X

പുൽവാമ ഭീകരാക്രമണം; പാകിസ്താന്‍ കലാകാരർക്കും അഭിനേതാക്കൾക്കും ഇന്ത്യന്‍ സിനിമയില്‍ വിലക്ക്

ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ) പുറത്ത് വിട്ട വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്

രാജ്യത്തെ നടുക്കിയ പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ കലാകാർക്കും അഭിനേതാക്കൾക്കും ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ) പുറത്ത് വിട്ട വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ഏതെങ്കിലും സംഘടന പാകിസ്താനിൽനിന്നുള്ള കലാകാരന്മാരുമായി സഹകരിക്കാൻ നിർബന്ധം പിടിക്കുകയാണെങ്കിൽ അവർക്കും വിലക്കേർപ്പെടുത്തുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി റോണക് സുരേഷ് ജെയിൻ പറഞ്ഞു.

ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരതയ്ക്കെതിരെ പോരാടാന്‍ എഐസിഡബ്ല്യുഎ രാജ്യത്തോടൊപ്പം നില്‍ക്കുമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നേരത്തെ മഹാരാഷ്ട്ര നവ്നിര്‍മാൺ സേനയുടെ ഭീഷണിയെ തുടർന്ന് ആത്തിഫ് അസ്‌ലാം, റാഹത്ത് ഫത്തേഹ് അലിഖാൻ എന്നിവരുടെ ഗാനങ്ങൾ യുട്യൂബിൽ നിന്നും ടി സീരിസ് നീക്കം ചെയ്തിരുന്നു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പാക് താരങ്ങള്‍ക്ക്‌ ഇന്ത്യൻ സിനിമയിൽ നിന്ന്​ അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

This post was last modified on February 19, 2019 1:00 pm