X

പൊറിഞ്ചു മറിയം ജോസ്: പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്

കേരളത്തിൽ വ്യാപകമായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് നീട്ടിവച്ചിരുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് 23നാണ് ചിത്രം റിലീസ് ചെയ്യുക.

പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് ചിത്രത്തിലെത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകൻ ആയി എത്തുന്ന ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫറാണ് നൈല ഉഷ അവസാനമായി അഭിനയിച്ച ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റെതായി ഇനി റിലീസ് ചെയ്യാൻ ഉള്ള പ്രധാന ചിത്രം. ചാന്ദ്‍വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണം ചെയ്യുന്നത്.