X

നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളനോട്ടുകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

നോട്ട് അസാധുവാക്കലിന് ശേഷം പിടിച്ചെടുത്ത 500, 1000 രൂപ നോട്ടുകള്‍, പിടിച്ചെടുത്ത പഴയ നോട്ടുകളിലെ കള്ളപ്പണം എന്നിവയെക്കുറിച്ചാണ് പിഎസി അംഗങ്ങള്‍ പ്രധാനമായും ചോദ്യങ്ങള്‍ ഉന്നയിച്ചത്

നവംബര്‍ എട്ടിലെ നോട്ട് പിന്‍വലിക്കലിന് ശേഷം വിവിധ അന്വേഷണ ഏജന്‍സികള്‍ രാജ്യത്ത് നടത്തിയ പരിശോധനയില്‍ കള്ളനോട്ടുകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനമന്ത്രാലയവും റവന്യൂ വകുപ്പും ഇക്കാര്യം അറിയിച്ചത്.

ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അടുത്തമാസം പത്തിനാണ് യോഗത്തില്‍ വിശദീകരണം നല്‍കാന്‍ വിളിച്ചുവരുത്തുന്നത്. ഇതിന് മുന്നോടിയായി നല്‍കിയ മറുപടിയിലാണ് ഈ വസ്തുതകളുള്ളത്. നോട്ട് അസാധുവാക്കലിന് ശേഷം പിടിച്ചെടുത്ത 500, 1000 രൂപ നോട്ടുകള്‍, പിടിച്ചെടുത്ത പഴയ നോട്ടുകളിലെ കള്ളപ്പണം എന്നിവയെക്കുറിച്ചാണ് പിഎസി അംഗങ്ങള്‍ പ്രധാനമായും ചോദ്യങ്ങള്‍ ഉന്നയിച്ചത്.

നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 30 വരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ കീഴിലുള്ള ഏജന്‍സികള്‍ കള്ളനോട്ടൊന്നും പിടിച്ചെടുത്തിട്ടില്ല. പ്രത്യക്ഷ നികുതി വകുപ്പ് നവംബര്‍ 9 മുതല്‍ ജനുവരി 4 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനയില്‍ 474.37 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ പിടിച്ചെടുത്തു. ഇതില്‍ 112.29 കോടിയുടെ പുതിയ നോട്ടുകളും 362.08 കോടിയുടെ പഴയ നോട്ടുകളുമാണ് ഉള്ളത്.

പിടിച്ചെടുത്ത നോട്ടുകളുടെ കണക്ക് കേന്ദ്രത്തിന്റെ കൈവശമില്ല. അതേസമയം തീവ്രവാദികള്‍, കള്ളക്കടത്തുകാര്‍, ചാരന്മാര്‍ എന്നിവരില്‍ നിന്ന് എത്ര നോട്ടുകള്‍ പിടിച്ചെടുത്തു എന്നതിന് വിവരങ്ങള്‍ ലഭ്യമല്ല. നോട്ട് അസാധുവാക്കലിന് ശേഷം പിടിച്ചെടുത്ത സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളില്‍ 100 ശതമാനം വര്‍ദ്ധനവും കണക്കില്‍പ്പെടാത്ത പണത്തില്‍ 51 ശതമാനവും വര്‍ദ്ധനവുണ്ട്.

നോട്ട് പിന്‍വലിക്കലിന് ശേഷം സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് മൂന്ന് കോടിയുടെ പഴയ നോട്ടുകളും 1.7 കോടിയുടെ വിദേശ കറന്‍സികളും പിടിച്ചെടുത്തുവെന്നും രേഖയില്‍ പറയുന്നു.

 

This post was last modified on January 21, 2017 11:40 am