X

ഇത് തങ്ങളുടെ കുടുംബത്തിന്റെ മരണ മൊഴിയായി കൂട്ടിക്കോളൂ , ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ റോഷൻ ആൻഡ്രൂസിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം; ആല്‍വിന്‍ ആന്റണി

എറണാകുളം പ്രസ് ക്ലബ്ബിലാണ് നിർമ്മാതാവ് ആൽവിൻ മാധ്യമങ്ങളെ കണ്ടത്

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിര്‍മാതാവ് ആല്‍വിന്‍ ആന്റണി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറയുകയാണ് ആല്‍വിന്‍ ആന്റണി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീടുകയറി ആക്രമിച്ചുവെന്ന് ആരോപിച്ച് ആല്‍വിന്‍ ആന്റണി നേരത്തെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പരാതിയിൽ പോലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് തനിക്ക് ജീവാപായം സംഭവിച്ചാല്‍ ഉത്തരവാദി റോഷന്‍ ആന്‍ഡ്രൂസായിരിക്കുമെന്ന് ആൽവിൻ മാധ്യമങ്ങളോട് പറഞ്ഞത്

എറണാകുളം പ്രസ് ക്ലബ്ബിലാണ് നിർമ്മാതാവ് ആൽവിൻ മാധ്യമങ്ങളെ കണ്ടത്. ഇതു തങ്ങളുടെ കുടുംബത്തിന്റെ മരണ മൊഴിയായി കൂട്ടിക്കോളൂ ,ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ റോഷൻ ആൻഡ്രൂസിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ നിങ്ങൾ പിന്തുണക്കണം എന്നും ആൽവിൻ മാധ്യമങ്ങളോട് പറഞ്ഞു.

നാല്‍പ്പത് ഗുണ്ടകളുമായാണ് റോഷന്‍ ആന്‍ഡ്രൂസ് തന്റ വീട്ടിലേക്ക് വന്നതെന്നാണ് ആല്‍വിന്റെ ആരോപണം. ഈ സമയം വീട്ടില്‍ തന്റെ പിതാവും മാതാവും 12 വയസുള്ള അനിയത്തിയും സുഹൃത്തായ ഒരു ഡോക്ടറുമാണ് ഉണ്ടായിരുന്നത്. അമ്മയെ തള്ളി താഴെയിടുകയും സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഭീകരാന്തരീക്ഷമാണ് വീട്ടില്‍ സൃഷ്ടിച്ചത്. റോഷന്‍ ആന്‍ഡ്രൂസിന് തന്നോടുള്ള വിരോധത്തിന്റെ കാരണം ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാണെന്ന് ആല്‍വിന്‍ ജോണ്‍ പറയുന്നു. തന്റെയും റോഷന്റെയും സുഹൃത്തായിരുന്നു ഈ പെണ്‍കുട്ടി. എന്നാല്‍ പെണ്‍കുട്ടിയും താനുമായുമുള്ള സൗഹൃദം റോഷന് ഇഷ്ടമല്ലായിരുന്നു. അത് അവസാനിപ്പിക്കണമെന്ന് റോഷന്‍ പറഞ്ഞു. ഞാനത് അനുസരിക്കാതിരുന്നതോടെ റോഷന് വൈരാഗ്യമായി. തുടര്‍ന്ന് എന്നെക്കുറിച്ച് പല അപവാദങ്ങളും പറഞ്ഞു പരത്തി. ഞാനത് ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്നാണ് എനിക്കും കുടുംബത്തിനും പലതും അനുഭവിക്കേണ്ടി വരുന്നതെന്നും ആൽവിൻ നേരത്തെ പറഞ്ഞിരുന്നു.