X

വൈകിട്ട് നാലരയ്ക്ക് ശേഷം ഞങ്ങള്‍ പുറത്തിറങ്ങുന്നത് സൊള്ളാനല്ല

സ്വാതന്ത്ര്യത്തിന്‍റെ  62-മത്തെ വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന സമയത്തും  സ്വാതന്ത്ര്യം ഇപ്പോഴും അന്യമായ  ചില കലാലയങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും പകര്‍ന്നു കൊടുക്കേണ്ട കലാലയങ്ങള്‍ അരക്ഷിതാവസ്ഥയുടെ വിളനിലമാവുകയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഇരിപ്പിടങ്ങളും പ്രാകൃത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി വിവാദത്തിലായ കോഴിക്കോട് ഫറൂഖ് കോളേജില്‍ പ്രതിഷേധത്തിന്റെ ശബ്ദങ്ങള്‍ ഉയരുകയാണ്.  അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ‘ഫറൂഖ് കോളേജിലെ ആണ്‍ – പെണ്‍ ഇടങ്ങള്‍’ എന്ന റിപ്പോര്‍ട്ടിന്റെ തുടര്‍ച്ച. തയ്യാറാക്കിയത് ഉണ്ണികൃഷ്ണന്‍ വി. 

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് വൈകിട്ട് നാലരയാണ് ഹോസ്റ്റലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം. അതിനു ശേഷം പുറത്തേക്ക്  പോകുന്നവര്‍ ആണ്‍കുട്ടികളുമായി സൊള്ളാന്‍ പോകുന്നവരാണ് എന്നാണ് മേട്രനും മറ്റ് അധികൃതരും പറയുന്നത് . വാരാന്ത്യങ്ങളില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകാന്‍ പോലും ഞങ്ങള്‍ക്ക് അനുവാദം കിട്ടാന്‍ പ്രയാസമാണ്. കഴിഞ്ഞ ശനിയാഴ്ച സാധനം വാങ്ങാന്‍ പോയവരില്‍ ചിലര്‍  ഗേറ്റിനു മുന്‍പില്‍ വച്ച് സെല്‍ഫി എടുത്തു എന്ന കാരണം കൊണ്ട് അവരെ ഹോസ്റ്റലില്‍  പ്രവേശിക്കാന്‍ അനുവദിച്ചില്ല . അവസാനം കരഞ്ഞു കൊണ്ട് നിന്ന അവരെ ഇനി പുറത്ത് പോകില്ല  എന്ന് എഴുതി വാങ്ങിയതിനു ശേഷമാണ് അധികൃതര്‍ അകത്തു കയറ്റിയത് .

ഞങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കാവുന്ന സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ്.  എഴു മണിക്ക് ലോംഗ് ബെല്‍ അടിച്ചാല്‍ ഫോണ്‍ മേട്രനെ ഏല്‍പ്പിക്കണം. അടുത്ത റൂമിലേക്ക്‌ പോകാന്‍ പാടില്ല. ഏഴുമണിക്ക് ശേഷം വരാന്തയിലൂടെ നടക്കുന്നവര്‍ മോശം സ്വഭാവക്കാരാണ്. ഇതൊക്കെയാണ് അവരുടെ കണ്ടുപിടുത്തങ്ങള്‍ .

രാത്രി സ്ട്രീറ്റ് ലൈറ്റിന്‍റെ വെട്ടത്തില്‍ നിന്നുകൊണ്ട് ലൈംഗിക അവയവങ്ങള്‍ പുറത്തു കാണിക്കുന്ന ആള്‍ക്കാര്‍ ഉള്ളതിനാല്‍, അത് കുട്ടികള്‍ കാണാതിരിക്കാനാണ് ജനാലകള്‍ അടച്ചിടണമെന്നു പറയുന്നത് എന്നാണ് മറ്റൊരു രസകരമായ വിശദീകരണം. കാമ്പസില്‍ കുട്ടികള്‍ ഇരിക്കുന്നത് നോക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സെക്യൂരിറ്റിയെ ഇക്കാര്യത്തിന് വേണ്ടി നിയോഗിക്കാമല്ലോ? അതു ചെയ്യാതെ ജനല്‍ തുറക്കരുത് എന്ന് പറയുന്നത്  എന്ത് വിഡ്ഡിത്തമാണ്. അതുപോലെ തന്നെയാണ് രാത്രി 8.30 മുതല്‍ 10.30 വരെ പഠിക്കുമ്പോള്‍ റൂമിന്റെ വാതിലിന്‍റെ രണ്ടു പാളിയില്‍ ഒരെണ്ണം തുറന്നിടണം. എന്നുള്ളതും. അത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ല.

കൂടാതെ വാരാന്ത്യത്തില്‍ വീട്ടില്‍ പോകുന്നതിനുള്ള ചെയ്യേണ്ട ഫോര്‍മാലിറ്റികള്‍ നിരവധിയാണ്. ലോക്കല്‍ ഗാര്‍ഡിയന്‍ ഒപ്പിട്ടു കൊടുക്കണം. തിരിച്ചു വരുമ്പോള്‍ അവിടെ നിന്നും കുട്ടികള്‍ ഇറങ്ങുന്ന സമയവും ഹോസ്റ്റലില്‍ എത്തുന്ന സമയവും  മാതാപിതാക്കള്‍ ഹോസ്റ്റലിലേക്ക് വിളിച്ചു പറയണം. അതില്‍ നിന്നും അണുവിട വ്യത്യാസം വന്നാല്‍ തീര്‍ന്നു. ട്രെയിനോ ബസ്സോ ലേറ്റ് ആയാല്‍ അതിനുള്ള ശകാരവര്‍ഷം കൂടി ഞങ്ങള്‍ കേള്‍ക്കേണ്ടി വരും. 

ഭക്ഷണം പോലും ആവശ്യത്തിനു തരാന്‍ ബുദ്ധിമുട്ടാണ് അവര്‍ക്ക്. മീനും തൈരും ഒരുമിച്ച് എടുക്കുകയാണെങ്കിലോ രണ്ടാം തവണ ഭക്ഷണം ചോദിക്കുകയാണെങ്കിലോ ഒരു പപ്പടം എടുക്കുകയാണെങ്കിലോ അതിനും പുച്ഛവും ശകാരവും. ഇതൊക്കെയാണ് ഞങ്ങള്‍ ഇവിടെ അനുഭവിക്കുന്നത്’.

കോളേജിലെ അവസ്ഥ കാരണം പേരു വെളിപ്പെടുത്താനാവാത്ത ഫറൂഖ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി പറയുന്നു.

ഇത്തരം വിവേചനപരമായ നടപടികള്‍ക്കെതിരെ കാമ്പസിലെ വിദ്യാര്‍ഥികള്‍ പല രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ഒഴിവു സമയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുകയും പ്രധിഷേധിക്കുകയും മറ്റും ചെയ്തു. സോഷ്യല്‍മിഡിയയിലൂടെ പ്രതികരണം ശക്തമായപ്പോള്‍ അധികൃതര്‍ വിദ്യാര്‍ഥി സംഘടനകളുടെ മീറ്റിംഗ് വിളിച്ചു കൂട്ടാന്‍ നിര്‍ബന്ധിതരായി. മീറ്റിംഗിലും പ്രതീക്ഷയ്ക്ക് വകയുണ്ടാകുന്ന തീരുമാനങ്ങള്‍ ഒന്നും കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല.

ഫറുഖ് കോളേജ് എസ്എഫ്ഐ സെക്രട്ടറിയും മൂന്നാം വര്‍ഷ സ്റ്റാറ്റിസ്റ്റിക്സ്‌ വിദ്യാര്‍ഥിയുമായ ഷാഹില്‍ പറയുന്നത് ഇതാണ്. 

സദാചാര കമ്മറ്റിയുടെ നടപടിക്കെതിരെ പ്രതികരിക്കാന്‍ ശ്രമിച്ച ഞങ്ങളോട് സോഷ്യോളജി വിഭാഗം തലവനായ റഹീം സാര്‍ ചോദിച്ചത് “കാന്‍ ഐ ഹാവ് സെക്സ് വിത്ത്‌ യു സംസ്കാരം കൊണ്ടു വരാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്” എന്നാണ്. മാത്രമല്ല ഫറുഖ് കോളേജ് വര്‍ഷങ്ങളായി ഇങ്ങനെ തന്നെയാണ്, ഇനിയും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും എന്നാണ്.ഹോസ്റ്റലില്‍ കഴിയുന്ന പല വിദ്യാര്‍ത്ഥിനികളും നേരിടുന്നത് അനവധി പ്രശ്നങ്ങളാണ്. ഇതൊക്കെ സദാചാര നിയന്ത്രണം ആണെന്നാണോ പറയുക.

പ്രതികരിക്കാന്‍ തുടങ്ങിയ പലരെയും ഒറ്റപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ തന്ത്രം. സോഷ്യല്‍മിഡിയ വഴി പ്രതികരിച്ചതിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തു.വീട്ടിലെ പ്രശ്നങ്ങള്‍ വീട്ടില്‍ അല്ലേ തീര്‍ക്കേണ്ടത് പുറത്താണോ എന്നും മൂന്നു വര്‍ഷമായി ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്യുന്നുണ്ടല്ലോ പിന്നെന്താ നിങ്ങള്‍ക്ക് പ്രശ്നം  എന്നാണ് കോളേജ് യൂണിയന്‍ ഭരിക്കുന്ന എംഎസ്എഫിന്‍റെ പ്രതിനിധി മീറ്റിംഗിനിടെ പ്രതിഷേധിച്ചവരോട് ചോദിച്ചത്. 

ഞങ്ങള്‍ ആവശ്യപ്പെടുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യം മാത്രമാണ്. അതിനെ ഇങ്ങനെയുള്ള തരംതാഴ്ന ചോദ്യങ്ങളിലൂയും യുക്തിരഹിതമായ നടപടികളിലൂടെയും ആണോ നേരിടേണ്ടത്? ഇതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തെരുവുനാടകങ്ങള്‍ അടക്കമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക