X

ചെങ്കല്‍ രഘു മാസ്സല്ല, ക്ലാസാണ്; ഒരു ഗ്യാങ്‌സ്റ്റർ കോമഡി പടം: പടയോട്ടം

സ്കിറ്റ് കോമഡികൾ, ബിജു മേനോൻ, ഗ്യാങ്‌സ്റ്റർ കോമഡി, കുറച്ചൊക്കെ റോഡ് മൂവി: ഇതൊക്കെയാണ് സിനിമയുടെ ആകർഷക ഘടകങ്ങൾ.

പുതുമുഖം റഫീഖ് ഇബ്രാഹിമിന്റെ പടയോട്ടം ആദ്യം ശ്രദ്ധിക്കപ്പെട്ടത് ബിജു മേനോന്റെ വ്യത്യസ്ത ഗെറ്റപ്പും ഗ്യാങ്‌സ്റ്റർ ശൈലിയിലുള്ള സംഭാഷണങ്ങളും നിറഞ്ഞ ട്രെയിലറിലൂടെയാണ്. പണ്ട് കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ, പടയോട്ടം എന്ന പേരിൽ സിനിമയാക്കിയിട്ടുണ്ടെങ്കിലും ആ ടൈറ്റിൽ ഔദ്യോഗികമായി കടമെടുത്തതല്ലാതെ രണ്ടു സിനിമകൾക്കും തമ്മിൽ യാതൊരു ബന്ധവുമില്ല.

ഗ്യാങ്‌സ്റ്റർ കോമഡി ഗണത്തിൽ പെട്ട സിനിമയിൽ ബിജു മേനോനെ കൂടാതെ ടിയാനിലൂടെ ശ്രദ്ധേയനായ രവി സിംഗ്, സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, ബേസിൽ ജോസഫ്, സുധി കോപ്പ, ലിജോ ജോസ് പല്ലിശേരി, സേതുലക്ഷ്മി, അനു സിതാര, അയ്മ, സുരേഷ് കൃഷ്ണ, ഗണപതി തുടങ്ങിയ താരങ്ങൾ സാന്നിധ്യമാകുന്നു. തിരുവനന്തപുരം നഗരവും സിനിമയിൽ സജീവ സാന്നിധ്യമാകുന്നുണ്ട്. സ്പൂഫിന്റെയും ബിജു മേനോന്റെ ഹീറോയിസത്തിന്റെയും സാധ്യതകൾ സിനിമ പരമാവധി ഉപയോഗിക്കുന്നുണ്ട്.

ചെങ്കൽ രഘു (ബിജു മേനോൻ) തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഗുണ്ടയാണ്‌. കടുത്ത ദൈവഭക്തനും അമ്മക്കുട്ടിയും ഒക്കെയായ, നല്ലവനായ ഗുണ്ടയാണ്‌ രഘു. നാട്ടിൽ ചെറിയ തോതിൽ ഗുണ്ടായിസവും മറ്റു പരിപാടികളുമായി നടക്കുന്ന സേനനും (ദിലീഷ് പോത്തൻ) പിങ്കുവും (ബേസിൽ ) അപ്രതീക്ഷിതമായി ഒരു അപകടത്തിൽ പ്പെടുന്നു. ഈ അപകടത്തിൽ പെടുത്തിയ ആളോട് പ്രതികാരം ചെയ്യാനായി ഇവർ രഘുവിന്റെ സഹായം തേടുന്നു. പിന്നെ നടക്കുന്ന കാര്യങ്ങളാണ് പടയോട്ടം. ഒരർത്ഥത്തിൽ ഇത് പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്കുള്ള പടയോട്ടം കൂടിയാണ്. ഒരു യാത്രക്കിടെ വഴിയിൽ ഇവർ കണ്ടു മുട്ടുന്ന വിചിത്രരായ മനുഷ്യരും കൂടിയാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. ട്രെയിലറിൽ കണ്ട ആക്ഷൻ ട്രാക്കിനോട് സുരക്ഷിതമായ അകലം പാലിച്ച് കോമഡി ട്രാക്കിനെ ആശ്രയിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത്.

മൂന്നു സംവിധായകരുടെ സജീവ സാന്നിധ്യമാണ് പടയോട്ടത്തിൽ ഒരു കൗതുകം. ദിലീഷ് പോത്തനും ലിജോ ജോസ് പല്ലിശേരിയും ബേസിൽ ജോസഫും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മൂന്നു പേരും ഓരോ രംഗത്തിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് അമ്പരപ്പിക്കുന്നുമുണ്ട്. മൂന്നു പേരും അഭിനയത്തിൽ സാന്നിധ്യം അറിയിച്ചവരാണ്. പക്ഷെ ഇങ്ങനെ ഒരു കോമഡി ട്രാക്കിൽ കൂട്ടുകെട്ടായി പ്രവർത്തിക്കുന്നത് ആദ്യമായാവും.

തിരുവനന്തപുരം നഗരപ്രാന്തവും സിനിമയിൽ ഉണ്ട്. ഇടയ്ക്ക് ഗവി പാലക്കാടൻ ഭാഷയുടെ അസ്വസ്ഥതകൾ പ്രകടമാണെങ്കിലും ബിജു മേനോന്റെ രഘു മുഷിപ്പിക്കുന്നില്ല. രണ്ടാം വരവിലെ വിജയഫോർമുല ടൈപ്പ്‌കാസ്റ്റിങ്ങിൽ നിന്ന് മാറി നടക്കാൻ കുറച്ചൊക്കെ ശ്രമിക്കുന്ന കഥാപാത്രമാകുന്നുണ്ട് രഘു. രഘുവിന്റെ ഒരേ സമയം അപരിചിതത്വവും സ്ഥൈര്യവുമുള്ള ശരീരഭാഷ ബിജു മേനോനോട് ചേർന്ന് പോകുന്നുണ്ട് എന്ന് പറയാം. ഒരു നടൻ എന്ന നിലയിൽ ബിജു മേനോന് കുറച്ച് കൂടി വിശാലമായ സാധ്യതകളിലേക്കുള്ള തുറസാവട്ടെ പടയോട്ടം എന്ന് നമുക്ക് പ്രതീക്ഷിക്കാം.

സാഹചര്യ തമാശകളും ആക്ഷേപ ഹാസ്യവും ചേർത്താണ് സിനിമയുടെ കഥാഗതി മുന്നോട്ട് പോകുന്നത്. ആദ്യ പകുതിയിലെ ചില തമാശകളെങ്കിലും ആവർത്തന വിരസമാണ്. സ്ലിറ്റ് കോമഡിയുടെ സ്വഭാവത്തിലേക്ക് പല രംഗങ്ങളും പോകുന്നു. അത്തരം തമാശകൾ ആസ്വദിക്കുന്നവർക്ക് ആദ്യ പകുതി ഇഷ്ടപ്പെട്ടേക്കാം.

രണ്ടാം പകുതിയിലെ ചില രംഗങ്ങളിലെങ്കിലും അനാവശ്യ വലിച്ചു നീട്ടലുകൾ അനുഭാപ്പെടുന്നുണ്ട്. രവി സിങിന്റെ പല രംഗങ്ങളിലെയും സാന്നിധ്യം അനാവശ്യമായി തോന്നി. രഘു എന്ന കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയുള്ള സസ്പെൻസ് നിലനിർത്താൻ ഉള്ള ശ്രമം സിനിമ വിജയകരമായി നിലനിർത്തി. പ്രാഥമികമായി ഒരു റോഡ് മൂവി ആണെങ്കിലും തിരുവനന്തപുരം മുതൽ ചാവക്കാട് വരെ മാത്രമേ ആ സാധ്യത സിനിമ ഉപയോഗിച്ചുള്ളൂ. കാസർഗോഡ് എന്ന ജില്ലയെ പ്രാന്തവത്കൃതരുടെ ഭാഷയെ കളിയാക്കാനും രീതികളെ കളിയാക്കാനുമുള്ള ഒരു ടൂൾ ആയി മാത്രമേ സിനിമയിൽ ഉപയോഗിച്ചതായി തോന്നിയുള്ളൂ. ക്ളൈമാക്സിലെ ട്വിസ്റ്റ് കൗതുകമുണ്ടാക്കുന്നുണ്ട്.

ഒരു ലൈറ്റ് ഹാർട്ടേഡ്‌ എന്റർറ്റൈനെർ ആണ് പടയോട്ടം. സ്കിറ്റ് കോമഡികൾ, ബിജു മേനോൻ, ഗ്യാങ്‌സ്റ്റർ കോമഡി, കുറച്ചൊക്കെ റോഡ് മൂവി ഒക്കെയാണ് സിനിമയുടെ ആകർഷക ഘടകങ്ങൾ. ഇവ കൗതുകമുണ്ടാക്കുന്നവർക്ക് സിനിമ പരീക്ഷിക്കാവുന്നതാണ്.

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:

This post was last modified on September 15, 2018 11:10 am