X

പ്രണയ ദുരന്തത്തിന്റെ നോവ് മാത്രം ആഘോഷിക്കപ്പെടുമ്പോള്‍

ശ്രീലതാ പിള്ള 

പ്രണയം സുന്ദരസുരഭില വാക്കാണ് എനിക്ക്. വായിക്കാനും കേള്‍ക്കാനും പ്രയോഗിക്കാനും തീരെ ഇഷ്ടമില്ലാത്ത വാക്കുകളാണ് പ്രേമം, കാമുകി, കാമുകന്‍ എന്നിവ. അതില്‍ ഒളിഞ്ഞുകിടക്കുന്ന എന്തോ ഒരു അരുതായ്ക/ഇഷ്ടപ്പെടായ്ക അനുഭവപ്പെടാറുണ്ട്. അനുരാഗമാകട്ടെ എന്തോ ഒരു പക്വതക്കുറവ് തോന്നിപ്പിക്കുന്നു, ഒരുതരം പിള്ളേരുകളി എന്നും മറ്റും പറയുമ്പോലെ. അതെ, പ്രണയം, അതാണ് ആ വാക്കിന്റെ എല്ലാ മധുരിമയും കാല്‍പ്പനികതയും മുറിവുകളും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന ഒരു പ്രയോഗം. ഒരു വ്യക്തിയോടു തോന്നുന്ന ആകര്‍ഷണം മാത്രമല്ല, മറിച്ച് മറ്റു പലതിനോടും തോന്നുന്ന ഒരു തരം വൈകാരിക അടുപ്പവും ആ വാക്ക് ദ്യോതിപ്പിക്കുന്നുണ്ട്, നടന്‍ മോഹന്‍ലാല്‍ പറഞ്ഞതുപോലെ.

പ്രേമം സിനിമ കാണാന്‍ അവസരം ലഭിച്ചില്ല. ‘എന്നു നിന്റെ മൊയ്തീന്‍’ കണ്ടു. മൊയ്തീന്‍-കാഞ്ചനമാല കഥ നേരത്തേ വായിച്ചതാണ്. സ്റ്റാര്‍ട്ടിനും കട്ടിനും ഇടയ്ക്ക് മാത്രമായി സിനിമയെ നിര്‍ത്തുന്ന-നടന്റെ തന്നെ വാക്കുകള്‍-പ്രൃഥിരാജെന്ന ബുദ്ധിമാനായ നടന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ മൊയ്തീന്‍ എന്ന തന്റെ കഥാപാത്രത്തില്‍ ഒബ്‌സെ്സ്സ്ഡ് ആയെന്ന പോലെ തോന്നി. അതു കണ്ടപ്പോഴേ തീരുമാനിച്ചതാണ് കണ്ണുനീരു തുടയ്ക്കാന്‍ ഒരു കെട്ടു ടിഷ്യുവുമായി മൊയ്തീനെ, അല്ല മൊയ്തീന്റെ കാഞ്ചനമാലയെ തീയേറ്ററില്‍ പോയി കാണണം എന്ന്. പക്ഷേ ഒന്നു രണ്ടിടത്ത് ചെറുതായി കണ്ണു നനഞ്ഞുവെന്നല്ലാതെ ടിഷ്യു ഉപയോഗിക്കേണ്ടി വന്നതേയില്ല കഠിനഹൃദയിയായ എനിക്ക്.

സിനിമ കാണും മുമ്പു തന്നെ കണ്ടവരുടെ അഭിപ്രായങ്ങള്‍ വച്ച് ചര്‍ച്ചകള്‍ ഒരു പിടി, പിന്നെ എന്തുകൊണ്ട് ഈ രണ്ടു സിനിമകളും ഒരു പോലെ ജനങ്ങള്‍ക്കിടയില്‍ ആഘോഷിക്കപ്പെട്ടു എന്നതിനെ കുറിച്ചുള്ള വിശകലനങ്ങള്‍, സിനിമ മൊയ്തീനോടും കാഞ്ചനയോടും നീതി പുലര്‍ത്തുന്നുവോ എന്ന്, അവരെ അറിഞ്ഞവരുടെ വര്‍ണ്ണനകള്‍, കാലഗണന സൂചിപ്പിച്ചത് ശരിയായോ എന്ന്, അങ്ങനെ അങ്ങനെ പലതും ഓണ്‍ലൈന്‍ ഇടങ്ങളില്‍ വായിച്ചു വായിച്ച് തല നിറച്ചു വച്ചിരുന്നു ഞാന്‍. ഗൂഗിള്‍ പ്ലസില്‍ ഞാന്‍ വായിച്ചറിഞ്ഞ ഇവയൊന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞതു പോലെയുള്ള ചൊറിച്ചിലുകളോ, വൈരാഗ്യം തീര്‍ക്കലോ ഒന്നുമല്ല. തികച്ചും യുക്തിഭദ്രവിശകലനങ്ങളാണ്. അതില്‍ തെറ്റേതും തോന്നിയതുമില്ല. ആരും ഒന്നും വിമര്‍ശനത്തിനതീതമല്ലല്ലോ. വിമര്‍ശനങ്ങള്‍ വിമലിനെ പോലുള്ള നവസംവിധായകരെ ശക്തിപ്പെടുത്തുകയേയുള്ളു എന്നാണ് എനിക്കു തോന്നുന്നത്. സ്വയം തിരുത്താന്‍ കിട്ടുന്ന അസുലഭ സന്ദര്‍ഭങ്ങളായി വിമല്‍ ഈ വിമര്‍ശനങ്ങളെ കാണും എന്നത്രേ ഞാന്‍ കരുതുന്നത്.

പ്രണയ പുകഴ്ത്തലോ കാല്‍പ്പനികതയോ ഒന്നുമല്ല എന്റെ വിഷയം, പ്രായോഗികതയാണ്, ലേശം കൊസ്രാകൊള്ളി എന്നു തന്നെ പറയാം. 60 ല്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് പേരു കേട്ട ഹിന്ദു-ക്രിസ്ത്യന്‍ തറവാടുകളില്‍ നിന്ന് വീട്ടുകാരുടെയും നാട്ടുകാരുടേയും എതിര്‍പ്പു വകവയ്ക്കാതെ വിവാഹിതരായി തികച്ചും സന്തോഷദാമ്പത്യം നയിച്ച, സരളച്ചേച്ചി-കുഞ്ചായന്‍ എന്നു ഞങ്ങള്‍ വിളിച്ചിരുന്ന, അച്ഛനമ്മമാരുടെ ചങ്ങാതിമാരായ സരള-എന്‍.എം.ജോണ്‍( ഇദ്ദേഹം 2014 ല്‍ മരിച്ചു) ദമ്പതികളെ നന്നായി അറിയാം. പെരുന്നയിലെ ഒരു പ്രശസ്ത നായര്‍ തറവാട്ടിലെ അംഗവും കോളേജ് അദ്ധ്യാപികയുമായിരുന്ന സരളയുടെ പ്രണയത്തിന് അന്നത്തെ എന്‍.എസ്. എസ് അധികൃതര്‍ ഇട്ട വില പിരിച്ചുവിടുന്നതിനു മുമ്പ് ജോലി രാജിവക്കുക എന്ന അന്ത്യശാസനം ആയിരുന്നു. അന്നത്തെ കാലം അതായിരുന്നു. പക്ഷേ ഭീഷണികള്‍ക്കു മുമ്പില്‍ മുട്ടുമടക്കുവാന്‍ തയ്യാറാകാതിരുന്ന അസാദ്ധ്യധൈര്യശാലികളായിരുന്ന അവര്‍ ഇരുവരും കല്‍ക്കട്ടയ്ക്ക് കുടിയേറി, അവിടെ ജീവിതമുറപ്പിച്ചു. മൂന്നു മക്കളും സ്വന്തം ജീവിതപങ്കാളികളെ സ്വയം കണ്ടുപിടിച്ച് ഇന്ത്യയിലും വിദേശത്തുമായി സസുഖം കഴിയുന്നു. ഒരു മാതൃകാ കോസ്‌മോപൊളിറ്റന്‍ കുടുംബം. ഇതേ പോലെ മിശ്രവിവാഹിതരായവര്‍ പലരുണ്ട് നമുക്കിടയില്‍. ഗീതാ ബലറാം-പരേതനായ എം.നാസര്‍ തുടങ്ങിയ ചിലരെല്ലാം നമുക്കു പരിചിതരുമാണ്.

അപ്പോള്‍ പറഞ്ഞുവന്നത്, ഇവരൊന്നും നമ്മുടെ സമൂഹത്തില്‍ ആഘോഷിക്കപ്പെടാത്തതെന്താണ്? ആരും ഇവരുടെ കഥ സിനിമയാക്കാത്തതെന്താണ് ? എനിക്കു തോന്നുന്ന ഉത്തരം വളരെ ലളിതമാണ്. ഇവരില്‍ ചിലരെങ്കിലും കുടുംബത്തോടും സമൂഹത്തോടും പൊരുതി തീവഴികള്‍ ചവിട്ടി കടന്ന് അവരവരുടെ ലക്ഷ്യം നേടിയെടുത്ത ബുദ്ധിയുള്ള മിടുക്കരാണ്, പരാജിതരല്ല! ആദിമകാലം മുതലേ നമുക്ക് വേണ്ടത് പരാജിതരെ അത്രേ! ദുരന്തങ്ങളത്രേ!

കുട്ടികള്‍ക്കു വേണ്ടിയുള്ള എല്ലാ കഥകളും അവസാനിക്കുക ‘രാജകുമാരനും രാജകുമാരിയും സുഖമായി കഴിഞ്ഞു ‘എന്നാണ്. പക്ഷേ യൗവ്വനമാകുമ്പോഴോ, നേടുന്ന പ്രണയങ്ങളെപ്പറ്റിയുള്ള കഥകള്‍ ആര്‍ക്കും വേണ്ട. പകരം വേണ്ടത് പ്രണയദുരന്തങ്ങള്‍ മാത്രമാണ്. ഷേക്‌സ്പിയറിന്റെ റോമിയോ ആന്‍ഡ് ജൂലിയെറ്റ് എന്ന ദുരന്ത പ്രണയനാടകത്തിന് ആധാരമായ പല കഥകളിലൊന്നായിരുന്ന ഹില്‍ ഓഫ് റോസസ്-റോസാപ്പുക്കളുടെ കുന്ന്-എന്ന കഥ ഈയിടെ വായിച്ചതേ ഉള്ളു. നായകന്‍ (റോമിയൂസ്) കൊല്ലപ്പെടുന്നു, നായിക(ജൂലിയെറ്റ) നായകന്റെ ശവകുടീരത്തില്‍ സന്യാസിനിയെപ്പോലെ കഴിയുന്നു, പിന്നെ അധികം വൈകാതെ മരണപ്പെടുന്നു, അതേ കുടീരത്തില്‍ അടക്കപ്പെടുകയും ചെയ്യുന്നു. ഹില്‍ ഓഫ് റോസസ് വളരെ ആഘോഷിക്കപ്പെട്ടതാണ്, ആ കഥ നടന്നതെന്നു കരുതപ്പെടുന്ന സ്ഥലം, ഇറ്റലിയിലെ വെറോണ, ഇപ്പോഴും ആളുകള്‍ സന്ദര്‍ശിക്കുന്നു, നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകള്‍ക്കായി റോസാപുഷ്പങ്ങള്‍ കണ്ണുനീരോടെ അര്‍പ്പിക്കുന്നു. റോമിയൂസും ജൂലിയെറ്റയും വിവാഹിതരായിരുന്നുവെങ്കില്‍ ഈ കഥ ആരും ഓര്‍ക്കുകയില്ലായിരുന്നു!

ഇത്തരം കഥകള്‍ എന്നും കൊണ്ടാടപ്പെടുന്നതിന്റെ വികാരതലം എന്താണ്? പ്രണയത്തിന്റെ പേരില്‍ ജീവിതം എരിച്ചു തീര്‍ക്കുന്ന, ആത്മാഹുതി നടത്തുന്ന, നശിപ്പിച്ചു കളയുന്ന ആണും പെണ്ണും മഹത്വവല്‍ക്കരിക്കപ്പെടുന്നതെന്താണ്? ‘മാനസം കല്ലുകൊണ്ടല്ലാതെയായുള്ള മാനവരാരാനുമുണ്ടെന്നിരിക്കുകില്‍, ഇക്കല്ലറതന്‍ ചവിട്ടു പടിമേലൊരിത്തിരി നേരം ഇരുന്നേച്ചു പോകണേ ‘ എന്നു പാടി നമ്മളെ കരയിച്ച ചങ്ങമ്പുഴയുടെ പ്രിയ ചങ്ങാതി ഇടപ്പള്ളി രാഘവന്‍പിള്ള ഒരു മുഴും കയറില്‍ ജീവിതം ഒടുക്കിയത് പ്രണയനൈരാശ്യം കൊണ്ടാണ് എന്നു നമ്മള്‍ വിശ്വസിക്കുന്നു. നോവലുകളാണെങ്കിലോ, അതെത്ര? കുടിച്ചു കുന്തം മറിഞ്ഞു നടന്ന പാര്‍വ്വതിയുടെ ദേവദാസ്, ഭ്രാന്തനെപ്പോലെ അലഞ്ഞുതിരിഞ്ഞു നടന്ന ലൈലയുടെ ഖ്വാസി എന്ന മജ്‌നു. ഇംഗ്ലീഷില്‍ വെര്‍ജിന്‍ ലവ്- പരിശുദ്ധ പ്രണയം-എന്നു വിശേഷിപ്പിക്കുന്ന തരം പ്രണയങ്ങളാണ് ഇവ. ലോകസമൂഹത്തിനു ഇപ്പോഴും വേണ്ടത് സാര്‍ത്ഥകമാകാത്ത പരിശുദ്ധപ്രണയത്തിന്റെ ബലിയാടുകളെ അത്രേ! ദുരന്തങ്ങളത്രേ! കണ്ണുനീരത്രേ! ഒരു പക്ഷേ കണ്ണുനീരിന്റെ നനവ്, ശക്തി, വികാരതരളത, ചിരിയുടെ പ്രകാശത്തിലും വശ്യതയിലും വലുതാവാം. കാഞ്ചനമാലയുടെ കാത്തിരിപ്പ്, അതാണ് ഈ സിനിമയുടെ ഹൈലൈറ്റ്! അതുകൊണ്ടാണ് അത് ഇത്ര ആഘോഷിക്കപ്പെട്ടതും!

‘കാ ത്വം ബാലേ, കാഞ്ചനമാല…. ‘ എന്ന സംസ്‌കൃതശ്ലോകം കുഞ്ഞുന്നാളിലെന്നോ അമ്മ പറഞ്ഞു തന്നതാണ്. അന്നു മുതല്‍ ഇഷ്ടപ്പെട്ടുതുടങ്ങിയതാണ് കാഞ്ചനമാല എന്ന പേര്. പിന്നീട് കാഞ്ചനമാലയെപ്പറ്റി വായിച്ചറിഞ്ഞപ്പോള്‍ ആ ഇഷ്ടത്തിന് ഒരു രൂപവും ഭാവവും കൂടി കൈവന്നു. മൊയ്തീന്‍ എന്ന അസാധാരണ പ്രതിഭാസത്തെപ്പറ്റി വായിച്ചപ്പോഴാകട്ടെ ഒന്നു മനസ്സിലായി, മൊയ്തീന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും കാഞ്ചനമാലയക്ക് കഴിയാത്തത് എന്തുകൊണ്ട് എന്ന്. ആ കഥകള്‍ അറിഞ്ഞപ്പോള്‍ ഞാനുമൊരു മൊയ്തീന്‍ ഫാന്‍ ആയി മാറി!

ഏതോ പഴയകാല സിനിമകളില്‍ കണ്ടിട്ടുണ്ട്, പ്രണയിച്ച നായകന്‍ അകാലത്തില്‍ മരണപ്പെടുമ്പോള്‍ വെള്ള സാരിയൊക്കെ ഉടുത്ത് ‘ഇനി ഇതാണ് എന്റെ വീട്, ഞാന്‍ …..ന്റെ വിധവയാണ്, ‘ എന്നും മറ്റും പറഞ്ഞ് പെട്ടിയും തൂക്കി മരിച്ചുപോയ നായകന്റെ വീട്ടിലേക്ക് വന്നു കയറുന്ന നായികയെ, നായകന്റെ ഓര്‍മ്മകളില്‍ ജീവിക്കുകയാണു പോലും നായിക. പക്ഷേ ഇവിടെയും കാഞ്ചനമാല വ്യത്യസ്തത പുലര്‍ത്തുന്നു. മൊയ്തീന്‍ എന്ന അസാധാരണ വ്യക്തിത്വം ബാക്കിവച്ചു പോയ വൈവിദ്ധ്യമാര്‍ന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ആ അസാന്നിദ്ധ്യത്തില്‍ ഏറ്റെടുത്ത് തുടരുകയാണ് കാഞ്ചനമാല. അത് സ്വന്തം നിയോഗമായി, ചുമതലയായി കരുതിയ കാഞ്ചനമാലയെ എങ്ങനെ ബഹുമാനിക്കാതിരിക്കാനാവും? നേരേ മറിച്ചു പ്രതിസന്ധി സധൈര്യം നേരിടാതെ, കരഞ്ഞു കണ്ണീരൊഴുക്കി, ജീവിതത്തില്‍ നിന്ന് ഒളിച്ചോടാനായിരുന്നു അവര്‍ ശ്രമിച്ചതെങ്കില്‍ ഈ ബഹുമാനം അവരോട് തോന്നില്ലായിരുന്നു, കട്ടായം.

പ്രണയിനിക്കു വേണ്ടി രാജ്യം ഉപേക്ഷിച്ച വിന്‍ഡ്‌സര്‍പ്രഭു സീതയെ ഉപേക്ഷിച്ച രാമനെക്കാള്‍ വലുതായിരുന്നു എനിക്ക്, കെ.സുരേന്ദ്രന്റെ ‘സീതായനം’ എന്ന പുസ്തകം വായിക്കും വരെ. അതു വായിച്ച അന്നു മുതല്‍, തന്നെക്കാള്‍ വലുതായി തന്റെ പ്രജകളേയും അവരുടെ വികാരത്തേയും കണ്ട, സ്വേച്ഛാധിപതിയല്ലാത്ത രാമനായി എന്റെ ശരി. വിന്‍ഡ്‌സര്‍ പ്രഭു അവനവനെ കുറിച്ചു മാത്രമേ ചിന്തിച്ചുള്ളു. രാജ്യത്തോടുള്ള തന്റെ ചുമതല നിര്‍വ്വഹിച്ചില്ല. പ്രണയം ജയിച്ചു, സ്വന്തം ചുമതല തോറ്റു! ഇതെല്ലാം അകാല്‍പ്പനിക ചിന്തകള്‍ എന്നറിയാം.

ഞാന്‍ വായിച്ചറിഞ്ഞ മൊയ്തീന്‍ അടി കിട്ടിയാല്‍ അതു ‘മാര്‍ക്കറ്റു ചെയ്യുന്ന’, തരം താണ രാഷ്ട്രീയപ്പയറ്റുകാരനല്ല. ‘മാര്‍ക്കറ്റു ചെയ്യുക, സംഭവം ആകുക ‘-നീയൊരു സംഭവമാണെടാ ഭാസി എന്ന മൊയ്തീന്റെ ഡയലോഗ്-, എവടെ? തുടങ്ങിയ പ്രയോഗങ്ങള്‍ ഇക്കാലത്തേതല്ലേ? മരണമാസ്, ഒന്നൊന്നര പോലെ? മൊയ്തീന്റെ വ്യക്തിത്വം വേണ്ട വണ്ണം സിനിമയില്‍ ആവാഹിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല. എന്തുകൊണ്ട് കാഞ്ചനമാല ഇത്ര സാഹസികമായി മൊയ്തീനെ പ്രണയിച്ചു എന്നു കാഴ്ച്ചക്കാരെ മനസ്സിലാക്കിക്കണമെങ്കില്‍ ആ മിഴിവുള്ള, അസാധാരണ വ്യക്തിത്വം കുറച്ചുകൂടി വരച്ചു കാട്ടേണ്ടിയിരുന്നു. അതിനു ദൃഷ്ടാന്തങ്ങള്‍ മൊയ്തീന്റെ ജീവിതത്തില്‍ എത്രയോ ഉണ്ട് താനും. സിനിമ വ്യവസായം ആണ് എന്ന് അംഗീകരിച്ച് സാമ്പത്തികവിജയം എന്ന ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നത് ന്യായം. പക്ഷേ എങ്കില്‍ ചരിത്രാഖ്യായിക എന്നും മറ്റും പറയുമ്പോലെ ‘മൊയ്തീന്‍-കാഞ്ചനമാല ‘ ജീവിതം ആധാരമാക്കിയ കഥ എന്നോ മറ്റോ പറയണമായിരുന്നു, കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമായിരുന്നു. സമീപകാലത്ത് ജീവിച്ചിരുന്നവരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരും അതേ പേരില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവരുടെ ജീവിതങ്ങളോട് നീതി പുലര്‍ത്തേണ്ടതുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ഇക്കാര്യത്തില്‍ അന്തിമ വിധി കാഞ്ചനമാലയുടേതായിരിക്കും.

വിമല്‍ പറഞ്ഞതുപോലെ ‘ഒരു മുസ്ലീം വൃക്ക വേണം’ എന്നു പരസ്യം വരുന്ന ഇക്കാലത്ത് ഈ ചിത്രം എന്തുകൊണ്ട് ഹിന്ദു-മുസ്ലീം വഴക്കിന് ഇടയാക്കിയില്ല എന്നതും ആലോചിച്ചു. ഒരാള്‍ സ്വതന്ത്രമായി ഇങ്ങനെ ഒരു കഥ ചെയ്തിരുന്നുവെങ്കില്‍ അവിടെ ജിഹാദ് ആരോപണം, നിരോധിക്കണമെന്ന ആവശ്യം തീര്‍ച്ചയായും ഉയരുമായിരുന്നു. ഇവിടെ ജീവിച്ചിരിക്കുന്ന തെളിവുകള്‍ ഉള്ളപ്പോള്‍ ആരോപണത്തിന് പ്രസക്തി ഇല്ലല്ലോ. അതാവാം കാരണം. എങ്കില്‍ കൂടി, മൊയ്തീന്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ കാഞ്ചനമാല അയാളുടെ നാലു ഭാര്യമാരില്‍ ഒരാളാകുമായിരുന്നു എന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടായിരുന്നുവത്രേ! ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും…!’

കുറവുകളെല്ലാം അവിടെ നില്‍ക്കട്ടെ, പ്രണയത്തിന്റെ ഗന്ധമുണ്ട്, ഹൃദ്യതയുണ്ട്, ചാരുതയുണ്ട്, ഈ സിനിമയ്ക്ക്. ഈ സിനിമ കണ്ട ഒരു ഇരുപതുകാരന്‍, സിനിമ കണ്ട ശേഷം ആവേശം മൂത്ത് മൊയ്തീന്‍-കാഞ്ചനമാല കഥ വായിക്കാന്‍ പുസ്തകം വാങ്ങി എന്നു പറഞ്ഞു. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ സെക്കന്റ് ഷോയ്ക്ക്‌ ടിക്കറ്റെടുക്കുവാന്‍ നീണ്ട ക്യൂ കണ്ടിരുന്നു. ഞാനാണെങ്കിലോ യൂട്യൂബ് അരിച്ചുപെറുക്കി കാഞ്ചനമാലയെ കുറിച്ചുള്ള നേരത്തേ കാണാതിരുന്ന ഡോക്യുമെന്റെറികള്‍ മുഴുവന്‍ കണ്ടു. അപ്പോള്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും അപ്പുറം വിമലിന്റെ സിനിമ വിജയിച്ചിരിക്കുന്നു എന്നു രത്‌നച്ചുരുക്കം.

(കോളമിസ്റ്റും വിവര്‍ത്തകയുമാണ് ലേഖിക. ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

This post was last modified on October 14, 2015 8:07 am