X

“ദൈവമില്ലെന്ന് പറഞ്ഞതിനാണ് എന്റെ മകനെ കൊന്നതെങ്കില്‍ ഞാനും നിരീശ്വരവാദി”: ഫാറൂഖിന്റെ പിതാവ്

ഖുര്‍ ആനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഈ കൊല നടത്തിയിരിക്കുന്നത്. എതിര്‍പ്പുയര്‍ത്താനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും ഹമീദ് അഭിപ്രായപ്പെട്ടു.

താനും നിരീശ്വരവാദി ആവുകയാണെന്ന്, കോയമ്പത്തൂരില്‍ നിരീശ്വരവാദ ആശങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരില്‍ വധിക്കപ്പെട്ട എച്ച് ഫാറൂഖിന്റെ പിതാവ് ആര്‍ ഹമീദ്. പൊലീസ് പറയുന്നത് പോലെ മുസ്ലീം തീവ്രവാദ സംഘടനയില്‍ പെട്ടവരാണ് ഫാറൂഖിനെ കൊലപ്പെടുത്തിയതെങ്കില്‍ ഞാനും അവന്റെ സംഘടനയില്‍ ചേര്‍ന്ന് അവന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പോവുകയാണ് – ഹമീദ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഇത് സത്യമാണെങ്കില്‍ ഖുര്‍ ആനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഈ കൊല നടത്തിയിരിക്കുന്നത്. എതിര്‍പ്പുയര്‍ത്താനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും ഹമീദ് അഭിപ്രായപ്പെട്ടു.

ദ്രാവിഡര്‍ വിടുതലൈ കഴകം എന്ന സംഘടനയില്‍ അംഗമായ ഫാറൂഖ് കഴിഞ്ഞ ആഴ്ചയാണ് കൊല്ലപ്പെട്ടത്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളെ പോലെയാണ് പെരുമാറിയിരുന്നത്. മതാചാരങ്ങളില്‍ താല്‍പര്യമില്ലാത്തത് കാരണം അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ നിന്ന് അവന്‍ വിട്ടുനിന്നപ്പോഴും ഞാന്‍ അവനെ നിര്‍ബന്ധിച്ചില്ല. അവന്‍ അവന്റെ ഭാര്യ റഷീദയോടോ ഞങ്ങളില്‍ ആരോടെങ്കിലുമോ എന്തെങ്കിലുമൊരു കാര്യം അടിച്ചേല്‍പ്പിക്കുന്ന തരത്തില്‍ പെരുമാറാറില്ലായിരുന്നു. അവന്റെ വിശ്വാസങ്ങളെ ആരിലും കുത്തി വയ്ക്കാനോ അടിച്ചേല്‍പ്പിക്കാനോ ശ്രമിച്ചിരുന്നില്ല. അവന്‍ എല്ലാവരുടേയും അവകാശങ്ങളെ മാനിച്ചു. – ഹമീദ് പറഞ്ഞു.


ഫാറൂഖിന്‍റെ പിതാവ് ഹമീദ്

അള്ളാഹു മുര്‍ദത് എന്ന ഗ്രൂപ്പില്‍ ഫാറൂഖ് കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലൈ (ദൈവമില്ല, ദൈവമില്ല, ദൈവമില്ല) എന്ന പ്ലക്കാഡുമായി അവന്റെ കുട്ടികള്‍ നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇവി രാമസ്വാമി അടക്കമുള്ളവര്‍ നിരന്തരം പറഞ്ഞിരുന്ന വാചകമായിരുന്നു ഇത്. ഇതടക്കമുള്ള പോസ്റ്റുകള്‍ മത തീവ്രവാദികളെ പ്രകോപിപ്പിച്ചിരുന്നു. ഈ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം മതമൗലികവാദികളില്‍ നിന്ന് ഫാറൂഖിന് ഭീഷണി വന്നിരുന്നു. മാര്‍ച്ച് 16നാണ് ഫാറൂഖിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആറ് പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും ദിവസക്കൂലിയ്ക്ക് പണിയെടുക്കുന്ന തൊഴിലാളികളാണ്. പ്രതികളായ സദ്ദാം ഹുസൈന്‍, അബ്ദുള്‍ മുനാഫ്, ജാഫര്‍ അലി എന്നിവരെയെല്ലാം ഫാറൂഖിന് പരിചയമുണ്ടായിരുന്നു. ഇവര്‍ മൂന്ന് പേരും കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഇവരെല്ലാം ഒരു മതതീവ്രവാദ ഗ്രൂപ്പില്‍ അംഗങ്ങളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

This post was last modified on March 27, 2017 4:09 pm