X

ആടുതോമ എന്ന് പേരിട്ടാൽ അത് തന്റെ മരണത്തിന് തുല്യമെന്ന് സംവിധായകൻ ഭദ്രൻ

ആടുതോമ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. ഈ സ്വഭാവത്തിന്റെ ആത്മപരിശോധനയാണ് സിനിമയുടെ കഥ

സ്‌ഫടികം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്‌ഠ നേടാൻ ഭദ്രനു കഴിഞ്ഞിട്ടുണ്ട്. മോഹൻലാൽ എന്ന നടന്റെ മികച്ച ഹിറ്റുകളിലൊന്നാണ് സ്പടികം. എന്നാൽ സ്പടികത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിർമ്മാതാവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി സംവിധായകൻ ഭദ്രൻ പറയുന്നു. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരു പിതാവ് തന്റെ മകനെ എങ്ങനെ വളർത്തിയെടുക്കണമെന്നാണ് സ്ഫടികത്തിൽ പറയുന്നത്. അതുകൊണ്ടാണ് ആ ചിത്രത്തിന്റെ പര്യവസാനി ഒരു റൗഡിയുടെ മനംമാറ്റമായി മാറാതിരുന്നത്. ഒരു പിതാവിന്റെ തിരിച്ചറിവായിരുന്നു അത്. സാധാരണ സിനിമകളിൽ എല്ലാം റൗഡിയാണ് മനംമാറുന്നത്,​ അത് പള്ളിലച്ചൻ മനംമാറ്റും,​ കാമുകി മനംമാറ്റും. അല്ലേൽ സാഹചര്യവും സന്ദർഭങ്ങളും മനംമാറ്റും. എന്നാൽ ഇതിൽ അങ്ങനെയല്ല. ഒരു അപ്പൻ തന്നെ തിരിച്ചറിയുകയാണ് താൻ തന്നെ തന്റെ മകനെ തുലച്ചല്ലോ എന്ന്. അതുകൊണ്ടാണ് അപ്പന്റെ കാഴ്ചപ്പാടിൽ ആ സിനിമയ്ക്ക് സ്ഫടികം എന്ന് പേരിട്ടത്.

എന്നാൽ ആ പേര് മാറ്റുന്നതിനായി ചിത്രത്തിന്റെ നിർമ്മാതാവ് മോഹൻ സാർ ആവുന്നത് പോലെ പറഞ്ഞു. അതിന്റെ പേര് മാറ്റി ആടുതോമ എന്നിടാനായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ ‌ഞാൻ പറഞ്ഞു ആടുതോമ എന്ന് പേരിട്ടാൽ അത് തന്റെ മരണത്തിന് തുല്യമാണ്. ഇത് ആടുതോമ അല്ല. ആടുതോമ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. ഈ സ്വഭാവത്തിന്റെ ആത്മപരിശോധനയാണ് സിനിമയുടെ കഥ. അതുകൊണ്ടല്ലേ ഇതിന് രണ്ടാം ഭാഗമുണ്ടാവില്ലെന്ന് പറയുന്നത്’. ഭദ്രന്‍ പറഞ്ഞു

This post was last modified on February 22, 2019 7:15 am