അഴിമുഖം പ്രതിനിധി
സുവര്‍ണ്ണ തലമുറയെന്ന വിശേഷണവുമായി എത്തിയ ബെല്‍ജിയത്തെ തകര്‍ത്ത് വെയ്ല്‍സ് യൂറോ കപ്പിന്റെ സെമിയില്‍ കടന്നു. ആവേശ പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗാരിത് ബെയ്‌ലും സംഘവും അവസാന നാലിലേക്ക് മാര്‍ച്ച് ചെയ്തത്. വെയ്ല്‍സിന്റെ ആക്രമണ തൃഷ്ണയ്ക്കു മുമ്പില്‍ ലോക രണ്ടാം നമ്പര്‍ ടീമിന്റെ തന്ത്രങ്ങളൊന്നും തന്നെ വിലപ്പോയില്ല.
മത്സരത്തിന്റെ പതിമൂന്നാം മിനിട്ടില്‍ റാജ നെയ്‌ങ്കോളന്റെ സുന്ദരമായ ഗോളില്‍ മുന്നില്‍ എത്തിയത് ബെല്‍ജിയമാണ്. എന്നാല്‍ പന്തടക്കത്തിലെ ആധിപത്യം പിന്നീട് ഗോളാക്കി മാറ്റാന്‍ ഏദന്‍ ഹസാര്‍ഡിനും സംഘത്തിനും സാധിച്ചില്ല. നിരന്തര ആക്രമണങ്ങള്‍ക്കെടുവില്‍ 31ാം മിനിട്ടില്‍ വെയ്ല്‍സ് ക്യപ്റ്റന്‍ വില്യംസ് സമനില ഗോള്‍ നേടി.
പകുതി സമയത്തിനു ശേഷം ഇരു ടീമുകളും മാറി മാറി ഗോള്‍ മുഖം പരീക്ഷിച്ചു കൊണ്ടേയിരുന്നു. തുടരെയുള്ള ആക്രമണങ്ങള്‍ക്കെടുവില്‍ 55ാം മിനിട്ടില്‍ റോബ്‌സണ്‍ കാനു ബെല്‍ജിയം താരങ്ങളുടെയും ആരാധകരുടെയും ഹൃദയം തകര്‍ത്ത് വെയ്ല്‍സിനായി രണ്ടാമത്തെ ഗോള്‍ നേടി.
വെയ്ല്‍സ് ഗോള്‍ മുഖത്ത് നിരന്തര ആക്രമണങ്ങളാണ് പിന്നീട് ബെല്‍ജിയം നടത്തിയത്.ക്യാപ്റ്റന്‍ ഏദന്‍ ഹസാര്‍ഡ്, തോമസ് മുയിനെര്‍, യാനിക് കാറെസ്‌കോ എന്നിവര്‍ക്ക് ലഭിച്ച അവസരങ്ങള്‍ ലക്ഷ്യം കാണാതെ പോയി. കളി അവസാനിക്കാന്‍ നാലു മിനിട്ട് ബാക്കിയുള്ളപ്പോള്‍ ബെല്‍ജിയത്തിനു മേല്‍ അവസാന ആണിയുമടിച്ച് സാം വോക്‌സിന്റെ ഗോള്‍ പിറന്നു.
സെമിയില്‍ പോര്‍ച്ചുഗലാണ് വെയ്ല്‍സിന്റെ എതിരാളികള്‍. റയല്‍മാഡ്രിഡ് സൂപ്പര്‍ താരങ്ങളായ റൊണാഡോയും ബെയ്‌ലും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്നുറപ്പ്.
Leave a Comment