X

‘പലരും ആസിഫിനോട് ഈ കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞു, ഫീൽ ഗുഡ് സിനിമകളിലൊക്കെ നായകനായി നിൽക്കുന്ന സമയമല്ലേ’

നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്ക് നെഗറ്റീവ് ആണെന്ന് അറിയില്ലെന്നായിരുന്നു ചിത്രം കണ്ട് കഴിഞ്ഞപ്പോൾ ആസിഫ് അലിയുടെ ഭാര്യയുടെ പ്രതികരണം

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. ആസിഫ് അലി,പാർവതി, ടോവിനോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമയിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആസിഫ് മികച്ചതാക്കിയെന്നാണ് ആരാധകർ പറയുന്നത്. നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്ക് നെഗറ്റീവ് ആണെന്ന് അറിയില്ലെന്നായിരുന്നു ചിത്രം കണ്ട് കഴിഞ്ഞപ്പോൾ ആസിഫ് അലിയുടെ ഭാര്യയുടെ പ്രതികരണം.

‘പലരും ആസിഫിനോട് ഈ  കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞു. അദ്ദേഹം ഫീൽ ഗുഡ് സിനിമകളിലൊക്കെ നായകനായി നിൽക്കുന്ന സമയമല്ലേ. ആരാധകർക്കു പോലും ഇഷ്ടമാവില്ല എന്ന് അദ്ദേഹത്തോട് എല്ലാവരും പറഞ്ഞു. പക്ഷേ അതൊന്നും വക വയ്ക്കാതെ അദ്ദേഹം ചിത്രത്തിൽ അഭിനയിച്ചു. നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്കുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പോലും പ്രതികരിച്ചത്.’- ഉയരെയുടെ സംവിധായകൻ മനു അശോകൻ പറയുന്നു മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

‘ടൊവീനോ ഒരുപാട് സിനിമകളുടെ ഷൂട്ടിങ്ങിനിടെ നിൽക്കുമ്പോഴാണ് ഞങ്ങൾ അദ്ദേഹത്തെ സമീപിക്കുന്നത്. കഥ കേട്ടു കഴിഞ്ഞ് ഡേറ്റ് ഇല്ലെങ്കിൽ ഉണ്ടാക്കി ചെയ്യാം എന്നാണ് ടൊവി പറഞ്ഞത്. അതു പോലെ ഇൗ ചിത്രത്തിലെ ഇമോഷനൽ രംഗങ്ങളെക്കുറിച്ച് പലരും എന്നോട് ചോദിക്കുന്നുണ്ട്. അത് നന്നായി ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണം രാജേഷ് പിള്ളയാണ്. അദ്ദേഹത്തിൽ നിന്നാണ് ഞാനത് പഠിചച്ചത്.’- സംവിധായകൻ കൂട്ടി ചേർത്തു

രാജേഷ് പിള്ളയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മനു അശോകന്‍ സ്വാതന്ത്രനായി ചെയ്യുന്ന ആദ്യ ചിത്രമാണ് ഉയരെ. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. പല്ലവി എന്നാണ് ചിത്രത്തിലെ പാര്‍വ്വതിയുടെ കഥാപാത്രത്തിന്റെ പേര്. റഫീഖ് അഹമ്മദും ഷോബിയും മുകേഷ് മുരളീധരനുമാണ് ഛായാഗ്രഹണം. മഹേഷ് നാരയണനാണ് എഡിറ്റിംഗ്, പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍.

This post was last modified on April 29, 2019 4:56 pm