X

പതിമൂന്ന് കൊല്ലത്തിനുശേഷം ഒടുവിലിന്റെ ഓര്‍മകള്‍ക്ക് സ്മാരകം ഒരുക്കി സാംസ്ക്കാരിക വകുപ്പ്

ഒടുവില്‍ ഫൗണ്ടേഷനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്.

അതുല്യ അഭിനയപാടവത്തിലൂടെ മലയാളിമനസ്സില്‍ അനശ്വരസ്ഥാനം നേടിയ നടനാണ് ഒടുവില്‍ ഉണ്ണിക്കൃഷ്ണൻ. അദ്ദേഹം ഓർമ്മയായിട്ട് 13 വർഷങ്ങൾ കഴിഞ്ഞിട്ടും നാട്ടുകാരുടെ ഓര്‍മകളില്‍ ഇന്നും അദ്ദേഹം മുന്നില്‍ത്തന്നെയെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ബുധനാഴ്ച നടന്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ വസതിക്കു സമീപം നടന്ന ചടങ്ങ് സമാപിച്ചത്.

പാലക്കാട് ‘ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ സ്മാരക സാംസ്‌കാരിക മന്ദിരം’ മന്ത്രി എ.കെ. ബാലന്‍ തുറന്നു. അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമയും ഒരു ചുവരില്‍ നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഛായാചിത്രവും സ്മാരകത്തെ അലങ്കരിച്ചപ്പോൾ അദ്ദേഹത്തിന്റെ നാട്ടുകാരും പങ്കളികളായി.

മേയ് 27ന് ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ഓര്‍മയായിട്ട് 13 വര്‍ഷം തികയും. ഒടുവിലിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വീടിനുസമീപം സ്മാരകമന്ദിരം ഉയര്‍ന്നതിന്റെ സന്തോഷത്തിലായിരുന്നു ഈ ഒത്തുചേരൽ .സാംസ്‌കാരിക വകുപ്പ് അനുവദിച്ച തുകയില്‍ 25ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം പണിതത്. ഒടുവില്‍ ഫൗണ്ടേഷനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്.

സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി ഛായാച്ചിത്രം അനാച്ഛാദനം ചെയ്തു. കെ.വി. വിജയദാസ് എം.എല്‍.എ. അധ്യക്ഷനായി. സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യാതിഥിയായി.

ശില്പി സുകുമാരന്‍ കല്ലൂരാണ് പ്രതിമ നിര്‍മിച്ചത്. മുന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ വി.കെ. ജയപ്രകാശിനെ ആദരിച്ചു. പുല്‍വാമയില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. ഒടുവില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സി.ആര്‍. സജീവ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പത്മജാ ഉണ്ണിക്കൃഷ്ണന്‍, സിനിമാതാരം ഗോവിന്ദ് പത്മസൂര്യ, എം.പി. ബിന്ദു, ബിന്ദു കൃഷ്ണദാസ്, എ. വാസുദേവനുണ്ണി, എ.എസ്. മന്ദാടി നായര്‍, കെ.ഇ. പത്മകുമാര്‍, വൈ.എന്‍. ജയഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.