സൂപ്പര്‍ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം സ്ഫടികം 2 ഇരുമ്പനെതിരെ സംവിധായകന് ഭദ്രന് രംഗത്ത്. മോഹന്‍ലാല്‍ കഥാപാത്രം ആടുതോമയുടെ മകന് ഇരുമ്പന്‍ ജോണിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ ടീസറിനെതിരെ മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പെടെ വിമര്‍ശനവും പ്രതിഷേധവും അറിയിച്ചതോടെയാണ് ഭദ്രന്റെ പ്രതികരണം.
‘സ്ഫടികം ഒന്നേയുള്ളു, അത് എന്റേതാണ്. രണ്ടാം ഭാഗം ഇറക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല ഭദ്രന് പറഞ്ഞു. സ്ഫടികം 2 എന്ന പേരില്‍ സിനിമ എടുക്കാന്‍ താന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ലെന്നും സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റെഫറന്‍സും ഈ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭദ്രന് പറഞ്ഞു. സ്ഫടികം എന്ന പേര് ഉപയോഗിക്കുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.’ആടുതോമയുടെ മകന് ഇരുമ്പ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. അങ്ങനെ ആടുതോമയെ വച്ച് ആരും സിനിമ ഇറക്കില്ല. ഇറക്കാന്‍ ഞാന്‍ സമ്മതിക്കുകയുമില്ല. അതിനായി ആരും മെനക്കടേണ്ട’, ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു ഭദ്രന്റെ പ്രതികരണം.
ബിജു ജെ കട്ടാക്കല്‍ ആണ് സ്ഫടികം 2 ഇരുമ്പന്റെ സംവിധായകന്. ബിജു തന്നെയാണ് ടീസര്‍ പുറത്തുവിട്ടതും. ഭൂമിയുടെ സ്പന്ദനം കണക്കിലാണ് എന്ന ചാക്കോ മാഷിന്റെ ഡയലോഗിലാണ് ടീസര്‍ തുടങ്ങുന്നത്. ആടുതോമയുടെതുപോലെ കറുത്ത ഷര്‍ട്ടും ചുവന്ന ബനിയനും ധരിച്ചു നില്ക്കുന്ന ഒരു കുട്ടി പൊലീസിനെ മര്‍ദിക്കുന്നതും ടീസറിലുണ്ട്.
ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയ ശേഷം മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാലയാണ് നടക്കുന്നത്. നേരത്തെ സ്ഫടികത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നതിനെ മോഹന്‍ലാല്‍ ഫാന്‍സ് എതിര്‍ത്തിരുന്നു. പടം എടുക്കുകയോ ഇറക്കുകയോ ചെയ്തോളൂ… പക്ഷേ ആ പേര് മാറ്റിക്കോ എന്നാണ് ലാലേട്ടന് ഫാന്‍സിന്റെ മുന്നറിയിപ്പ്.