X

സംഘി, ഇസ്ലാമിസ്റ്റ് അതിലഘുക്കള്‍ കൂട്ടിയാല്‍ കൂടില്ല, അതുകൊണ്ട് വിട്ടുകള ആ ഖബറിനെ

പുനത്തില്‍ കുഞ്ഞബ്ദുള്ള കേരളീയ നവോത്ഥാനവും ആധുനികതയും തുറന്നിട്ട മതേതര, സ്വാതന്ത്ര്യ, ജനാധിപത്യ ബോധത്തിന്റെ സൃഷ്ടികളാണ്.

മുസല്‍മാനായി ജനിച്ച ഹിന്ദു എന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള തന്നെ സ്വയം വിശേഷിപ്പിക്കുന്നുണ്ട്. ഒപ്പം തന്റെ മൃതദേഹം ദഹിപ്പിക്കുകയും ഭസ്മം ഒഴുക്കി വിടുകയും ചെയ്യുന്നതിനെ കുറിച്ചൊക്കെ വാചാലമാവുകയും അങ്ങനെ ഒരാഗ്രഹം പറഞ്ഞതുകൊണ്ട് മാത്രമാണ് ഭാര്യ തന്നെ ഉപേക്ഷിച്ചത് എന്ന് കുട്ടിച്ചേര്‍ക്കുക വരെയും ചെയ്തിരുന്നു . അതിന്റെയൊക്കെ ചുവടുപിടിച്ച് അദ്ദേഹത്തിന്റെ ഖബറടക്കം ഒരു വിവാദമാക്കി, അതുവഴി ഒരിത്തിരി മൈലേജ് ഉണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമം പക്ഷേ കേരളം അമ്പേ പരാജയപ്പെടുത്തി കളഞ്ഞു. അതിന്റെ ജാള്യം പക്ഷെ രണ്ട് കൂട്ടര്‍ക്കുണ്ട്. ഒന്ന് സംഘികള്‍ക്ക്, പിന്നെ അവരെ ഉപജീവിച്ചുകൊണ്ട് ഇരവാദം വിറ്റ്‌ ജീവിക്കുന്നവര്‍ക്ക്.

പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന മനുഷ്യന്‍ ഒരു വിസ്മയമാകുന്നത് എട്ട് പതിറ്റാണ്ട് നീണ്ട തന്റെ ജീവിതത്തില്‍ ഉടനീളം അദ്ദേഹം പുലര്‍ത്തിയ ശിശുസഹജമായ കൌതുകങ്ങളുടെ, ചാഞ്ചല്യങ്ങളുടെ അപാരമായ ലഘുത്വം, ലൈറ്റ്നെസ് കൊണ്ടാണ്. മുപ്പത്തിയെട്ടാം വയസ്സില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും രണ്ട് കൊല്ലത്തിനുള്ളില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ഒക്കെ ലഭിച്ച ഒരാള്‍ എന്ന നിലയില്‍ ആയുസ്സില്‍ പകുതിയും സെലിബ്രിറ്റി ആയി ജീവിച്ചിട്ടും അദ്ദേഹം ആ ലഘുത്വം നല്‍കുന്ന അപാര സ്വാതന്ത്ര്യത്തിന്റെ മേഖലയ്ക്ക് പുറത്തേക്ക് വരാന്‍ കൂട്ടാക്കിയേ ഇല്ല. അപ്പപ്പോള്‍ തോന്നുന്നത് പറഞ്ഞും ചെയ്തും ഉള്ള ആ ജീവിതത്തെ അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തില്‍ കൂട്ടി കെട്ടുന്ന ഒരു നൂല് ഉണ്ടെങ്കില്‍ അതും ആ ലഘുത്വം നല്‍കുന്ന സ്വാതന്ത്ര്യം മാത്രമായിരുന്നു എന്ന് കാണാം. അത്തരം ഒരു കൌതുകം വച്ചാണ് അദ്ദേഹം രണ്ടായിരത്തി ഒന്നില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നമ്മെ ഞെട്ടിച്ചത്.

നമ്മുടെ ഉള്ളിലെ ‘അശ്ലീലങ്ങള്‍’ വിളിച്ചുപറഞ്ഞ പുനത്തില്‍, എല്ലാത്തരം കുപ്പായങ്ങളുമിണങ്ങുന്ന ഒരു ദേഹം

ക്രിസ്ത്യാനിയും മുസ്ലിങ്ങളുമായ മതേതരവാദികള്‍ ഒക്കെയും പലവഴിയില്‍ നുഴഞ്ഞുകയറിയാല്‍ നിര്‍വീര്യമാക്കാവുന്നതെയുള്ളൂ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര വാദം എന്നൊക്കെ വിചാരിക്കുക മാത്രമല്ല, അതൊന്ന് പരീക്ഷിച്ച് നോക്കാന്‍ പോലും തയ്യാറായ മനുഷ്യനാണ് കുഞ്ഞബ്ദുള്ള. എന്നിട്ട് നിര്‍വീര്യമായോ എന്ന് അദ്ദേഹത്തോട് ആരെങ്കിലും ചോദിച്ചിരുന്നോ എന്ന് അറിയില്ല. അദ്ദേഹം ഹിന്ദു മതത്തില്‍ കാണുന്ന മേന്മ അമ്പലത്തില്‍ പോകണമെങ്കില്‍ പോകാം, വേണ്ടങ്കില്‍ വേണ്ട, കള്ള് കുടിക്കണമെങ്കില്‍ കുടിക്കാം, ഇല്ലെങ്കില്‍ വേണ്ട, കുളിക്കണമെങ്കില്‍ കുളിക്കാം, വേണ്ടെങ്കില്‍ വേണ്ട എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും ബഹുസ്വരതയെയും വല്ലാതെ അംഗീകരിക്കുന്ന ഒരു വ്യവസ്ഥ എന്ന നിലയിലാണ്. അതിനുള്ളില്‍ തന്നെയല്ലേ അടി അളന്നുള്ള തീണ്ടാപ്പാടുകള്‍ തൊട്ട് വിദ്യാഭ്യാസത്തിനും തൊഴിലിനും വരെയുള്ള നിബന്ധനകള്‍ വരെ ഉള്‍പ്പെടുന്ന ചാതുര്‍വര്‍ണ്യം നിലനിന്നിരുന്നത് എന്ന് ചോദിച്ചാല്‍…

പുനത്തില്‍ കുഞ്ഞബ്ദുള്ള ഹിന്ദു മതത്തില്‍ കാണുന്ന മേന്മ അദ്ദേഹത്തിന്റെ ജീവിതചര്യയില്‍ സ്വന്തം സമുദായത്തിലെ, കുടുംബത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങളെ പോലെ ആ മതത്തിലെ പൌരോഹിത്യമോ, യാഥാസ്ഥിതികത്വം തന്നെയോ ഇടപെടുന്നില്ല എന്നത് മാത്രമാണ്. ആ മനസിലാക്കലിന്റെ ലഘുത്വമാണ് അദ്ദേഹത്തിന്റെ ഹിന്ദു സ്വത്വം. അത് എപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുവോ അപ്പോള്‍ അദ്ദേഹം ഹിന്ദു അല്ലാതെയുമാവും. കുഞ്ഞിക്ക എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന കുഞ്ഞബ്ദുള്ളയുടെ ആത്മീയ ദര്‍ശനവും, ഭൌതീക ദര്‍ശനവും ഒക്കെയും അതിരുകളും വിലക്കുകളും ഇല്ലാത്ത ഒരു സ്വതന്ത്ര ലോകത്തില്‍ തുടങ്ങി അതില്‍ അവസാനിക്കുന്ന ഒന്നാണ്. മതപരമായ ആത്മീയതയോട്, അതിന്റെ ബിംബങ്ങളോട് ഒരു നിഷേധവും അദ്ദേഹത്തിനില്ല, അവ കൌതുകമുണര്‍ത്തുന്ന മിത്തുകളും ഐതീഹ്യങ്ങളുമായി നിലനില്‍ക്കുന്നിടത്തോളം കാലം. എന്നാല്‍ അവ ആ നിലയില്‍ നിന്ന് മനുഷ്യന്റെ നിത്യജീവിതത്തെ ചുരുക്കുന്ന, നിയന്ത്രിക്കുന്ന ഒന്നായാല്‍ അതോടെ കളി മാറും.

ആ വരാന്തയില്‍ കാക്കനാടനും വിജയനും വികെഎനും നാണപ്പനും ഒക്കെയുണ്ടാകും, കുഞ്ഞിക്ക അവിടെയും ഉല്‍സവമാക്കും

അതായത് കുഞ്ഞബ്ദുള്ളയെ നിങ്ങള്‍ക്ക് ആര്‍ക്കും വിളിച്ച് ഏത് സംഘടനയിലും ചേര്‍ക്കാം. അദ്ദേഹം വേണമെങ്കില്‍ ഒരേ സമയം ഐഎസിലും ആര്‍എസ്എസിലും വേണമെങ്കിലും ചേര്‍ന്നെന്നിരിക്കും . പക്ഷെ അവരുടെ പ്രത്യയശാസ്ത്രമനുസരിച്ച് പുള്ളിയെ പരിവര്‍ത്തിപ്പിച്ച് എടുക്കാം എന്ന പ്രതീക്ഷയിലാണെങ്കില്‍ പണി പാളും. അവിടെ ഓരോപ്ഷനേ ഉള്ളു. നിക്കണമെങ്കില്‍ നിക്കാം, ഇല്ലെങ്കില്‍ പോകാം. ആര്‍ക്ക്? പുള്ളിയെ ചേര്‍ത്ത സംഘടനയ്ക്ക്!പുള്ളി പഴയ ഇടത്ത് തന്നെ പിന്നെയും നിക്കും. ശരീരം ദഹിപ്പിച്ച് ഒഴുക്കി വിടുന്നതിനെ കുറിച്ച് ഇന്ന് വാചാലമാകുന്ന ആള്‍ നാളെ ഉമ്മയുടെ ഖബറിന്റെ അരികില്‍ കിടക്കണമെന്നും പറയും. മീസാന്‍ കല്ലുകളില്‍ കഥ തിരയും. എന്നാല്‍ മറ്റൊരു മൂഡില്‍ ഉടല്‍ അഗ്നിയുടെ ദാഹത്തിനും ഭസ്മം അനന്തമായ ജലയാനത്തിനും നല്‍കി ആ ഉല്പത്തി ദ്വന്ദ്വത്തിലേക്ക് തന്നെ മടങ്ങണം എന്നും പറയും.

ചുരുക്കി പറഞ്ഞാല്‍ ബ്രോ, പുനത്തില്‍ കുഞ്ഞബ്ദുള്ള കേരളീയ നവോത്ഥാനവും ആധുനികതയും തുറന്നിട്ട മതേതര, സ്വാതന്ത്ര്യ, ജനാധിപത്യ ബോധത്തിന്റെ സൃഷ്ടികളാണ്. അദ്ദേഹം അതിന്റെ ലഘുത്വത്തെ പ്രതിനിധാനം ചെയ്യുന്നു എന്നതിനാല്‍ അത് അങ്ങനെ പറന്നു നടക്കും. എന്നുവച്ച് ഒരിടത്ത് പിടിച്ച് ഇട്ടുകളയാം എന്ന് വിചാരിച്ചാല്‍ നടക്കില്ല. അദ്ദേഹം ഉറങ്ങുന്ന ഖബര്‍ മാനവികമായ സ്വാതന്ത്ര്യത്തിന്റെ, സ്വാസ്ഥ്യത്തിന്റെ, ലഘുത്വത്തിന്റെതായ ഒന്നാണ്. പക്ഷേ ആ ജാതി ലഘുക്കള്‍ സംഘി, ഇസ്ലാമിസ്റ്റ് അതിലഘുക്കള്‍ വിചാരിച്ചാല്‍ പോക്കാനാവില്ല. അതുകൊണ്ട് വിട്ടുകള; ആ ഖബറിനെ…

(വിശാഖ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:

This post was last modified on October 30, 2017 9:48 am