X

സദാചാര കുരുക്കൾ പൊട്ടട്ടെ… ഭരണഘടന നീണാൾ വാഴട്ടെ

"കമിതാക്കൾക്ക് ഒരുമിച്ചു താമസിക്കാൻ ഹൈക്കോടതിയുടെ അനുമതി" എന്ന് ദയവ് ചെയ്ത് ആരും വാർത്ത കൊടുക്കരുത്

19 വയസുള്ള മുസ്ലിം സ്ത്രീ (പെൺകുട്ടി അല്ല) 18 വയസുള്ള മുസ്ലിം ആൺകുട്ടിയോടൊപ്പം (21 വയസ് വരെ ആൺകുട്ടിയാണെന്ന് ബാല വിവാഹ നിരോധന നിയമം) വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നു. വിവാഹം കഴിക്കണമെങ്കിൽ പയ്യന് ഇനിയും 3 വർഷം കാത്തിരിക്കണം. അതുവരെ തന്റെ മകളെ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് അച്ഛൻ ഹേബിയസ് കോർപ്പസ് ഹര്‍ജി ഫയൽ ചെയ്യുന്നു.

പ്രായപൂർത്തിയായവർ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന ലിവ്-ഇൻ ബന്ധങ്ങൾ നിയമപരമാണെന്നും അതവരുടെ അവകാശമാണെന്നും അതിൽ കൈകടത്താൻ കോടതിയ്ക്ക് കഴിയില്ല എന്നും, ഈയിടെ വന്ന സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. കേസ് തള്ളി. ജസ്റ്റിസ് ചിദംബരേഷും ജസ്റ്റിസ് ജ്യോതീന്ദ്രനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് വിധി പറഞ്ഞത്.

കേരള ഹൈക്കോടതിയുടെ ഹേബിയസ് കോർപ്പസ് ബെഞ്ച് മിക്കപ്പോഴും ഭരണഘടനയുടെ അല്ല, പാട്രിയാർക്കിയുടെ കാവലാൾ ആയിരുന്നു എന്ന പൊതുവിമർശനം കേട്ടിട്ടുണ്ട്. അനുഭവിച്ചിട്ടുമുണ്ട്. പ്രായപൂർത്തിയായ സ്ത്രീകളെപ്പോലും അവരുടെ ഇച്ഛയ്ക്ക് വിരുദ്ധമായി മാതാപിതാക്കളുടെ കൂടെ നിർബന്ധിച്ച് അയയ്ക്കുകയോ അതല്ലെങ്കിൽ വിവാഹം വേണമെന്ന് ശഠിക്കുകയോ ചെയ്തിട്ടുണ്ട്. ‘തന്ത ചമയുക’ എന്നാണ് മുതിർന്ന അഭിഭാഷകരിൽ ഒരാളായ, യശ:ശരീരനായ അഡ്വ. ജനാർദ്ദന കുറുപ്പ് സാർ ഇതേപ്പറ്റി മുൻപ് തമാശയായി പറഞ്ഞിട്ടുള്ളത്.

കാലം മാറുകയാണ്. സുപ്രീം കോടതി ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് രാജ്യത്തെ എല്ലാ ഹൈക്കോടതികളുടെയും നിലപാട് മാറാൻ കാരണമാകട്ടെ.

“കമിതാക്കൾക്ക് ഒരുമിച്ചു താമസിക്കാൻ ഹൈക്കോടതിയുടെ അനുമതി” എന്ന് ദയവ് ചെയ്ത് ആരും വാർത്ത കൊടുക്കരുത്. പ്രായപൂർത്തിയായ അവർക്ക് ഒരുമിച്ചു താമസിക്കാൻ ഹൈക്കോടതിയുടെ ഒരു അനുമതിയും സർട്ടിഫിക്കറ്റും വേണ്ട. നിയമവിരുദ്ധമായി ഇടപെടാൻ കഴിയില്ല എന്ന് മാത്രമേ ഹൈക്കോടതി പറഞ്ഞിട്ടുള്ളൂ. “ഞങ്ങൾ അനുവദിക്കുന്നു” എന്ന മട്ടിലുള്ള പാട്രിയാർക്കിയൽ ഡയലോഗുകൾ ഇല്ല. മറിച്ച്, സ്വാതന്ത്ര്യം ഉണ്ടെന്നു പ്രഖ്യാപിക്കുക മാത്രമായിരുന്നു. അതാണ് ഈ വിധിയിലെ മാതൃക.

സദാചാര കുരുക്കൾ പൊട്ടട്ടെ… ഭരണഘടന നീണാൾ വാഴട്ടെ.

(ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ എഴുതിയത്)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഹൈക്കോടതിയുടെ കന്യാചര്‍മ്മ പരിശോധനകള്‍

ബ്രാഹ്മണസഭാ പ്രസിഡന്റിന്റെ ഭാഷയിലല്ല ഭരണഘടന വ്യാഖ്യാനിക്കേണ്ടത്

അഡ്വ. ഹരീഷ് വാസുദേവന്‍

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:

This post was last modified on June 2, 2018 10:42 am