X

കാരണവന്മാരോടും ഏട്ടന്‍, ഇക്ക ഫാന്‍സിനോടും; കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് പറഞ്ഞുകൊണ്ടേയിരിക്കും

സിനിമാ നടിമാരെല്ലാം 'പിഴ'കളാണെന്ന ധാരണ പേറുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും

നടി ആക്രമിക്കപ്പെട്ടതും ആ കേസിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന വഴിത്തിരിവുകളും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും  വാർത്തയും അനുബന്ധ ചർച്ചകളുമാണ്‌. പൂർവ മാതൃകകളില്ലാത്ത അഥവാ ഉണ്ടെന്നറിയാത്ത ഒരു കേസിന്റെ തുടർച്ചകളെ പറ്റി പൊതു സമൂഹം ആശങ്കപ്പെടുന്നുണ്ട്. ഇവിടുത്തെ ഏറ്റവും ഗ്ലാമറുള്ള, പണമൊഴുകുന്ന വ്യവസായവും തൊഴിലിടവുമാണ് സിനിമ എന്നതു കൊണ്ടു തന്നെ അതിനെ നേരിട്ടു ബാധിക്കുന്ന വിഷയമായതു കൊണ്ടു തന്നെ വിവാദങ്ങളുമുണ്ടായി. ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യ പ്രസ്താവനകളെ തുടർന്ന് സലീം കുമാറിനും അജു വർഗീസിനും ദിലീപിനും മാപ്പു പറയേണ്ടി വന്നു. ടി.വി ചർച്ചക്കിടെ വിവാദമായ പരാമർശത്തിന് സജി നന്ത്യാട്ട് മാപ്പു പറഞ്ഞതായി അറിയില്ല; കേസ് ഇപ്പോഴും  മുന്നോട്ട് പോകുന്നു

ഈ കേസിനോട് അനുബന്ധിച്ചാണ് കുറച്ചു മാസങ്ങൾക്കു മുന്നേ പാർവതി, ലക്ഷ്മി റായി പോലുള്ള  മുഖ്യധാരാ നായികമാർ പറഞ്ഞ കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന വാദവും ഇന്നസെന്റിന്റെ ഇന്നലത്തെ വിവാദ പരാമർശവും ചർച്ചയാവുന്നത്. അങ്ങനെയൊരു പ്രസ്താവന ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സിനിമയിൽ എല്ലാം ക്ലീൻ ക്ലീൻ ആണെന്നും അദ്ദേഹം പറയുന്നു. നടിമാർ ‘മോശമാണെങ്കിൽ’ ചിലപ്പോൾ ‘കിടക്ക പങ്കിടുന്നുണ്ടാ’വാം എന്നദ്ദേഹം കൂട്ടിച്ചേർത്തു.

‘വെറും പെണ്ണ്’ ബോധമുള്ള ഒരു നാട്ടിൽ അത്തരം ബോധ്യങ്ങളുടെ തലതൊട്ടപ്പന്മാരുള്ള ഒരു മേഖലയിൽ നിന്ന് വളരെ സരസമായി ഇന്നസെന്റിന് അത് പറയാം. ലാഘവത്വത്തിന്റെ, നിസംഗതയുടെ ചിരിയോടെ കയ്യടിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണയും ഉറപ്പാണ്. പക്ഷെ ജനപ്രതിനിധിയായ, പാർലമെന്റ് അംഗമായ അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് ആയ ഒരാൾക്ക് ജനാധിപത്യ സമൂഹത്തോട് പരസ്യമായി പറയാവുന്ന കാര്യവും ഭാഷയുമല്ല അതൊന്നും. ‘മോശം’  പ്രശ്നമാണോ? ‘നടി’ പ്രശ്നമാണോ? ‘കിടപ്പറ’യോ ‘പങ്കുവയ്ക്കലോ’ പ്രശ്നമേ അല്ലല്ലോ എന്നൊക്കെ ന്യായീകരണ ദൗത്യമേറ്റെടുത്തവർ ഉള്ളിടത്തോളം, അദ്ദേഹം പറഞ്ഞത് ശരിയല്ലേ, പിന്നെന്താ എന്ന നിഷ്കളങ്ക യുക്തി നിലനിൽക്കുന്നിടത്തോളം, പ്രശ്നവത്കരിക്കപ്പെട്ടവർ ഒറ്റപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യാം. ഉള്ളിലടക്കം ചെയ്ത   ശരി എന്ന ബോധ്യമാണ് പുറത്തുവരുന്നത്. ആ ബോധ്യം തിരുത്തപ്പെടാത്തിടത്തോളം യാന്ത്രിക മാപ്പു പറച്ചിലുകൾ ഉണ്ടാവാം. അതുതന്നെ സംഭവിക്കുകയും ചെയ്തു.

സിനിമാ നടിമാരെല്ലാം ‘പിഴ’കളാണെന്ന ധാരണ പേറുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. നടികളല്ലാത്ത സ്ത്രീ തൊഴിലാളികൾ സിനിമയിലുണ്ടോ എന്നത് നമ്മുടെ വിഷയവുമല്ല. നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ലീക്ക് ആവുമോ എന്ന് അതിയായ കൊതിയോടെ കാത്തിരിക്കുന്നവരുണ്ട്. സിനിമാ നടിമാരുടെ ശരിയല്ലാത്ത വസ്ത്രധാരണമാണ് സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ പെരുകലിന് പ്രധാനകാരണമെന്ന് വിശ്വസിക്കുന്നവരുണ്ട്. തരുമോ, വെടി, പടക്കം, സൈസ് എത്രയാ എന്നൊക്കെ പരസ്യമായി ചോദിക്കുന്നത് അവകാശമാണെന്ന് ധരിക്കുന്നവരും കുറവല്ല. ഉപദേശങ്ങളുടെ നീണ്ട നിരയുമായി ഇവരുടെ കുടുംബ ജീവിതത്തിലേക്ക് വലിഞ്ഞു കയറുന്നവരുമുണ്ട്. അവരുടെയൊക്കെ കാരണവർ ആവുന്നുണ്ട് ഇന്നസെന്റ്. അഭിനയം തൊഴിലായി സ്വീകരിച്ച സ്ത്രീകളുടെ കൂടി സംഘടനാ പ്രസിഡന്റ് ആയിരുന്നു കൊണ്ടു തന്നെ.

മലയാളത്തിലെ ഒരു മുൻനിര നായിക ഞങ്ങളുടെ നാട്ടിലെ ജ്വല്ലറി ഉദ്ഘാടനം ചെയ്യാൻ ഒരു സൂപ്പർ നായകനൊപ്പം എത്തി. കൂടി നിന്ന ആൺകൂട്ടം അവരുടെ മുടി പിടിച്ചു വലിക്കാനും ദേഹത്ത് തൊടാനും തുടങ്ങി. സുരക്ഷാ ജീവനക്കാർ അവരെ പിടിച്ചു മാറ്റി. ദേഹത്തേക്ക് ഓരോന്നു വലിച്ചെറിഞ്ഞും ശരീരവർണ്ണന നടത്തിയും ആ കൂടി നിന്നവർ ആക്രമണം തുടർന്നു. കണ്ണു നിറഞ്ഞ് ആകെ പതറി അവർ നിന്നു. ജനക്കൂട്ടം കൂടെയുണ്ടായിരുന്ന നായകനെ ഭക്തിയോടെ വണങ്ങി കയ്യടിച്ചു. ഞങ്ങൾ കുറെ പേർക്ക് ഒട്ടും ഉൾക്കൊള്ളാനാവാത്ത ഓർമയാണിത്. നിസംഗനായി ചിരിച്ചു നിൽക്കുന്ന നായകനടക്കം ആർക്കും അത് വലിയ ആക്രമണമായിരുന്നില്ല. ഈ മൂല്യബോധ്യത്തിൽ അതിന്റെ തുടർച്ചയിൽ സംഭവിക്കുന്ന അതിസാധാരണത്വം ഉണ്ട് ഇന്നസെന്റിന്റെ വാക്കുകളിൽ. വളരെ എളുപ്പത്തിൽ, സ്വഭാവികമായി അദ്ദേഹമത് പദവി ഭാരത്തെ പോലും ഓർക്കാതെ പറയുകയും ചെയ്തു.

കാര്യങ്ങൾക്കൊരു മറുപുറമുണ്ട്. തറവാട്ടിലെ കാരണവരെ പോലെ ആക്രോശിക്കുമ്പോൾ, പത്രസമ്മേളനത്തിൽ യാതൊരു ജനാധിപത്യവുമില്ലാതെ പെരുമാറുമ്പോൾ ചോദ്യം തിരിച്ചു ഉയരുന്നുണ്ട്. ഞങ്ങളുടെ സിനിമയെ ഏകാധിപത്യപരമായി വിമർശിക്കണ്ട എന്നു പറയുന്ന സംവിധായകരുണ്ട്. ഏട്ടന്റെ ഫണ്ണും ഇക്കയുടെ ജോക്ക്സും നല്ല രസമായിരുന്നു എന്നതിനപ്പുറം പറയാൻ നാവു പൊന്തുന്ന നടിമാരും മറ്റു സിനിമാ പ്രവർത്തകരുമുണ്ട്. അവർക്ക് സംഘടനയുണ്ട്, തൊഴിലവകാശങ്ങളെ കുറിച്ച് ബോധ്യമുണ്ട്. അവർ നീതി, അവകാശം എന്നൊക്കെ ഉറക്കെ പറയുന്നുണ്ട്. തങ്ങളുടെ തൊഴിലിടമാണിതെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. അമ്മച്ചി, കൊച്ചമ്മ എന്നൊക്കെ അധിക്ഷേപിച്ചാലും, അംഗബലം കുറവായാലും അങ്ങനെയൊന്ന് ഉരുവം കൊണ്ടു എന്നതിനെ റദ്ദു ചെയ്യാനാവില്ല. ജനാധിപത്യ അവകാശങ്ങളെ കുറിച്ച് ബോധ്യമുള്ളവരെ കാണാതിരിക്കാൻ പറ്റില്ല. അവർ നിങ്ങളോട് പറഞ്ഞു കൊണ്ടേയിരിക്കും; കണ്ണടച്ച്  ഇരുട്ടാക്കരുതെന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:

This post was last modified on July 12, 2017 5:05 pm