X

Explainer: ഡോറിയാൻ —എഴുതപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ് വീശിയടിക്കുമ്പോൾ

"നിങ്ങളുടെ വീടുകൾ നമുക്ക് വീണ്ടും പണിയാം. പക്ഷെ ജീവൻ വീണ്ടും പണിയാനാകില്ല,"

ദിവസങ്ങൾക്കു മുമ്പ് ഡോറിയാൻ ചുഴലിക്കാറ്റിന്റെ വരവ് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ‌ വേഗതയുടെ മാനദണ്ഡമായ സാഫിർ സിംപ്സൺ തോതനുസരിച്ച് നാലാം കാറ്റഗറിയിലാണ് പെടുത്തിയിരുന്നത്. മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുമെന്നായിരുന്നു ആദ്യ അനുമാനം. എന്നാൽ വേഗതയുടെ തോത് പിന്നീട് മാറ്റി അനുമാനിക്കപ്പെട്ടു. മണിക്കൂറിൽ 354 കിലോമീറ്റർ വേഗതയിലാണ് ഈ കാറ്റ് അബാകോ ദ്വീപിലേക്ക് എത്തിയത്. ആധുനിക ലോകത്തിൽ ഇന്നുവരെ ലഭ്യമായ റെക്കോർഡുകള്‍ പറയുന്നതു പ്രകാരം ഇത്രയും കനത്ത ചുഴലിക്കാറ്റുകൾ വീശിയിട്ടില്ല. ഈ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ കരീബിയൻ കടലിലെ അബാക്കോ ദ്വീപിലേക്ക് ആഞ്ഞടിച്ചു. കടൽത്തിരമാലകൾ 18 മുതൽ 23 അടി വരെ ഉയർവന്നു പൊങ്ങി.

1935ലെ ലേബർ‍ ഡേ ഹരിക്കേൻ ആണ് ഇതിനു മുമ്പ് ഇത്രയും വേഗതയില്‍ കാറ്റ് വീശിയിട്ടുള്ളത്. മണിക്കൂറിൽ 295 കിലോമീറ്റർ വേഗതയിലാണ് ഈ കാറ്റ് വീശിയത്.

എന്താണ് ഇപ്പോൾ കാറ്റിന്റെ അവസ്ഥ?

യുഎസ്സിന്റെ നാഷണൽ ഹരിക്കേൻ സെന്റർ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം രണ്ട് മൈൽ വേഗതയിലാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം നീങ്ങുന്നത്. അപകടകരമായ സ്ഥിതിയാണിത്. ഇതുവരെയുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. റെഡ് ക്രോസ് പറയുന്നതു പ്രകാരം വടക്കൻ ബഹാമാസിലേക്ക് കടന്നിട്ടുള്ള ഈ കാറ്റ് 13,000 വീടുകളെ ഇതിനകം തകർത്തു കഴിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടും ബഹാമാസിൽ ഈ കാറ്റ് വീശിക്കൊണ്ടിരിക്കുമെന്നാണ് അനുമാനം.

അബാകോ ദ്വീപുകളിലെ എൽബോ കേ, മാര്‍ഷ് ഹാർബർ എന്നിവിടങ്ങളിൽ‌ നിന്ന് നാശനഷ്ടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വരുന്നുണ്ട്. പലയിടങ്ങളിലും കെട്ടിടങ്ങൾ‌ തകർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ വെള്ളം കയറിയിരിക്കുകയാണ്. വൻതോതിൽ തിരകളുയരുമ്പോൾ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ബഹാമാസിൽ എന്തെല്ലാം നാശനഷ്ടങ്ങളുണ്ടായി?

കൃത്യമായ വിവരങ്ങൾ ഇതുവരെ വന്നിട്ടില്ല. ഔദ്യോഗിക സംവിധാനങ്ങൾ നാശനഷ്ടങ്ങളുടെ കണക്കെടുപ്പിലേക്ക് കടക്കാൻ ഇനിയും സമയമെടുക്കും. ഇന്റർനാഷണൽ ഫെഡറേഷൻ ഓറ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് നൽകുന്ന വിവരങ്ങൾ മാത്രമേയുള്ളൂ. ഇവരും പറയുന്നത് ഒരു സമഗ്രചിത്രം കിട്ടിയിട്ടില്ലെന്നാണ്. 13,000 വീടുകളെങ്കിലും തകർന്നിരിക്കാമെന്നാണ് ഇവർ കരുതുന്നത്. ഉടനടി ചെയ്യേണ്ടത് ആവശ്യമായ ശുദ്ധജലം, ആരോഗ്യ രക്ഷാ കാര്യങ്ങൾ എന്നിവ എത്തിക്കലാണെന്നും ഇവർ പറയുന്നു. ഹ്രസ്വകാല ആവശ്യങ്ങൾക്കുള്ള സാമ്പത്തിക പിന്തുണയും ദ്വീപുവാസികൾക്ക് വേണ്ടിവരും.

ബഹാമാസിൽ എല്ലാ ആശയവിനിമയ സംവിധാനങ്ങളും തകർന്നിരിക്കുകയാണ്. അബാകോ ദ്വീപില്‍ നിന്നുള്ള ആദ്യ വിവരങ്ങളെത്തിയത് ബഹാമാസ് പ്രധാനമന്ത്രിയായിരുന്ന പെറി ക്രിസ്റ്റിയുടെ അടുത്ത അനുയായിയായ ലാറ്റർ റാഹ്മിങ്ങിലൂടെയാണ്. ഇദ്ദേഹം ചില ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്തു. ഏതാണ്ട 17,000 പേർ ജീവിക്കുന്നുണ്ട് ഈ ദ്വീപിൽ. വീടുകളുടെ മേൽക്കൂരകൾ തകർന്നതും കാറുകൾ മറിഞ്ഞു കിടക്കുന്നതുമെല്ലാം ഇവയിൽ കാണാം. കനത്ത വെള്ളപ്പൊക്കത്തിന്റെയും നേർച്ചിത്രങ്ങൾ ഇവയിലുണ്ട്.

യുഎസ്സിലേക്കുള്ള യാത്ര?

ഫ്ലോറിഡ, ജ്യോർജിയ, നോര്‍ത്ത് കരോലീന, സൗത്ത് കരോലീന എന്നീ സംസ്ഥാനങ്ങളിൽ ഹരിക്കേൻ ഡോറിയാന്റെ വരവ് പ്രമാണിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോറിയൻ ഭീഷണിയെത്തുടർന്ന് സൗത്ത് കരോലീന ഗവർണർ ഹെന്റി മക്മാസ്റ്റർ തീരപ്രദേശത്തുള്ളവരെ മുഴുവനും ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ ഒഴിപ്പിക്കൽതുടങ്ങിയിരിക്കുകയാണ്. 830,000 പേരെ ഒഴിപ്പിക്കേണ്ടതായുണ്ട്.

പോളണ്ടിലേക്കുള്ള തന്റെ യാത്ര മുടക്കിയ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് എഴുതപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങളെ വിലയിരുത്തുകയാണ്.

ഫ്ലോറിഡ തീരങ്ങളിൽ പലയിടത്തും കനത്ത ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിയാൻ ആവശ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ ഇനിയും ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തിരമായി പുറത്തുവരണമെന്ന് ഫ്ലോറിഡ സെനറ്റർ റിക്ക് സ്കോട്ട് മുന്നറിയിപ്പ് നൽകി. “നിങ്ങളുടെ വീടുകൾ നമുക്ക് വീണ്ടും പണിയാം. പക്ഷെ ജീവൻ വീണ്ടും പണിയാനാകില്ല,” അദ്ദേഹം പറഞ്ഞു.

ഫ്ലോറിഡയിലേക്ക് ഈ കാറ്റ് എത്തുമ്പോൾ താരതമ്യേന ശക്തി കുറയുമെങ്കിലും അത് അത്രവലിയ പ്രതീക്ഷ നൽകുന്ന കുറയലല്ലെന്നാണ് അറിയുന്നത്. മണിക്കൂറിൽ 329 കിലോമീറ്ററെങ്കിലും വേഗത ഈ കാറ്റിനുണ്ടായിരിക്കും.

എന്താണ് 5 കാറ്റഗറി കാറ്റ്?

സാഫിർ സിംപ്സൺ ഹരിക്കെയിൻ വിൻഡ് സ്കേൽ എന്ന തോതാണ് ചുഴലിക്കാറ്റിന്റെ പ്രഹരശേഷി അളക്കാനായി ഉപയോഗിച്ചു വരുന്നത്. അഞ്ച് വിഭാഗങ്ങളായി ചുഴലിക്കാറ്റുകളുടെ വേഗത്തെ തിരിച്ചിരിക്കുന്നു. ഒന്നാമത്തെ കാറ്റഗറിയിൽ വരുന്നത് മണിക്കൂറിൽ 119-153 കിലോമീറ്റർ വേഗതയിൽ വരുന്ന ചുഴലിക്കാറ്റുകളാണ്. 252 കിലോമീറ്ററും അതിൽക്കൂടുതലും വേഗത്തിൽ വീശുന്ന കാറ്റുകളാണ് ഏറ്റവും ഉയർന്ന കാറ്റഗറിയായ 5ൽ പെടുത്തിയിരിക്കുന്നത്. ഇത്തരം കാറ്റുകൾ അത്യപൂർവ്വമാണ്. ഇപ്പോൾ വീശുന്ന ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക് കാറ്റുകളിൽ ചരിത്രത്തിലിന്നു വരെ രേഖപ്പെടുത്തിയവയെക്കാൾ ഉയർന്നതാണ്.