X

വിളറി പിടിച്ച കണ്ടാമൃഗങ്ങള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും കടന്നുകയറിയിരിക്കുന്നു; ജോയ് മാത്യു

ജോയി മാത്യു

ഭരണകൂടത്തിന്റെ ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹിന്ദുരാഷ്ട്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ വോട്ടുതേടിയ ബിജെപി മതതീവ്രവാദം വളര്‍ത്തിയാണ് അധികാരത്തിലെത്തിയത്. സര്‍വകലാശാലകളും ടെലിവിഷന്‍-പത്രമാധ്യമങ്ങളും പിടിച്ചടക്കിയും സ്വാധീനിച്ചും തങ്ങളുടെ താാല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഹിന്ദുത്വവിരുദ്ധമായതെല്ലാം പൂര്‍ണമായി സെന്‍സര്‍ ചെയ്യുന്ന നിലപാടുകളായിരിക്കും സമീപകാലത്ത് സംഭവിക്കാന്‍ പോകുന്നത്. അതിന്റെയൊരു തുടര്‍ച്ചയാണ് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഭവിച്ചിരിക്കുന്നത്. ഇത് ഫാസിസമാണ്.

യുജിന്‍ എന്‍സ്‌കോയുടെ കണ്ടാമൃഗം എന്ന നാടകത്തില്‍ മനുഷ്യര്‍ കണ്ടാമൃഗങ്ങളെപ്പോലെ ആകുന്നതായി പറയുന്നുണ്ട്. അവര്‍ വയനാശാലകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും തകര്‍ക്കുന്നു. ഇത്തരത്തില്‍ വിറളി പിടിച്ചോടുന്ന കണ്ടാമൃഗങ്ങളെയാണ് ഭരണകൂടം ഓര്‍മ്മപ്പെടുത്തുന്നത്. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലേക്കുള്ള കടന്നുകയറ്റവും അതാണ് കാണിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എഫ് ടിഐഐപോലുള്ള സ്ഥാപനങ്ങളിലേക്കാണ് ഡല്‍ഹിയിലിരിക്കുന്ന കണ്ടാമൃഗങ്ങള്‍ പാഞ്ഞുകയറുന്നത്. സന്ന്യാസിമാര്‍ ഈ സ്ഥാപനത്തിന്റെ തലപ്പത്തേക്ക് വരികയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നതും വിദൂരത്തിലല്ല.

ശത്രുവിനെ ഉന്മൂലനാശം വരുത്താന്‍ ഗ്യാസ് ചേമ്പറുകള്‍ നിര്‍മിക്കുകയല്ല പുതിയകാല ഫാസിസ്റ്റുകളുടെ രീതി. അവര്‍ മസ്തിഷ്‌കങ്ങളിലേക്ക് വിഷം കലര്‍ത്തിവിടുകയാണ്. അതിന്റെ ഒരു ഉദ്ദാഹരണമാണ് ബിജെപിക്കാരന്‍ എന്ന യോഗ്യതമാത്രമുള്ള ഗജേന്ദ്ര ചൗഹാന്റെ സ്ഥാനാരോഹണം.

This post was last modified on June 18, 2015 12:56 pm