X

ജൂറി അദ്ധ്യക്ഷന്‍ ഒപ്പിട്ടില്ലെങ്കില്‍ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം അസാധുവാകുമോ? പ്രതിസന്ധി രൂക്ഷമാക്കി കുമാര്‍ സഹാനി നാട്ടിലേക്ക് മടങ്ങി

അവാർഡ് നിർണ്ണയത്തിൽ ജൂറി അംഗങ്ങളുമായുള്ള അഭിപ്രായ വ്യതാസങ്ങൾ പരിഹരിക്കുന്നതിന് മുൻപ് ചലച്ചിത്ര അക്കാദമി ഭാരവാഹികൾ സാംസ്കാരിക വകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച്‌ അവാർഡ് പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയര്‍മാന്‍ കുമാര്‍ സഹാനി അവാർഡ് തീരുമാനത്തിൽ ഒപ്പിടാതെ മടങ്ങി. അവാർഡ് നിർണ്ണയത്തിൽ ജൂറി അംഗങ്ങളുമായുള്ള അഭിപ്രായ വ്യതാസങ്ങൾ പരിഹരിക്കുന്നതിന് മുൻപ് ചലച്ചിത്ര അക്കാദമി ഭാരവാഹികൾ സാംസ്കാരിക വകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച്‌ അവാർഡ് പ്രഖ്യാപിച്ചതായി ചലചിത്ര പ്രവര്‍ത്തകന്‍ ശശികുമാർ വാസുദേവൻ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികുമാർ വാസുദേവൻ ഈ ആരോപണം ഉന്നയിക്കുന്നത്.

എന്നാൽ ഒരു വ്യക്തിയുടെ മാത്രം താത്പര്യപ്രകാരമല്ല, ഭൂരിപക്ഷത്തിന്റെ തീരുമാനം അനുസരിച്ചാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നതെന്നും, നിലവിലെ അവാർഡ് തീരുമാനത്തിൽ ജൂറി ചെയർമാൻ ഒപ്പിട്ടിട്ടില്ലെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അഴിമുഖത്തോട് പറഞ്ഞു.

ജൂറി ചെയർമാൻ കുമാർ സഹാനി അവാർഡ് തീരുമാനത്തിൽ ഒപ്പിടാത്തത് റിപ്പോർട്ട് മലയാളത്തിൽ ആയതിനാലാണ് എന്നാണ് അക്കാദമി സെക്രട്ടറിയുടെ മറുപടി. കൂടാതെ ഇംഗ്ലീഷ് പകർപ്പ് ഉടനെ അദ്ദേഹത്തിന് നൽകികൊണ്ട് ഉടനെ തീരുമാനത്തിൽ ഒപ്പുവെക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഭൂരിപക്ഷം അംഗങ്ങളുടെയും തീരുമാന പ്രകാരമാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒൻപതിൽ എട്ട് പേരും ഒരുപോലെ അംഗീകരിച്ചെടുത്ത തീരുമാനമാണിത്. പുരസ്‌ക്കാരത്തിന് നിയമസാധുതയുള്ളതാണെന്നും ഒരാളുടെ മാത്രം വ്യത്യസ്ത അഭിപ്രായം പുരസ്‌ക്കാര നിർണ്ണയത്തിൽ പരിഗണിക്കാനാകില്ലെന്നും ജൂറിയംഗം വിജയകൃഷ്ണന്‍ പറയുന്നു. മികച്ച സിനിമയുടെ സംവിധായകനെത്തന്നെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കണമെന്ന കുമാര്‍ സഹാനിയുടെ നിലപാടാണ് തർക്കങ്ങൾക്ക് ഇടയാക്കിയത്. ചെയര്‍മാന്‍റെ സമീപനം ജനാധിപത്യപരമായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം ജൂറിയംഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനായിരുന്നു കുമാര്‍ സഹാനി ശ്രമിച്ചതെന്നും വിജയകൃഷ്ണന്‍ പറഞ്ഞു. ശശികുമാർ വാസുദേവനെ പോലുള്ളവർ കുമാര്‍ സാഹ്നിയോടുള്ള അമിതമായ ആരാധനയുടെയോ സ്നേഹത്തിന്റെയോ പുറത്താക്കാം ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും
വിജയകൃഷ്ണന്‍ കൂട്ടി ചേർത്തു.

ശശികുമാർ വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;

സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അറിവിലേക്ക്.

വി ശശികുമാർ

ചലച്ചിത്ര അവാർഡ് കമ്മറ്റി ചെയർമാൻ കുമാർ സഹാനി അവാർഡ് തീരുമാനത്തിൽ ഒപ്പിടാതെ മടങ്ങി… അവാർഡ് നിർണ്ണയത്തിൽ ജൂറി അംഗങ്ങളുമായുള്ള അഭിപ്രായ വ്യതാസങ്ങൾ പരിഹരിക്കുന്നതിന് മുൻപ് ചലച്ചിത്ര അക്കാദമി ഭാരവാഹികൾ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു അവാർഡ് പ്രഖ്യാപിക്കുക ആയിരുന്നു.. ഏറ്റവും നല്ല ചിത്രത്തിന് നൽകിയ അവാർഡ് മായുള്ള ചർച്ചയിലാണ് അഭിപ്രായ വ്യത്യാസം ഉണ്ടായത്…

നല്ല സിനിമ എന്നത് വെറും സാങ്കേതിക മിഴിവ് മാത്രം നോക്കി അല്ല നൽകേണ്ടതെന്നും രചന മൊത്തത്തിൽ എങ്ങനെ ആണ് ആസ്വാദകരമാകുന്നതെന്നാണ് നോക്കേണ്ടതെന്നു സ്ക്രീനിങ് തുടങ്ങുന്നതിനു മുൻപ് തന്നെ എല്ലാ അംഗങ്ങളോടും സൂചിപ്പിച്ചിരുന്നു (ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിനടത്തിയ കെ ആർ മോഹനൻ മെമ്മോറിയൽ അവാർഡ് നിർണായക കമ്മറ്റി ചെയർമാനായിരുന്ന കുമാർ സാഹ്നി  നേരത്തെ തന്നെ കുറെ ചിത്രങ്ങൾ കണ്ടിരുന്നു). സ്റ്റേറ്റ്‌ അവാർഡ് നിർണയത്തിൽ അഭിപ്രായ വ്യതാസം ഉണ്ടായപ്പോൾ തന്നെ കുമാർ സാഹ്നി താമസ സ്ഥലത്തേക്ക് പോയിരുന്നു… ഏറ്റവും നല്ല സിനിമ ഒഴിച്ചുള്ള ബാക്കി എല്ലാതീരുമാങ്ങൾക്കും ഒപ്പിടാൻ തയ്യാറായിരുന്നു എന്നാണറിയുന്നത്.

കുമാർ സാഹ്നി ചെയർമാനായ സാഹചര്യം അവാര്‍ഡ്‌  കമ്മറ്റിയുടെ ചെയർമാനാകാൻ ആരെയും കിട്ടാതിരുന്നപ്പോഴാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മീറ്റിങിന് വന്ന കുമാർ സാഹ്നിയെ ഇതിലേക്ക് കൊണ്ടുവരാൻ മുൻകൈയെടുത്തത് അക്കാദമിയിലെ ഒരു എക്സിക്യു്റ്റിവ് അംഗമാണ്. അവാർഡ് തീരുമാനംഎടുക്കാൻ ബുദ്ധി മുട്ടിയപ്പോൾ ഈ എക്സികുട്ടീവ് അംഗത്തെ അക്കാദമിയിലെ ബന്ധ പെട്ട ഉദ്യഗസ്ഥർ അറിയിച്ചു, ആ അംഗം കുമാറിനോട്ആവശ്യപ്പെട്ടെങ്കിലും ഏറ്റവും നല്ല സിനിമ സംബന്ധമായ തീരുമാനത്തിൽ ഉറച്ചു നിന്ന്. അതും കുമാറിനെ ചൊടിപ്പിച്ചു എന്നാണ് മനസിലാകുന്നത്.  മറ്റു തീരുമാനത്തിൽ ഒപ്പിടാനും പത്ര സമ്മേളനത്തിന് പോകാനും കുമാർ സാഹ്നി തയ്യാറായി ഹോട്ടൽ മുറിയിൽ കാത്തിരുന്നെങ്കിലും ആരും തന്നെ എത്തിയില്ല.

മാത്രമല്ല പത്രസമ്മേളനത്തിൽ പറഞ്ഞത് കുമാർ സാഹ്നിയ്ക്ക് സുഖമില്ലന്നാണ്… അവാർഡ് പ്രഖ്യാപനത്തിനു ശേഷം പത്ര സമ്മേളനത്തിൽ വായിച്ച റിപ്പോർട്ട് മലയാളത്തിൽ എഴുതി ഒപ്പിടാൻ കുമാറിന് നൽകുക ആയിരുന്നു. തനിക്കു മനസിലാകാത്ത ഭാഷയിൽ എഴുതിയത് ഒപ്പിടാൻ അദ്ദേഹം തയ്യാറായില്ല. ഒപ്പിടീയ്ക്കാൻ വന്ന ഒരുദ്യഗസ്ഥൻ അദ്ദേഹത്തോട് ഭീഷണി സ്വരത്തിൽ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചെന്നും മനസിലാക്കുന്നു.
എന്താണെങ്കിലും സാംസ്കാരിക മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും അവഹേളിയ്ക്കുന്ന തരത്തിൽ ലോക പ്രശസ്ഥാനായ ഒരു കലാകാരനെ അവഹേളിക്കുകയും ചെയ്ത അക്കാദമിയിലെ നടപടിയെപ്പറ്റി അന്വേഷിക്കുകയും നടപടി എടുക്കുകയും ചെയ്തില്ലെങ്കിൽ ഇത്തരം പരിപാടിക്ക് ഇനി ആരെയും കിട്ടില്ല എന്ന് കൂടി ഓർക്കുക. 

ജൂറിയിലുണ്ടായിരുന്ന ഒരു നടിയും തീരുമാനത്തിൽ ഒപ്പിട്ടിട്ടില്ല. അക്കാദമിയിലെ ചിലർ വിചാരിച്ചതു പോലെ തങ്ങൾക്കു താല്പര്യമുള്ള സിനിമകൾ അവാർഡ് തീരുമാനത്തിൽ വരാത്തതും അക്കാദമിക്കാരെ ചൊടിപ്പിച്ചിട്ടുണ്ടാകും. 1989 ലെ സംസ്ഥാന അവാർഡ് തീരുമാന കാലത്തു ജൂറി ചെയർമാനും ഇതേ അനുഭവം ഉണ്ടായതാണ്. ഷാജിയുടെ പിറവിക്കു അവാർഡ് നൽകാതെ രവീന്ദ്രന്റെ ഒരേ തൂവൽ പക്ഷിയ്ക്കു അവാർഡ് പ്രഖ്യാപന സമയത്തു ” അവാർഡ് നൽകാൻ സമ്മർദം ഉണ്ടായിരുന്നോ എന്നു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ചെയർമാനായിരുന്ന ബുദ്ധ ദേവ് ദാസ് ഗുപ്ത പറഞ്ഞത് “എന്റെ അഭിപ്രായമല്ല, ഭൂരി പക്ഷ അംഗങ്ങളുടെ അഭിപ്രായം” ആയിരുന്നുഎന്നാണ്. അവാർഡ് പ്രഖ്യാപനം കഴിഞ്ഞു, കുമാർ സാഹ്നി മാധ്യമങ്ങളുടെമുന്നിലെത്താതെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ വളരെ നല്ല ഓർമകളുമായി തലസ്ഥാന നഗരി വിട്ടു.

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Me:Add me on Facebook

This post was last modified on March 1, 2019 6:26 pm

Related Post
Leave a Comment