X

‘നിങ്ങളുടെ ചിത്രങ്ങൾ അടിസ്ഥാനപരമായി ടെലിവിഷന്‍ മൂവിയാണ്’,നെറ്റ്ഫ്ലിക്സ് സിനിമകളെ ഓസ്കാറിന് എടുക്കരുതെന്ന് സ്പീൽബർഗ്; മറുപടിയുമായി നെറ്റ്ഫ്ലിക്സ്

ഓണ്‍ലൈന്‍ സിനിമകളെ ഓസ്കാറിന് പരിഗണിക്കാമോ എന്ന വിഷയം ഹോളിവുഡില്‍ തര്‍ക്കമായി മാറുകയാണ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗാണ് വീണ്ടും ഈ വിഷയം ചർച്ചയാക്കുന്നത്

ഈ വർഷത്തെ ഓസ്കാർ അവാർഡിൽ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ ഒരു ചിത്രമായിരുന്നു ‘റോമ’. ആഗോള സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സ് ആണ് ചിത്രം നിർമ്മിച്ചത്. ഈ അവസരത്തിൽ ഓണ്‍ലൈന്‍ സിനിമകളെ ഓസ്കാറിന് പരിഗണിക്കാമോ എന്ന വിഷയം ഹോളിവുഡില്‍ തര്‍ക്കമായി മാറുകയാണ്.
സംവിധായകൻ സ്റ്റീവൻ സ്പീൽബർഗാണ് വീണ്ടും ഈ വിഷയം ചർച്ചയാക്കുന്നത്. നേരത്തെ ഓൺലൈനിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഓസ്‌കാറിന്‌ പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.

ഓൺലൈൻ പ്ലാറ്റ് ഫോമിലേക്ക് വേണ്ടി നിർമ്മിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങൾ ഓസ്‌കാർ നോമിനേഷനിൽ പരിഗണിക്കുന്നതിനായി ഒരാഴ്ച തീയേറ്ററുകളിൽ ഓടിക്കുകയാണെന്നും, ചെറിയ സ്ക്രീന് വേണ്ടി സിനിമ ചെയ്യുന്ന നിങ്ങളുടെ ചിത്രങ്ങൾ അടിസ്ഥാനപരമായി ടെലിവിഷൻ മൂവി ആയിട്ടേ കണക്കാക്കാൻ സാധിക്കു എന്നും അദ്ദേഹം ആരോപിക്കുന്നു.

കൂടാതെ ഒരു ഫിലിം മേക്കർ എന്ന നിലയിൽ തനിക്ക് ഓഡിയൻസിനു നൽകാവുന്ന ഏറ്റവും മികച്ച സംഭാവന, മികച്ച തീയേറ്റർ അനുഭവം നൽകുക എന്നുള്ളതാണെന്നും. ഇത്തരം പരിപാടികളുടെ നിലവാരവും, വീടുകളിലെ സൗണ്ട് സംവിധാനങ്ങളും മികച്ചതാണെങ്കിൽ പോലും ഒരു ഇരുട്ടുള്ള വലിയ ഹാളിൽ നമുക്ക് പരിചയമില്ലാത്ത അനേകരോടൊപ്പം ഇരുന്ന് സിനിമ കാണുന്നതും. നമ്മൾ ആ സ്‌പേസ് മറന്നു സിനിമയിലേക്ക് മാത്രം പൂർണ്ണമായും ലയിക്കുന്ന ആ അനുഭവത്തിലുമാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു .  അതുകൊണ്ട് തീയേറ്ററുകൾ നമുക്കിടയിൽ എന്നെന്നും നിലനിൽക്കപ്പെടണം എന്ന് ആഗ്രഹമുള്ള വ്യക്തിയാണ് താനെന്നും സ്റ്റീവൻ സ്പീൽബെർഗ് കൂട്ടി ചേർത്തു.

എന്നാൽ സ്പീൽബർഗിന്‍റെ വിമര്‍ശനത്തിന് മറുപടിയായി നെറ്റ്ഫ്ലിക്സ് രംഗത്ത് എത്തി. ട്വിറ്ററിലൂടെ തങ്ങളുടെ പ്രത്യേകതകള്‍ വിവരിക്കുകയാണ് നെറ്റ് ഫ്ലിക്സ്. വിദൂരമായ തീയറ്റര്‍ സൌകര്യം ഇല്ലാത്ത നാട്ടുകാര്‍ക്കും കുറഞ്ഞ ചിലവില്‍ ഞങ്ങളുടെ സിനിമ ആസ്വദിക്കാം, റിലീസ് സെന്‍ററുകളുടെ അതിരുകള്‍ ഇല്ല, എവിടെയും റിലീസ് ചെയ്യാം. ഫിലിം മേക്കേര്‍സിന് അവരുടെ കല പങ്കുവയ്ക്കാന്‍ കൂടുതല്‍ സൌകര്യം ലഭിക്കുന്നു. ഇവയെല്ലാം പരസ്പരം പൂരകങ്ങളാണെന്നും ട്വീറ്റ് ഇങ്ങനെ.

This post was last modified on March 5, 2019 4:41 pm