകനോ? ഇത് യു.എസ് ആണെന്ന് കരുതിയോ?’ മര്‍ദ്ദനം തുടര്‍ന്നു. തങ്ങളുടെ കുടുംബവുമായി ബന്ധപ്പെടാനൊ പുറത്തുനിന്നുള്ള വൈദ്യസഹായത്തിനൊ തടവിലാക്കപ്പെട്ടവര്‍ക്ക് സാധ്യതയില്ല. 

എന്തുകൊണ്ടാണ് ചൈനയില്‍ പീഡനം അവസാനിപ്പിക്കല്‍ ഇത്ര ദുഷ്‌കരമാകുന്നത്? പ്രധാന കാരണം വിപുലമായ പൊലീസ് അധികാരങ്ങളാണ്. മറ്റ് കാരണങ്ങളൊന്നും കാണിക്കാതെ, എവിടേയും ഹാജരാക്കാതെ പൊലീസിന് ഒരാളെ 37 ദിവസം വരെ തടവില്‍ വെക്കാം. ഹോങ്കോങ്ങിലടക്കം മറ്റ് മിക്കയിടത്തും പിടികൂടി 48 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണം. പൊലീസിന്റെ ചുമതലയുള്ള പൊതു സുരക്ഷാ മന്ത്രാലയം തടവിലാക്കപ്പെട്ടവരുടെ കാര്യത്തില്‍ പൊലീസിന് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കിയിരിക്കുകയാണ്. തടവിലാക്കലും ശിക്ഷയും പോകട്ടെ, മര്‍ദ്ദനം നടത്തിയതിന്റെ പേരില്‍ അച്ചടക്കനടപടി പോലും വിരളമാണ്. 

മര്‍ദ്ദനം നടത്തി ഉണ്ടാക്കുന്ന കുറ്റസമ്മതം കോടതിയില്‍ തെളിവായി സ്വീകരിക്കുകയില്ലെന്ന് 2009ല്‍ ചട്ടം പുതുക്കി. പക്ഷേ ഇതിനെയും മറികടക്കാനുള്ള കുറുക്കുവഴികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നു. പല ചോദ്യം ചെയ്യല്‍ കേന്ദ്രങ്ങളിലും അന്വേഷകരെയും ചോദ്യം ചെയ്യപ്പെടുന്നവരെയും വേര്‍തിരിക്കുന്ന ഇരുമ്പഴികള്‍ വെച്ചപ്പോള്‍ പുറത്തുകൊണ്ടുപോയി മര്‍ദ്ദിച്ച് തിരികെക്കൊണ്ടുവരുന്ന രീതിയാണിപ്പോള്‍. സെല്ലിന് പുറത്തുകൊണ്ടുപോകുന്നതിനേക്കാള്‍ ഭീതിദമായി മറ്റൊന്നുമില്ലെന്നാണ് മുന്‍ തടവുകാരന്‍ വു യിംഗ് പറഞ്ഞത്. 

പീഡനങ്ങള്‍ക്ക് പോലീസുകാര്‍ക്ക് മേല്‍ അന്വേഷണം നടത്താനൊന്നും അധികൃതര്‍ക്ക് താത്പര്യമില്ല. വിചാരണയിലുടനീളം പീഡനത്തെക്കുറിച്ചുള്ള തങ്ങളുടെ പരാതികള്‍ക്ക് ആരും ചെവികൊടുത്തില്ലെന്ന് മിക്ക തടവുകാരും കുടുംബങ്ങളും ഞങ്ങളോട് പറഞ്ഞു. അതൊരു ‘ചെറിയ സംഗതിയാണെന്നാണ്’ തന്റെ ഭര്‍ത്താവിനെ വികലാംഗനാക്കിയ പീഡനത്തെക്കുറിച്ചുള്ള പരാതിയുമായി ചെന്ന സ്ത്രീയോട് അതന്വേഷിക്കേണ്ട അധികൃതര്‍ പറഞ്ഞത്. 

പലപ്പോഴും മര്‍ദ്ദനത്തെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ പോലും ന്യായാധിപന്മാര്‍ അവഗണിക്കുന്നു. 2014ലെ ആദ്യ നാലു മാസത്തില്‍ വന്ന ഒന്നരലക്ഷം വിധിന്യായങ്ങളില്‍ 432 എണ്ണം മര്‍ദ്ദനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ 23 എണ്ണത്തില്‍ മാത്രമേ കോടതി തെളിവ് നിരാകരിച്ചിട്ടുള്ളൂ. ഒന്നുപോലും കുറ്റവിമുക്തിയില്‍ എത്തിയിട്ടുമില്ല. 

പുതിയ ചട്ടങ്ങള്‍ ന്യാനിന്റെ മോചനത്തില്‍ കലാശിച്ചു. ചില പ്രമുഖ കേസുകള്‍ വീണ്ടും വാദം കേട്ടേക്കാം. പക്ഷേ ചില വിജയങ്ങള്‍ ദുരന്തസമാനമാണ്; ന്യാന്‍ സംഭവത്തില്‍ തെറ്റായി തടവിലിട്ടതിനോ മര്‍ദ്ദനത്തിനോ ആരെയും കുറ്റക്കാരായി കണ്ടില്ല. മാത്രവുമല്ല കഴിഞ്ഞ വര്‍ഷം അവസാനം കേസില്‍ അയല്‍ക്കാരെ വിഷം വെച്ച് എന്നതിന് പുതിയ തെളിവുണ്ടെന്ന് പറഞ്ഞു ഫുജിയാന്‍ പൊലീസ് കേസ് വീണ്ടും തുറന്നു. അയാളിപ്പോള്‍ വീണ്ടും സംശയിക്കപ്പെടുന്നവരുടെ പട്ടികയിലാണ്. 

സര്‍ക്കാര്‍ പൊലീസിന്റെ അധികാരങ്ങള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും പ്രതികളുടെ അടിസ്ഥാന അവകാശങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഇത്തരം അന്യായ തടങ്കലും പീഡനവും ഉദ്യോഗസ്ഥര്‍ നിര്‍ബാധം തുടരും. 

നിരന്തര പീഡനവും നീണ്ടകാലത്തെ സഹനവും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം കെടുത്തുന്നു. ചൈനയിലെ നിയമ പരിഷ്‌കാരത്തില്‍ യു.എസിന് ഗൗരവമായ താത്പര്യമുണ്ടെങ്കില്‍ ന്യാനിന് മറ്റൊരുപാട് പേര്‍ക്കും രാത്രി ഉറങ്ങാനാകുമെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ ഒബാമയും സിയും ചര്‍ച്ച ചെയ്യണം. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on August 31, 2015 8:34 am