വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും പ്രേക്ഷകരുടെ മനസില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ച നടനാണ് തിലകൻ. പുതുതലമുറയിൽ ശ്രദ്ധേയനായ ചെമ്പൻ വിനോദിനെ തിലകനോട് ഉപമിക്കുകയാണ് പ്രശസ്ത സംവിധായകൻ ജോഷി.
‘ഒരു സിനിമ ബോധ്യപ്പെട്ട ശേഷമേ ചെമ്പൻ വിനോദ് അഭിനയിക്കൂ. അതൊരു നല്ല നടന്റെ ലക്ഷണമാണ്. തിലകനിൽ കണ്ട പ്രതിഭ ചെമ്പൻ വിനോദിൽ എനിക്ക് കാണാൻ കഴിയുന്നുണ്ട്’- സംവിധായകൻ ജോഷി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
ഒരിടവേളക്ക് ശേഷം ജോഷിയുടെ സംവിധാനത്തിൽ എത്തുന്ന പുതിയ ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ൽ പ്രധാന കഥാപാത്രമായെത്തുകയാണ് ചെമ്പൻ വിനോദ്. കൂടാതെ ജോജു ജോർജും നൈല ഉഷയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്തും നിർവ്വഹിച്ചിരിക്കുന്നു.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വി ക്രീയേഷൻസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. സിനിമ ഓഗസ്റ്റ് 15 ന് പ്രദർശനത്തിനെത്തും.
This post was last modified on July 31, 2019 12:05 pm
Leave a Comment