X

ആണത്തമെന്ന പരികല്‍പ്പനയെ പൂര്‍ണ്ണമായി തള്ളിക്കളയുന്ന ക്ലൈമാക്‌സ്; ‘ഇഷ്കി’നെ അഭിനന്ദിച്ച് രാഷ്ട്രീയ പ്രമുഖര്‍

നിയമസഭയിലെ അംഗങ്ങള്‍ക്കായി തിരുവനന്തപുരം അജന്ത തിയേറ്ററില്‍ ഒരുക്കിയ ഇഷ്കിന്‍റെ പ്രത്യേക പ്രദര്‍ശനത്തില്‍ എംഎല്‍എമാരും മന്ത്രിമാരുമടക്കം നിരവധി പേര്‍ പങ്കെടുത്തു

നവാഗതനായ അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായി എത്തിയ പുതിയ ചിത്രമാണ് ഇഷിക്. വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയെ അഭിനന്ദിച്ച് നിയമസഭാംഗങ്ങളും. നിയമസഭയിലെ അംഗങ്ങള്‍ക്കായി തിരുവനന്തപുരം അജന്ത തിയേറ്ററില്‍ ഒരുക്കിയ ഇഷ്കിന്‍റെ പ്രത്യേക പ്രദര്‍ശനത്തില്‍ എംഎല്‍എമാരും മന്ത്രിമാരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, എം. എം. മണി, കടന്നപ്പള്ളി രാമചന്ദ്രന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, വി ടി ബല്‍റാം എം.എല്‍.എ തുടങ്ങിയവരെത്തിയിരുന്നു.

ചിത്രം കേരളീയ സമൂഹം അടിയന്തിരമായി അഭിമുഖീകരിക്കേണ്ട അതീവ പ്രസക്തമായ ഒരു സാമൂഹ്യ പ്രശ്‌നത്തെ ശക്തവും തീക്ഷ്ണവുമായി ആവിഷ്‌കരിച്ചിരിക്കുന്നു എന്ന് സ്പീക്കര്‍ പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

സ്പീക്കര്‍ പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇഷ്‌ക് ഒരു പ്രണയകഥയല്ല

കേരളീയ സമൂഹം അടിയന്തിരമായി അഭിമുഖീകരിക്കേണ്ട അതീവ പ്രസക്തമായ ഒരു സാമൂഹ്യ പ്രശ്‌നത്തെ ശക്തവും തീക്ഷ്ണവുമായി ആവിഷ്‌കരിച്ചിരിക്കുന്നു ‘ഇഷ്‌ക്’. സദാചാര ഗുണ്ടായിസവും അത് മനുഷ്യമനസ്സിലേല്‍പ്പിക്കുന്ന ആഘാതവും പ്രേക്ഷക മനസ്സിലേക്ക് സന്നിവേശിപ്പിക്കാന്‍ ‘ഇഷ്‌കി’ന് കഴിഞ്ഞു. ഇതോടൊപ്പം പുരുഷാധിപത്യ മനോഭാവവും സ്ത്രീശുദ്ധി സങ്കല്പവും പ്രണയത്തില്‍പ്പോലും പ്രതിലോമകരമായി പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് തീവ്രമായി പറഞ്ഞുവയ്ക്കുന്നുണ്ട് ഈ കൊച്ചു സിനിമ. ഇപ്പോഴും അഗ്‌നിശുദ്ധി വരുത്തേണ്ട സീതമാരുടെ കുലം നടുവിരലുയര്‍ത്തി പ്രതിഷേധത്തിന്റെ നെടുങ്കോട്ടയാകുന്ന ചിത്രം അഭിമാനകരമാണ്.

സംവിധായകന്‍ അനുരാജ് ഏറ്റവും മനോഹരമായി ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നു. ഒരു നവാഗത സംവിധായകന്റെ യാതൊരു കുറവുമില്ലാത്ത ലക്ഷണമൊത്ത ദൃശ്യാവിഷ്‌കാരം.
‘ഇഷ്‌ക്’ കണ്ടിരിക്കേണ്ട സിനിമയാണ്.

ശ്രദ്ധേയമാണെന്ന് വി ടി ബല്‍റാം എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

വി ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘ഇഷ്ക്’ കണ്ടു. എംഎൽഎമാർക്കുള്ള പ്രത്യേക ഷോയ്ക്ക് സംവിധായകൻ അനുരാജ് മനോഹർ അടക്കമുള്ള അണിയറ പ്രവർത്തരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.

സമകാലിക പ്രസക്തി ഏറെയുള്ളതാണ് പ്രമേയമെന്നതിൽ തർക്കമില്ല. സദാചാരപ്പോലീസിംഗും സ്വകാര്യതയിലേക്കുള്ള തുറിച്ചുനോട്ടവും ആണത്തധാരണകളുമൊക്കെ നമ്മുടെ സാംസ്കാരിക മുഖ്യധാരയായി തുടരുന്നിടത്തോളം ഇതുപോലുള്ള സിനിമകൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ‘സെക്സി ദുർഗ’യുമായുള്ള ആശയ സാമ്യം ഇതിനോടകം ചർച്ചയായിട്ടുണ്ട്. അവതരണം പലപ്പോഴും ‘കോക്ടൈലി’നേയും ഓർമ്മിപ്പിച്ചു.

കഥയിൽ ചിലയിടത്ത് വേണ്ടത്ര യുക്തിഭദ്രത തോന്നിയില്ലെങ്കിലും പൊതുവിൽ തിരക്കഥ രതീഷ് രവി മനോഹരമാക്കി. ഒന്നാം പകുതിയിലെ അൽപം ലാഗ് മനപൂർവ്വമാണെന്ന് തോന്നുന്നു. ഇന്റർവെല്ലിനു ശേഷം അത് നല്ല നിലക്ക് പരിഹരിക്കപ്പെടുന്നുണ്ട്. കാസ്റ്റിംഗ് ഗംഭീരമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഷെയ്നും ഷൈനും ആൻ ശീതളും ലിയോണയും ജാഫർ ഇടുക്കിയുമൊക്കെ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയാക്കി. ഷൈൻ ടോം ചാക്കോക്ക് ചിലപ്പോഴൊക്കെ ഫഹദ് ഫാസിലിന്റെ ഛായ.

ആണത്തമെന്ന പരികൽപ്പനയെ പൂർണ്ണമായി തള്ളിക്കളയുന്ന ക്ലൈമാക്സ് ശ്രദ്ധേയമാണ്. അനുരാജിനും മുഴുവൻ ടീമിനും പ്രത്യേക അഭിനന്ദനങ്ങൾ.