X

കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തില്‍ അന്തിമ വിജയം; ദി എലിഫന്റ് കോര്‍ട്ട് ഹോട്ടല്‍ ഫെഡറല്‍ ബാങ്കിന്

36 കോടിയോളം വായ്പ തുക തിരികെ അടയ്ക്കാതെ വന്നതിനെ തുടര്‍ന്നാണു ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോയത്‌

വന്‍കിടക്കാരില്‍ നിന്നും കിട്ടാക്കടം തിരിച്ചുപിടിക്കുക എന്നതു ബാങ്കുകള്‍ക്ക് കീറാമുട്ടിയായി മാറുന്ന കാലത്ത് കേരളത്തില്‍ ഫെഡറല്‍ ബാങ്ക് നടത്തിയ പോരാട്ടം അന്തിമ വിജയം കണ്ടിരിക്കുന്നു. ഏഴായിരം കോടിയിലധികം വായ്പയെടുത്തശേഷം രാജ്യം വിട്ട വിജയ് മല്യമാരെ ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്നിടത്ത് ഫെഡറല്‍ ബാങ്ക്, മുന്നില്‍ വന്ന പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ഇപ്പോള്‍ നേടിയിരിക്കുന്ന വിജയത്തിനു പ്രത്യേക തിളക്കമുണ്ട്.

36 കോടിയോളം വായ്പ തുക തിരികെ അടയ്ക്കാതെ വന്നതിനെ തുടര്‍ന്നു കേരളത്തിലെ പ്രമുഖ ഹോട്ടലുകളില്‍ ഒന്നായിരുന്ന വിജയ ഹോസ്പിറ്റാലിറ്റി ആന്‍ഡ് റിസോട്ട്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ തേക്കടിയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചനക്ഷത്ര ഹെറിറ്റേജ് ഹോട്ടല്‍ ദി എലിഫന്റ് കോര്‍ട്ട് പൂര്‍ണമായി ഏറ്റെടുത്തിരിക്കുകയാണ് ബാങ്ക്. ബാങ്ക് നടപടിക്കെതിരേ ഹോട്ടല്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ബാങ്കിന് അനുകൂലമായ വിധി കോടതിയില്‍ നിന്നും ഉണ്ടായിരിക്കുകയാണ്. ഹോട്ടല്‍ പ്രോപ്പര്‍ട്ടി പൂര്‍ണമായി ഏറ്റെടുക്കാമെന്നു ബാങ്കിന് ഹൈക്കോടതി അനുവാദം നല്‍കി.

കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിറ്റി ഹോട്ടലില്‍ എത്തി ആസ്തിവിവര പട്ടിക തയ്യാറാക്കി ബാങ്കിനെ ഏല്‍പ്പിക്കും. അതോടൊപ്പം നിലവില്‍ ഹോട്ടലില്‍ തങ്ങുന്ന ബാങ്ക് ഉദ്യോഗസ്ഥരെ അവിടെ നിന്നു പിന്‍വലിക്കുകയും ചെയ്യും. വസ്തു പൂര്‍ണമായി ബാങ്കിന്റെ കൈവശം വന്നിരിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നത്. നലവില്‍ ഹോട്ടലില്‍ ആകെയുള്ള 65 മുറികളില്‍ ഫ്രണ്ട് പോര്‍ഷന്‍ ഉള്‍പ്പെടെ 30 മുറികള്‍ ഫെഡറല്‍ ബാങ്ക് കൈവശവും കിച്ചന്‍ ഉള്‍പ്പെടെ ബാക്കി 35 മുറികളില്‍ ഹോട്ടല്‍ സ്റ്റാഫുകളുമായിരുന്നു തങ്ങിയിരുന്നത്. പുതിയ ബുക്കിംഗ് ഒന്നും സ്വീകരിക്കാന്‍ പാടില്ലെന്ന ബാങ്കിന്റെ നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ഹോട്ടല്‍ പ്രവര്‍ത്തന രഹിതവുമായിരുന്നു.

ഹോട്ടലിന്റെ ഉടമസ്ഥാവകാശം കൈവന്ന സ്ഥിതിക്ക് ഇനി ബാങ്ക് തങ്ങള്‍ക്ക് കിട്ടാനുള്ള തുക ഈടാക്കിയെടുക്കാനുള്ള നടപടി സ്വീകരിക്കും. അതിനായി പ്രോപ്പര്‍ട്ടി വില്‍പ്പനയ്ക്കു വയ്ക്കും. ഒന്നുകില്‍ ഇപ്പോഴുള്ള ഉടമകള്‍ക്കു തന്നെ ലേലത്തില്‍ പിടിക്കാവുന്നതാണ്. അതല്ലെങ്കില്‍ മറ്റുള്ളവരെ പരിഗണിക്കും. എന്നാല്‍ എന്നാല്‍ ഇത്രവലിയൊരു ഹോട്ടല്‍ നേരായ മാര്‍ഗത്തില്‍ പണം നല്‍കി ഏറ്റെടുക്കാന്‍ ആളുണ്ടാവുക എന്നതാണ് ബാങ്കിനു മുന്നിലുള്ള പ്രശ്‌നം. അതേസമയം ചിലര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് തങ്ങളെ ബാങ്കിനെ സമീപിച്ചിട്ടുള്ളതായും കേള്‍ക്കുന്നു.

മൂലധനനിക്ഷേപം എന്ന നിലയിലാണ് ദി എലിഫെന്റ് കോര്‍ട്ട് പ്രോപ്പര്‍ട്ടി ഈടുവച്ച് 27 കോടി രൂപ വായ്പയെടുത്തത്. വിനോദസഞ്ചാര മേഖലയായ തേക്കടിയില്‍ ഫൈവ് സ്റ്റാര്‍ സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെറിറ്റേജ് ഹോട്ടല്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു പോന്നിട്ടും വായ്പ എടുത്ത തുക തിരികെയടച്ചില്ല. നിരന്തരമായി ആവശ്യപ്പെട്ടിട്ടും വായ്പ തിരികെയടയ്ക്കാന്‍ ഹോട്ടലുകാര്‍ തയാറാകാതിരുന്നതോടെയാണ് 2015ല്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ബാങ്കിലേക്ക് കിട്ടാനുള്ള പലിശയടക്കമുള്ള 36 കോടിക്കടുത്ത തുക ഈടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നു ഫെഡറല്‍ ബാങ്ക് ആവശ്യപ്പെടുന്നത്. ബാങ്കിന്റെ ആവശ്യം പരിഗണിച്ച് ജപ്തി നടപടികള്‍ സ്വീകരിക്കാന്‍ സിജെഎം കോടതി ഉത്തരവാകുകയും ചെയ്തു. പക്ഷേ അഞ്ചുതവണയോളം ജപ്തി നടപടികളുമായി ബാങ്ക് മുന്നിട്ടിറങ്ങിയെങ്കിലും പലവിധ തടസങ്ങള്‍ ഉണ്ടായി. ഇതേ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിച്ചു. ബാങ്കിന്റെ ആവശ്യപ്രകാരം പുതിയ അഡ്വക്കേറ്റ് കമ്മിഷനെ കോടതി നിയോഗിച്ചു. പ്രിന്‍സ് ജെ പന്നലാലിന്റെ നേതൃത്വത്തിലുള്ള പുതിയ അഡ്വക്കേറ്റ് കമ്മിഷന്‍ നേതൃത്വത്തിലാണ് ഇപ്പോഴുള്ള ജപ്തി നടപടികള്‍ ആരംഭിച്ചത്.

2016 ഡിസംബര്‍ 30ന് അഡ്വക്കേറ്റ് കമ്മിഷന്റെ സഹകരണത്തോടെ ഫെഡറല്‍ ബാങ്ക് എറണാകുളം അസറ്റ് റിക്കവറി ബ്രാഞ്ച് ഹെഡ് സാജന്‍ ഫിലിപ്പ്, കോട്ടയം അസറ്റ് റിക്കവറി ബ്രാഞ്ചിലെ ബോസ് സി എം എന്നിവരുടെ നേതൃത്വത്തില്‍ ഇരു ബ്രാഞ്ചുകളും ചേര്‍ന്നു ഹോട്ടല്‍ ജപ്തി ചെയ്യാന്‍ എത്തി. 100ലധികം ബാങ്ക് അധികൃതരും അത്ര തന്നെ പൊലീസും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് സജ്ജീകരണങ്ങളുമെല്ലാമായിട്ടായിരുന്നു ജപ്തി നടപടികള്‍ക്കായി ബാങ്ക് എത്തിയത്. എന്നാല്‍ ബാങ്ക് നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഉച്ചയോടുകൂടി ഹോട്ടല്‍ അധികൃതര്‍ എറണാകുളം ഡെബിറ്റ് റിക്കവറി ട്രിബ്യൂണലിന്റെ അനുകൂല ഉത്തരവ് സമ്പാദിച്ചു. തത്കാലം ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു ഡിആര്‍ടിയുടെ ഉത്തരവ്. 2017 ജനുവരി 4ന് മുമ്പായി ഒമ്പത് കോടി രൂപ ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ ഹോട്ടലിന് സാവകാശം നല്‍കണമെന്നായിരുന്നു ഡിആര്‍ടി ഫെഡറല്‍ ബാങ്കിനോട് ആവശ്യപ്പെട്ടത്. ഇതംഗീകരിക്കാന്‍ ബാങ്ക് തയ്യാറായെങ്കിലും പറഞ്ഞ തീയതി കഴിഞ്ഞിട്ടും പണം അടയ്ക്കാന്‍ ഹോട്ടല്‍ തയ്യാറായില്ല. ഇതോടെ ബാങ്ക് വീണ്ടും തങ്ങളുടെ നടപടിയുമായി മുന്നോട്ടുപോയത്. ഇതിനെതിരേ ഹോട്ടല്‍ ഉടമകള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ബാങ്കിന് അനുകൂലമായി ഉത്തരവ് ഇറക്കിയതോടെ ഒരു പോരാട്ടത്തിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു ഫെഡറല്‍ ബാങ്ക്. നിശ്ചയദാര്‍ഢ്യമുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ ഇതുപോലുള്ള വമ്പന്‍മാരെ ജയിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുമെന്നുകൂടിയാണ് ഫെഡറല്‍ ബാങ്കിന്റെ ഈ വിജയം കാണിച്ചു തരുന്നത്.