X

‘കുടുംബത്തിന് ഓസ്‌കാര്‍ ഒന്നും ഒരു വിഷയമല്ല, ഓസ്‌കാര്‍ തലേന്ന് ഭാര്യയില്‍ നിന്ന് ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നു’; അനില്‍ കപൂര്‍

സിനിമാത്തിരക്കുകളേക്കാള്‍ പ്രാധാന്യം കുടുംബജീവിതത്തിന് നല്‍കാന്‍ താന്‍ പഠിച്ചത് ആ രാത്രിയിലാണെന്നാണ് അനില്‍ കപൂര്‍

മുംബൈ ചേരി നിവാസികളുടെ കഥ പറഞ്ഞ് എട്ട് ഓസ്‌കാര്‍ അവാര്‍ഡുകൾ നേടിയെടുത്ത ചിത്രമാണ് സ്ലം ഡോഗ് മില്ല്യണയര്‍. ഡാനി ബോയല്‍ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തിൽ തന്നെ ഇന്ത്യന്‍ സിനിമയ്ക്ക് പ്രശസ്തി നേടി കൊടുത്തിരുന്നു.

എന്നാൽ ചിത്രത്തിന് ഓസ്‌കര്‍ ലഭിച്ച തലേ ദിവസം തനിക്ക് മറക്കാനാകാത്ത രാത്രിയാണെന്നും അന്ന് ഭാര്യയില്‍ നിന്നും ഒരുപാടു ചീത്ത കേള്‍ക്കേണ്ടി വന്നെന്നും വെളിപ്പെടുത്തുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് നടന്‍ അനില്‍ കപൂര്‍. സിനിമാത്തിരക്കുകളേക്കാള്‍ പ്രാധാന്യം കുടുംബജീവിതത്തിന് നല്‍കാന്‍ താന്‍ പഠിച്ചത് ആ രാത്രിയിലാണെന്നാണ് അനില്‍ കപൂര്‍ പറയുന്നു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചിത്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനില്‍ കപൂര്‍ന്റെ വാക്കുകൾ ഇങ്ങനെ

”കുടുംബത്തിന് ഓസ്‌കാര്‍ ഒന്നും ഒരു വിഷയമല്ല. മകള്‍ സോനത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടാണ് ഭാര്യ സുനിത ആ രാത്രിയില്‍ എന്റെയരികില്‍ വന്നത്. എന്നെ ഉറങ്ങാന്‍ അനുവദിക്കൂവെന്ന് ഞാന്‍ അവളോടു പറഞ്ഞു. എന്റെ മറുപടി കേട്ട് ശുണ്ഠികയറിയ അവള്‍ പറഞ്ഞത് ഓസ്‌കറിനെക്കുറിച്ചുള്ള ചിന്ത കളഞ്ഞിട്ട് എനിക്ക് പറയാനുള്ളത് കേള്‍ക്കൂവെന്നാണ്’. അന്നു മുതല്‍ കുടുംബമാണ് എന്റെ മുന്‍ഗണന. കാരണം സ്ലം ഡോഗ് മില്യണേയര്‍ എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിച്ചതിന്റെ തലേരാത്രി എനിക്ക് ഭാര്യയില്‍ നിന്ന് ഒരുപാടു ചീത്ത കേള്‍ക്കേണ്ടി വന്നു”.