X

ഡാന്‍സ് ബാറില്‍ ഓട്ടന്‍ തുള്ളൽ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തൊരു ബോറായേനെ?; വിമർശനങ്ങളെ പരിഹസിച്ച് പൃഥ്വിരാജ്

പൃഥ്വിയുടെ മുൻ പരാമർശത്തെയും ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്തെയും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉണ്ടായിരുന്നത്.

സ്ത്രീവിരുദ്ധതയുള്ള സിനിമകളുടെ ഭാഗമാകില്ലെന്ന നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ പരാമര്‍ശത്തെയും ലൂസിഫറിലെ ഐറ്റം ഡാന്‍സ് രംഗത്തെയും ചേർത്ത് ഒട്ടേറെ വിമർശനങ്ങൾ ഉയർന്നിരുന്നു. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫർ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയപ്പോളും പൃഥ്വിയുടെ മുൻ പരാമർശത്തെയും ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്തെയും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉണ്ടായിരുന്നത്.

വാലുച ഡിസൂസ അഭിനയിച്ച ‘റഫ്താര’ എന്ന് തുടങ്ങുന്ന ഗാനരംഗമാണ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടിയത്. ഒരു ഡാന്‍സ് ബാര്‍ ചിത്രീകരണമെന്ന് പറഞ്ഞ് കൈകഴുകാനാവില്ലെന്നും നൃത്തരംഗങ്ങളിലെ ക്യാമറാ ആംഗിളുകള്‍ സ്ത്രീ ശരീരത്തെ പ്രദര്‍ശനസ്വഭാവത്തിലാണ് നോക്കിക്കണ്ടതെന്നുമൊക്കെയും വിമർശനങ്ങൾ ഉയർന്നു.ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണമറിയിക്കുകയാണ് പൃഥ്വിരാജ്.  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്

‘നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങിനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത്? അത് എങ്ങിനെയാണ് ഞാന്‍ അന്ന് പറഞ്ഞതിനെതിരെയാകുന്നത്? മുംബൈയിലെ ഡാന്‍സ് ബാറില്‍ നടക്കുന്നതും ഞാന്‍ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റില്‍ ഓട്ടന്‍തുള്ളല്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തൊരു ബോറായേനെ?’ – പൃഥ്വിരാജ് ചോദിച്ചു.