X

അറുത്തുമാറ്റപ്പെട്ട ആ മരച്ചില്ലകള്‍ പറയും ഫറൂഖ് കോളേജിന്റെ സത്യം

ഷംസുദ്ദീന്‍ കുട്ടോത്ത്

പഠിച്ച കലാലയത്തെ ഇടയ്ക്കിടെ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നവരാണ് നമ്മില്‍ പലരും. മുദ്രാവാക്യം മുഴങ്ങിയ കോളേജ് ഇടനാഴിയും സ്വപ്‌നം കണ്ട മരത്തണലും പഠിച്ചിട്ടും പഠിച്ചിട്ടും തീരാത്ത പാഠപുസ്തകങ്ങളും പ്രണയം വെന്ത ക്ലാസ് മുറികളും വായനയുടെ പുതിയ ലോകം തുറന്നുതന്ന ലൈബ്രറിയും ആസിഡ് മണമുള്ള ലാബും സൗഹൃദത്തിന്റെ പൂമരങ്ങളായ ഹോസ്റ്റല്‍ മുറികളുമൊക്കെ ഓര്‍മ്മിക്കാത്തവരായി ആരും ഉണ്ടാവില്ല. വല്ലപ്പോഴുമെങ്കിലും പഴയ കോളേജ് മുറ്റത്ത് എത്താന്‍ കൊതിക്കാത്ത ഒരാളും കാണില്ല. അങ്ങനെ ഓരോരുത്തരുടെയും സന്തോഷവും സങ്കടവും നിറഞ്ഞ ഓര്‍മ്മകളാണ് ഓരോ കാമ്പസിന്റെയും ആകാശത്ത് മേഘങ്ങളാകുന്നത്. എന്നാല്‍ ഈയിടെയായി ഫാറൂഖ് കോളേജില്‍ നിന്നും വരുത്ത വാര്‍ത്തകള്‍ നമ്മെ, പ്രത്യേകിച്ച് അവിടുത്തെ പൂര്‍വവിദ്യാര്‍ഥികളെ ഏറെ വേദനിപ്പിക്കുന്നു.

ഫറൂഖ് കോളേജില്‍ നിന്നുള്ള അശുഭ വാര്‍ത്തകള്‍ ദിവസവും വന്നുകൊണ്ടിരിക്കുമ്പോള്‍ പൂര്‍വ വിദ്യാര്‍ഥി എന്ന നിലയില്‍ ചിലത് കുറിക്കാന്‍ മനസ്സ് പറയുന്നു. ഞങ്ങള്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്തും ഭീകരമായ രീതിയില്‍ പല തരത്തിലുമുള്ള വിവേചനം കോളേജില്‍ നിലനിന്നിരുന്നു. എന്നാല്‍ ഇത്തരം ചില അരുതായ്മകളോട് പ്രതികരിക്കാന്‍ കഴിവുള്ള ഒരുകൂട്ടം അധ്യാപകര്‍ അന്നുണ്ടായിരുന്നു. കെഇഎന്‍ എന്ന അധ്യാപകന്‍ ഞങ്ങള്‍ക്ക് പകര്‍ന്ന ഊര്‍ജ്ജം അളവറ്റതാണ്. കാലം ഏറെ പുരോഗമിച്ചെങ്കിലും ഇന്ന് കോളേജില്‍ അരങ്ങേറുന്ന കാടത്തത്തോട് പ്രതികരിക്കാന്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയുന്നില്ല എന്നത് ദുഖകരമാണ്.

‘സൗത്ത് ഇന്ത്യയുടെ അലിഗഡ്’ എന്നാണ് ഫറൂഖ് കോളേജ് അറിയപ്പെടുന്നത്. അവിടെ പഠിക്കുന്നത് ഏതു വിദ്യാര്‍ഥിയെ സംബന്ധിച്ചും അഭിമാനകരമാണ്. എപിപി നമ്പൂതിരി, കെ എ ജലീല്‍, ബാബുപോള്‍, കെ ഇ എന്‍, എന്‍ പി ഹാഫിസ് മുഹമ്മദ്, യാസിന്‍ അശ്‌റഫ് പോലുള്ള അധ്യാപകരും വിദ്യാര്‍ഥികളായിരുന്ന ഡോ. എന്‍ എ കരീം, എം ജി എസ് നാരായണന്‍, വി വി ദക്ഷിണാമൂര്‍ത്തി, നടന്‍ ബഹദൂര്‍, അക്ബര്‍ കക്കട്ടില്‍, പി കെ പാറക്കടവ്, ആസാദ് മൂപ്പന്‍, പി കെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുറബ്ബ്, ഇ വാസു, ഒ പി സുരേഷ്, വി ദിലീപ്…തുടങ്ങി വിവിധ മേഖലകളില്‍  പ്രശസ്തരായവരും ഫാറൂഖ് കോളേജിന്റെ സൃഷ്ടിയാണ്.

അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരെ പ്രതികരിക്കാന്‍ കാമ്പസിലെ വിദ്യാര്‍ഥികള്‍ തയ്യാറായിരുന്നു. രാജനെ പൊലീസ് പിടിച്ചപ്പോള്‍ ‘ രാജന്‍ എവിടെ, രാജന്‍ എവിടെ, പറയൂ.. പറയൂ പ്രിന്‍സിപ്പാളേ…’ എന്ന് മുദ്രാവാക്യം മുഴക്കിയ ചരിത്രവും ഫാറൂഖിനുണ്ട്. കാലം ഇത്രയൊക്കെ മാറിയിട്ടും ഫറൂഖില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പദവികള്‍ അലങ്കരിച്ചകൊണ്ടിരിക്കുമ്പോഴും ഇവിടെ ഇരുട്ട് പരക്കുന്നത് നൊമ്പരപ്പെടുത്തുന്നതാണ്.

ഞങ്ങള്‍ പഠിക്കുമ്പോള്‍ മുബാറക്ക് പാഷ ആയിരുന്നു പ്രിന്‍സിപ്പാള്‍- ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രിന്‍സിപ്പാള്‍ ആയിരുന്നു എന്നാണ് അറിവ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് സംസാരിക്കുന്നതും നടക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. സ്വന്തം ഓഫീസ് മുറിയില്‍ നിന്നും വിദ്യാര്‍ഥികളെ ജനല്‍ വഴി നിരീക്ഷിച്ച്, ഒരുമിച്ച് ഇടപെടുന്ന വിദ്യാര്‍ഥികളുടെ ഐഡി കാര്‍ഡ് പിടിച്ചെടുക്കാന്‍ അദ്ദേഹം ഉത്തരവിട്ടിരുന്നു. കോളേജിലെ അനധ്യാപകരായ ചിലരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികളുടെ ഐഡി കാര്‍ഡുകള്‍ അന്ന് പിടിച്ചെടുത്തു. ഇത് മാത്രമല്ല പ്രിന്‍സിപ്പാളിന്റെ മുറിയിലെ ജാലകത്തിലൂടെ കാണുന്ന ദൂരമത്രയുമുള്ള-രാജാഗേറ്റും ബസ്സ് സ്റ്റാന്‍ഡും കടന്ന്- മരത്തിന്റെ ചില്ലകള്‍ മുറിച്ചുമാറ്റി. ആണും പെണ്ണും ഒരുമിച്ച് നടക്കുന്നുണ്ടോ എന്നറിയാനുള്ളതാണ് ഈ പ്രകൃതി സ്‌നേഹം!!!!

ഞങ്ങള്‍ കുറച്ചുപേര്‍ അഞ്ജനാ ശശി, രാജേഷ്, പി പി രാജേഷ്, ജീവന്‍, ഷൈജു, ജൂലിയസ് മിര്‍ഷാദ്, ഷിനോജ്, ഷമീര്‍, റഷീം, യാസിര്‍ ഹമീദ്, റഷീദ്, ബാബുരാജ്…..തുടങ്ങിയ ചിലര്‍ ഈ കാടത്തത്തിനെതിരെ അന്നു പ്രതികരിച്ചിരുന്നു. എസ്എഫ്‌ഐയുടെ പഠന ക്ലാസില്‍ പങ്കെടുത്തതിന് മൂന്ന് പെണ്‍കുട്ടികളെ സസ്‌പെന്റ് ചെയ്തതും ഹോസ്റ്റലില്‍ അവരെ ഒറ്റപ്പെടുത്തിയതുമെല്ലാം ഇപ്പോള്‍ ഓര്‍ക്കുന്നു.

ഫറൂഖ് കോളേജില്‍ നാടകം അവതരിപ്പിക്കുന്ന ശീലം ഞങ്ങള്‍ പഠിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നോ എന്നറിയില്ല. ഏതായാലും ഞങ്ങള്‍ കാരണമാണ്  കോളേജില്‍ നാടകം സജീവമാകാന്‍ ഇടയായത്. അന്ന് ഗള്‍ഫ് വോയ്‌സില്‍ ജോലി ചെയ്തിരുന്ന സതീഷ് കെ സതീഷിനെ കഥാകൃത്ത് ടി വി കൊച്ചുബാവയുടെ അഭിപ്രായ പ്രകാരം കണ്ട് അദ്ദേഹത്തിന്റെ ‘ജാലകം’ എന്ന നാടകമാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് ‘ഒച്ചുകള്‍ മെല്ലെ ഇഴയുന്നതെന്തുകൊണ്ട്’ എന്ന നാടകം അരങ്ങേറി. പാട്ടി എന്ന സ്ത്രീ കഥാപാത്രം ഉണ്ടായിരുന്നു ഇതില്‍. നാടകത്തില്‍ പെണ്‍കുട്ടികള്‍ അഭിനയിക്കാന്‍ പാടില്ല എന്ന വെല്ലുവിളിയെ ഞങ്ങള്‍ മറികടന്നത്  ഇപ്പോള്‍ കൈരളി ടിവിയില്‍ ജോലിചെയ്യുന്ന പി പി രാജേഷിനെ  പെണ്‍ വേഷം കെട്ടിച്ചായിരുന്നു. തുടര്‍ന്ന് എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി അവതരിപ്പിച്ച നാടകം ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി നാടകങ്ങള്‍ അവതരിപ്പിച്ചപ്പോഴും പെണ്‍വേഷം കൈകാര്യം ചെയ്തത്  ആണ്‍കുട്ടികള്‍ തന്നെയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ത്രീകളെ  നാടകത്തില്‍ അഭിനയിപ്പിക്കാതിരുന്ന/അഭിനയിക്കാതിരുന്ന കാലത്ത് ഓച്ചിറ വേലുക്കുട്ടി ആശാന്‍ സ്ത്രീവേഷം കെട്ടി അക്കാലത്തെ നായികയായി തിളങ്ങിയതായി വായിച്ചിട്ടുണ്ട്. അന്ന് സ്ത്രീകള്‍ അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയിരുന്നില്ല. അതൊക്കെ ചരിത്രത്തിലെ കറുത്ത താളുകളായി നമ്മള്‍ മറിച്ചിടുമ്പോഴാണ് ഫറൂഖ് കോളേജില്‍ ഇപ്പോഴും നാടകത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിലക്ക്…!!!

കോളേജില്‍ ഞങ്ങള്‍ അന്ന് പല വെല്ലുവിളികളെയും അതിജീവിച്ച് ചലച്ചിത്രോത്സവം നടത്തിയതും ഇപ്പോള്‍ ഓര്‍ക്കുന്നു. നാടക രചയിതാവും ഇന്നത്തെ പ്രശസ്ത ചലച്ചിത്ര നടനുമായ ജോയ് മാത്യു, സംവിധായകന്‍  എം പി സുകുമാരന്‍ നായര്‍, മധുമാഷ്….തുടങ്ങി പല പ്രമുഖരെയും കോളേജില്‍ കൊണ്ടു വന്നു. ടി ദാമോദരന്‍ മാഷ്, മാമുക്കോയ തുടങ്ങിയവരുടെ ആശംസകളോടെയായിരുന്നു ചലച്ചിത്രോത്സവം. ഇതും മുടക്കാന്‍ ശ്രമം നടന്നിരുന്നു. പണ്ട് നാട്ടുഗദ്ദിക ഉള്‍പ്പെടെ കോളേജ് പരിസരത്ത് അരങ്ങേറിയിരുന്നതായി കേട്ടിട്ടുണ്ട്.

എല്ലാ പ്രതിസന്ധികളെയും വെല്ലുവിളിക്കാന്‍  ചില അധ്യാപകര്‍ അന്ന് ഞങ്ങള്‍ക്ക് കരുത്തു നല്‍കി. അങ്ങനെ കോളേജില്‍ നിരവധി സാംസ്‌കാരിക പരിപാടികള്‍ നടത്തി.  സാഹിത്യം ചര്‍ച്ച ചെയ്തു, മുദ്രാവാക്യം വിളിച്ചു, പ്രണയിച്ചു…എല്ലാ അര്‍ഥത്തിലും ക്യാമ്പസിനെ സര്‍ഗാത്മകമാക്കി.

ഫറൂഖ് കോളേജില്‍ ഇപ്പോള്‍ പഠിക്കുന്ന ഒരുപറ്റം വിദ്യാര്‍ഥികള്‍ അവിടുത്തെ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്. പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശക്തമായ പിന്തുണ തീര്‍ച്ചയായും  അവര്‍ക്കുണ്ട്. കോളേജിനെ കളങ്കപ്പെടുത്താനല്ല അവരുടെ സമരം. ഫറൂഖ് കോളേജിന്റെ സാംസ്‌കാരിക ദൗത്യം മറന്നുപോയ അധികൃതരെ  അത് ഓര്‍മ്മപ്പെടുത്തുകയാണ്. ഇരുട്ടാവാനല്ല ഇരുട്ടില്‍ തെളിയുന്ന പ്രകാശമാകാനാണ് കലാലയങ്ങള്‍ നിലകൊള്ളേണ്ടത്.

രാജ്യം മുഴുവന്‍ ഫാസിസത്തിനെതിരായി പ്രതികരിക്കുന്ന ഈ  സമയത്ത് ഫറൂഖ് കോളേജ് ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ അരങ്ങേറുന്ന ഇത്തരം കാടത്തത്തിനെതിരെ പ്രതികരിച്ചേ മതിയാവൂ. ഇതും ഫാസിസമാണ്. പ്രണയവും സൗഹൃദവും സാഹിത്യവും കാമ്പസുകളില്‍ നിന്ന് എന്ന് പുറത്താക്കപ്പെടുന്നുവോ അന്നു മുതല്‍ അവിടെ പകരം വരിക അരാജകത്വമായിരിക്കും. ഇതിനെതിരെ നമ്മുടെ മനസ്സ് ജാഗ്രത പുലര്‍ത്തിയേ തീരൂ. അതിന് ഇനിയും വൈകിയിട്ടില്ലെന്ന് അധികൃതര്‍ മനസ്സിലാക്കിയെങ്കില്‍… കാരണം അത്രമേല്‍ ഞങ്ങള്‍ സ്‌നേഹിക്കുന്നു ഫറൂഖ് കോളേജിനെ. അത്രമേല്‍ ഞങ്ങളുടെ ചോരയില്‍ അലിഞ്ഞിരിക്കുന്നു ആ കലാലയം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on October 29, 2015 12:22 pm