X

എല്ലാം സമാധാനപരമായി അവസാനിച്ചിരിക്കുന്നു, കേരളം വംശീയതയില്ലാത്ത നാട്; സാമുവല്‍

തെറ്റിദ്ധാരണകളുടെ പേരില്‍ ഉയര്‍ത്തി പരാതിയില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട എല്ല പ്രശ്‌നങ്ങളും തീര്‍ന്നെന്ന് സാമുവല്‍ അബിയോള റോബിന്‍സണ്‍. തനിക്ക് അര്‍ഹമായ പ്രതിഫലം നല്‍കുമെന്ന് നിര്‍മാതാക്കളില്‍ നിന്നും ഉറപ്പ് കിട്ടിയെന്നും സാമുവല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു.

താന്‍ ഉയര്‍ത്തിയ വംശീയവിവേചന പരാതിയില്‍ ഹാപ്പി അവേഴ്‌സ് നല്‍കിയ വിശദീകരണത്തിലൂടെ, താന്‍ നേരിട്ടത് വംശീയവിവേചനം അല്ലെന്നു ബോധ്യമായെന്നും, തെറ്റിദ്ധാരണകളും, ആശയവിനിമയത്തില്‍ ഉണ്ടായ അപാകതയും, തെറ്റായ വിവരങ്ങളും ആണ് അത്തരമൊരു പരാതി ഉയര്‍ത്താന്‍ ഇടയാക്കിയതെന്നും സാമുവല്‍ പറയുന്നു. വംശീയവിവേചനം എന്നു ഞാന്‍ ഉയര്‍ത്തിയ പരാതിയില്‍ കുറ്റാരോപിതരാകേണ്ടി വന്ന ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. കേരളത്തില്‍ ഒട്ടും തന്നെ വംശീയവിചേനം നിലനില്‍ക്കുന്നില്ല, ഒരു ആഫ്രിക്കക്കാരന് സന്ദര്‍ശിക്കാന്‍ ഏഷ്യയിലെ ഏറ്റവും സൗഹാര്‍ദ്ദപരമായ സ്ഥലമാണ് കേരളം; സാമുവല്‍ പറയുന്നു.

തന്റെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട പിന്തുണ നല്‍കിയ കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കിന് പ്രത്യേകം നന്ദി പറയുന്ന സാമുവേല്‍, കേരളത്തിലെ മാധ്യമങ്ങള്‍ക്കും സാമൂഹ്യ-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ക്കും കടപ്പാട് അറിയിക്കുന്നുണ്ട്.

ഷൈജു ഖാലിദ്, സക്കറിയ, സമീര്‍ താഹിര്‍ തുടങ്ങി ഹാപ്പി അവേഴ്‌സിലെ ആരോടും ഈ പ്രശ്‌നങ്ങളുടെ പേരില്‍ ആരും തന്നെ വെറുപ്പോ വിദ്വേഷമോ കാണിക്കരുതെന്നും സാമുവല്‍ അഭ്യര്‍ത്ഥിക്കുന്നു. തനിക്ക് കിട്ടിയ പ്രതിഫലത്തിന്റെ ഒരു വിഹിതം വംശീയവിവേചനത്തിനെതിരേ പൊരുതുന്ന സംഘടനയായ ദി റെഡ് കാര്‍ഡ് ആന്റി-റേഷിസം എഡ്യുക്കേഷന്‍ ചാരിറ്റിക്ക് നല്‍കുമെന്നും സാമുവേല്‍ അറിയിക്കുന്നു. കേരളത്തിലെ എല്ലാവരോടും തനിക്ക് എക്കാലവും സ്‌നേഹം ഉണ്ടായിരിക്കുമെന്നും ഹാപ്പി അവേഴ്‌സിലെ എല്ലാവരോടും തന്നെ തന്റെ സ്‌നേഹം തുടരുമെന്നും സാമുവല്‍ പറയുന്നു. എല്ലാ പ്രശ്‌നങ്ങളും സമാധാനപരമായി അവസാനിച്ചെന്നാണ് സാമുവല്‍ പറയുന്നത്.