X

ഡോ. ബിജുവിനെയും കുടുംബത്തെയും തീര്‍ത്തുകളയുമെന്നു ഫോണ്‍ കോളുകള്‍; സര്‍ക്കാരിന്റെ മൌനത്തില്‍ ജാതീയത

സംസ്ഥാന സിനിമാ അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡോ. ബിജുവിനെതിരെയുള്ള ജാതീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ പ്രതിഷേധാര്‍ഹം

സംസ്ഥാന സിനിമാ അവാര്‍ഡിനായി സംഘാടക സമിതി കൂടിയ യോഗത്തില്‍ സാംസ്‌കാരിക മന്ത്രി എകെ ബാലനാണ് മുഖ്യാതിഥിയെ പ്രഖ്യാപിച്ചത്. അത്തരം ഒരു കീഴ്‌വഴക്കം സംസ്ഥാന ഫിലിം അവാര്‍ഡിന് ആവശ്യമില്ലെന്നും അവാര്‍ഡ് ദാന ചടങ്ങ് താര നിശയാക്കേണ്ടതില്ലെന്നും എത്രയോ നാളുകളായി സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇത്തരമൊരു നിവേദനം തയ്യാറാക്കുന്നതും സര്‍ക്കാരിന് നല്‍കുന്നതും. സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ മോഹന്‍ലാലിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് സാംസ്‌കാരിക മന്ത്രി തന്നെ പരസ്യമായി പറഞ്ഞു കഴിഞ്ഞതുമാണ്.

ഡോ. ബിജു ഇക്കാര്യം സംബന്ധിച്ച് നടത്തിയ ഫേസ്ബുക്ക് പ്രസ്താവന ഒരു തരത്തിലും ഏതെങ്കിലും വ്യക്തിയെയോ സംഘടനകളെയോ അധിഷേപിക്കുന്നതല്ല എന്നും, അങ്ങേയയറ്റം മാന്യമായ ഭാഷയിലാണ് ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചതെന്നും നമ്മള്‍ കണ്ടതാണ്. എന്നിട്ടും ആ പ്രസ്താനവയോട് ജാതീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ നിറഞ്ഞ കമന്റുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സാംസ്‌കാരിക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും. ഒരു വ്യക്തിയുടെ നിറത്തെയും ശരീര പ്രകൃതിയേയും ഒക്കെ അങ്ങേയയറ്റം വെറുപ്പും പരിഹാസവും കലര്‍ന്ന ഭാഷയില്‍ അധിക്ഷേപിക്കുമ്പോള്‍ നോക്കിയിരിക്കുക മാത്രം ചെയ്യുന്ന ഭരണ സംവിധാനത്തിന്റെ ജഡത്വത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ടാണ് ഇതു പറയുന്നത്.

ഇതിനെല്ലാം മുകളില്‍ ഡോ. ബിജുവിനെയും കുടുംബത്തെയും തീര്‍ത്തുകളയുമെന്ന മട്ടില്‍ ലഭിക്കുന്ന ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍, ഫേസ്ബുക്ക് പ്രസ്താവനകള്‍ എന്നിവ ഡോ. ബിജു ഒരു ദളിതനാണെന്നതു കൊണ്ട് സഹിച്ചോട്ടെ എന്നാണ് സര്‍ക്കാര്‍ വിചാരിക്കുന്നത്. സര്‍ക്കാറിന്റെ മൗനത്തിലെ ജാതീയത തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് ചോദിക്കുന്നത്. ദളിതരെയും സ്ത്രീകളെയും മറ്റ് പിന്നോക്കക്കാരെയും കൂട്ടിപ്പിടിക്കുന്നു എന്ന് പറയുമ്പോള്‍ ഒച്ചയെടുക്കുന്ന സ്റ്റാറ്റസ്‌കോയില്‍ അസ്വാസ്ഥ്യമുണ്ടാക്കുന്ന മനുഷ്യരെ അകറ്റി നിര്‍ത്തുകയും അവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയുമാണോ സര്‍ക്കാര്‍ ചെയ്യേണ്ടത്.

എനിക്ക് വ്യക്തിപരമായി വളരെ അടുത്ത് പരിചയമുണ്ട് ഡോ. ബിജുവിന്റെ കുടുംബത്തെ, അങ്ങേയറ്റം സാധാരണക്കാരായ മനുഷ്യര്‍. ഹാലിളക്കി വരുന്ന ആള്‍ക്കൂട്ടത്തോട് ഒരു പ്രതിരോധവും ഉയര്‍ത്താനുള്ള സോകോള്‍ഡ് മൂലധനം ഇല്ലാത്ത മനുഷ്യര്‍. കുടുംബത്തെയടക്കം തീര്‍ത്തുകളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍ ഡോ. ബിജു എന്ന സംവിധായകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ നിശബ്ദനാകുമെന്ന് അരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അദ്ദേഹത്തിന്റെ ഒപ്പം കൂടുംബത്തിനൊപ്പം ഞങ്ങളുണ്ട്. ഞങ്ങളെന്നാല്‍ ‘ഫാനരന്‍മാര’ല്ല, കലയും രാഷ്ട്രീയവും രണ്ടല്ല എന്നു വിശ്വസിക്കുന്ന ഒരുപാട് മനുഷ്യര്‍. ഭീഷണി നേരിടുന്ന ഡോ. ബിജുവിനും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും അദ്ദേഹത്തിന് നേരെ ജാതി അധിക്ഷേപങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരേ നടപടി എടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.

‘മോഹൻലാലിനെതിരെ’ ഒപ്പിട്ടിട്ടില്ലെന്ന് ഡോ. ബിജു; പ്രതിഷേധം ചലച്ചിത്ര പുരസ്കാര വേദിയുടെ ഗൗരവം ചോർത്തുന്നതിൽ

വിധു വിന്‍സെന്‍റ്

ചലചിത്ര സംവിധായിക

More Posts

This post was last modified on July 26, 2018 9:15 am