X

ഇന്ത്യയെ സ്‌നേഹിച്ച, ഇന്ത്യയും സ്‌നേഹിച്ച ഫിഡല്‍

ശിവ സദ

ലോക മാനവികത പോരാട്ടങ്ങളില്‍ ആവേശമായ് ഏഴുപതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്ന വിപ്ലവ ഇതിഹാസമാണ് ഫിഡല്‍ കാസ്‌ട്രോയുടെ ജീവശ്വാസം അന്തരീക്ഷത്തില്‍ വിലയം കൊണ്ടതോടെ അവസാനിക്കുന്നത്.

അത് പ്രകാശഗോപുരം പോലെ നിന്ന് അനേകം വിപ്ലവ നക്ഷത്രങ്ങള്‍ക്ക് ദിശാഗതിയും പ്രഭാവവും നല്‍കിയ സൂര്യാസ്തമയവും ആയി.

ലോകം തീവ്രമായ് ഫിഡലിനെ ആരാധിച്ചു. അദ്ദേഹത്തെ വിപ്ലവ സരണികളിലെ കാല്പനിക സൗന്ദര്യം ആയി തലമുറകള്‍ ചങ്കില്‍ നിറച്ചു. ലോകത്തെ മറ്റൊരു വിപ്ലവകാരിക്കും കമ്യൂണിസ്റ്റ് നേതാവിനും രാഷ്ട്ര ഭരണാധികാരിക്കും ആവാനാവാത്ത വിധം അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം. ഇനിയങ്ങനൊരാള്‍ ഉണ്ടാകില്ല.

ജീവിതവും പോരാട്ടവും ഭരണവും പ്രചോദനവും തലമുറകളായ് പകര്‍ന്നും പെരുക്കിയും കാലം രചിച്ച ഒരു ചരിത്ര പുസ്തകം-ഫിഡല്‍ അങ്ങനെയും സംഗ്രഹിക്കാം അദ്ദേഹത്തെ.

ഇന്ത്യയുമായ് ഫിഡല്‍ എന്നും ഹൃദയബന്ധം സൂക്ഷിച്ചു. പണ്ഡിറ്റ് നെഹ്‌റുവില്‍ നിന്നാരംഭിച്ച ആ ബന്ധം ഇന്നും ഊഷ്മളമായ് തുടരുന്നു. അവിഭക്തവും വേറിട്ടതുമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും നേതാക്കളോടും ആ ജനകീയ ഗറില്ലാ പോരാളിക്ക് വിശാല ബന്ധങ്ങള്‍ ആണുള്ളത്.

ക്യൂബന്‍ വിപ്ലവ ഭരണത്തെ ആദ്യം അംഗീകരിച്ച രാഷ്ട്രങ്ങളില്‍ പ്രധാനിയും ഇന്ത്യ തന്നെ. അധികാരത്തിലെത്തിയ ശേഷം ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ എത്തിയ അദ്ദേഹത്തെ നെഹ്‌റു അങ്ങോട്ട് ചെന്നാണ് പരിചയപ്പെട്ടത്. 34 വയസ്സുള്ള യുവാവായിരുന്നു അന്ന് ക്യൂബന്‍ പ്രസിഡന്റ്. ന്യൂയോര്‍ക്ക് ‘ഹാര്‍ലന്റ് ‘ഹോട്ടലില്‍ ആയിരുന്നു കൂടിക്കാഴ്ച. ഹസ്തദാനത്തിനുശേഷം കെട്ടിപിടിച്ചുകൊണ്ട് നെഹ്‌റു പറഞ്ഞു; ‘beloved young struggler’.

ആ കൂടി കാഴ്ച നല്‍കിയ ഫിഡലിന്റെ അന്തര്‍ദേശീയ മൈലേജ് എത്ര വലുതെന്ന് അദേഹം തന്നെ എഴുതിയിട്ടുണ്ട്. 1961 ലെ അമേരിക്കന്‍ പ്രതിവിപ്ലവത്തെ ചെറുത്ത് തോല്‍പ്പിക്കാനുള്ള കെല്‍പ്പ് അന്തര്‍ ദേശീയ പിന്തുണയായത് ചരിത്രം.

അമേരിക്ക നയതന്ത്രബന്ധം വിച്ഛേദിച്ച് ഒറ്റപ്പെടുത്തിയപ്പോഴും സോവിയറ്റ് യൂണിയന്റെയും ഇന്ത്യയുടെയും പിന്തുണ ക്യൂബയ്ക്ക് ഉണ്ടായതിന്റെ അടിസ്ഥാനമതു തന്നെ. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ വിപ്ലവ ശ്രേണിയുടെ പിന്തുണ ഫിഡലിനുണ്ടയതും പില്‍ക്കാലം അതൊരു ചേരിയായി പരിണമിച്ചതും ചരിത്രം. ഇന്ത്യയുടെ ചേരിചേരാ നയത്തിന് ഫിദല്‍ പിന്തുണക്കാരനാവുകയും പിന്നീട് നായകനുമായി.

നിരന്തര അമേരിക്കന്‍ എതിര്‍പ്പുകളെ അതിജീവിക്കുന്നതിലും ഇന്ത്യയുടെ നയപരമായ പിന്തുണ ഫിഡലിനു സഹായമായിട്ടുണ്ട്. ഒപ്പം വിയറ്റ്‌നാം അടക്കമുള്ള രാജ്യങ്ങളുടെ പിന്തണയും തനിക്ക് അനുകൂലമാക്കുന്നതില്‍ ഫിഡല്‍ വിജയിച്ചു.

1970കളില്‍ ഇന്ദിരാഗാന്ധി പ്രധാനമന്തിയായിരിക്കേ ഫിഡലിന്റെ ഇന്ത്യ സന്ദര്‍ശനം വലിയ അന്താരാഷ്ട്ര പ്രാധാന്യം പിടിച്ചുപറ്റി. ചേരിചേരാ പ്രസ്ഥാനം അത് വഴി ശക്തമായി. സോവിയറ്റ്-അമേരിക്കന്‍ ശീതയുദ്ധത്തിന് പുതിയ മാനങ്ങള്‍ നല്ലി. ഇന്ദിരാ ഗാന്ധിയുമായുള്ള സന്ദര്‍ശനം പ്രസിദ്ധമാണ്. ഹസ്തദാനം ചെയ്ത ഇന്ദിരയെ അദേഹം ആലിംഗനം ചെയ്ത് ‘ദ് ഗ്രേറ്റ് ലേഡി, മൈ ലവ് ‘ എന്ന പരാമര്‍ശവവും വലിയ വാര്‍ത്താപ്രാധാന്യം നേടി. സോവിയറ്റ് ചേരിയിലായിരുന്നു മനസു കൊണ്ട് ഇന്ത്യ. അത് ഇരു ഭാഗത്തും ഗുണകരമായി. ദില്ലിയില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും വിവാ ക്യൂബ വിവാ ഫിഡല്‍ മുദ്രാവാക്യത്തോടെ ആ വിപ്ലവകാരിയെ സ്വീകരിച്ചു.

ഒടുവില്‍ ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരിയും അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി ഫിഡല്‍ ഉറ്റബന്ധം പുലര്‍ത്തി. 60 മുതല്‍ പാര്‍ട്ടിയെ നയിച്ചവര്‍ക്കെല്ലാം ഫിഡല്‍ ബന്ധം ഉണ്ട്. ഇഎംഎസ്, എകെജി, ജ്യോതി ബസു, രാജേശ്വര്‍ റാവു, സുന്ദരയ്യ, ബി.ടി.ആര്‍ പട്ടിക നീണ്ടതാണ്. ലോകയുവജന ഇടതുപക്ഷ നേതാക്കളായവരും അദ്ദേഹത്തിനോട് സൗഹൃദം പുലര്‍ത്തി. സീതറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എ എ ബേബി, സി.കെ.ചന്ദ്രപ്പന്‍, ഡി രാജ, ബിനോയ് വിശ്വം, പി.രാജീവ് വരെ ഈ പട്ടികയില്‍ ഉണ്ട്.

എക്കാലവും ക്യൂബന്‍ ഭരണ നേതൃത്വം ഇന്ത്യയോട് വലിയ അകലം പാലിച്ചിട്ടില്ല. കമ്മൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലും ഊഷ്മള ബന്ധമാണ.് 643 തവണ ഫിഡലിനെ വകവരുത്താന്‍ സിഐഎ ശ്രമിച്ചതും ഒടുവില്‍ ഷേവിംഗ് ക്രീമില്‍ രോമം കൊഴിയാനുള്ള രാസഘടകം ചേര്‍ത്ത് താടി കൊഴിപ്പിച്ച് അന്താരാഷ്ട്ര ഇമേജ് ഇല്ലാതാക്കാനുള്ള ശ്രമം നടത്തിയതിന്റെയുമൊക്കെ കഥ യുവജന നേതാക്കള്‍ പറയുന്നതും ഓര്‍മ്മയിലുണ്ട്.

അത്രയേറെ പ്രഭാവമായിരുന്നു ഫിഡല്‍. 

ക്യൂബ ഒരു ചെറു രാജ്യമാണ്. കേരളത്തിന്റ വലുപ്പമുണ്ടാകാം. അതിന്റെ നായകന്‍ ലോക വിപ്ലവനേതാവായതും സാമാജ്യശക്തികള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ആലോചിച്ചാല്‍ വലിയ ഒരു ഐറണി കാണാനാവും. അത് തന്നെയാണ് ഫിഡല്‍.

ഫിഡല്‍ അങ്ങ് ഇന്ത്യയുടേയും ഹൃദയ നായകന്‍. ദുരിതരുടെ പോരാട്ട വഴിയിലെ ദിശാസൂചിക. അര്‍ത്ഥപൂര്‍ണ്ണ വര്‍ഗ്ഗപോരാട്ടത്തിന്റെ പായ്ക്കപ്പലിനെ നയിക്കുന്ന കപ്പിത്താന്‍. ചരിത്രം താങ്കളെ നമിക്കുന്നു. ഐതിഹാസികമായ ജീവിതം അവസാനിച്ചുവെന്നു വിശ്വസിക്കുന്നില്ല…

(രാഷ്ട്രീയ-സാമൂഹിക നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

This post was last modified on November 26, 2016 5:43 pm