X

മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതല്ല പ്രശ്‌നം, കൊഞ്ഞനംകുത്തി കാണിക്കരുത്: സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിക്കുന്നു

ഐഎഫ്എഫ്‌കെ ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാള സിനിമ ഇത്രമാത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുക്കുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്തത്

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ അവാര്‍ഡ് നേടിയ സെക്‌സി ദുര്‍ഗയ്ക്ക് കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അര്‍ഹമായ പരിഗണനയല്ല ലഭിച്ചതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നാല്‍പ്പത്തഞ്ചോളം ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മികച്ച ചിത്രത്തിനുള്ള മൂന്ന് പുരസ്‌കാരങ്ങളും സംവിധാനം, മ്യൂസിക്, ഛായാഗ്രഹണം തുടങ്ങിയവയ്ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങളും നേടിയിട്ടും ഐഎഫ്എഫ്‌കെയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നതാണ് സനലിനെ പ്രകോപിതനാക്കുന്നത്. സനല്‍ കുമാര്‍ ശശിധരന്‍ അഴിമുഖം പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്.

ഐഎഫ്എഫ്‌കെയ്‌ലെ ജൂറിക്കായാലും ഒഫീഷ്യല്‍സിനായാലും പെരുന്തച്ചന്‍ കോംപ്ലക്‌സാണ്. പുതിയ ആരെങ്കിലും ഉയര്‍ന്നുവരുമ്പോള്‍ അവരെ കഴിയുന്നത്ര കാലില്‍ പിടിച്ച് താഴേക്ക് വലിക്കുകയെന്നത് ഇവിടെ ഒരു ശീലമായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കാത്തത്. ഇവിടെ നിന്നും രക്ഷപ്പെട്ട് പോയവരെയൊക്കെ നോക്കിയാല്‍ അറിയാം, കുറഞ്ഞപക്ഷം ഡല്‍ഹി വരെയെങ്കിലും ഒളിച്ചോടിയവരായിരിക്കും അവര്‍. അല്ലെങ്കില്‍ അമേരിക്കയിലോ യൂറോപ്പിലോ പോയി രക്ഷപ്പെട്ടവരായിരിക്കും. മലയാളത്തിനകത്തു നിന്നും ഒരാള്‍ രക്ഷപ്പെട്ട് വന്നിട്ടില്ലെന്ന് തന്നെ പറയാം.

അടൂര്‍ സാറിന്റെ സിനിമകള്‍ക്ക് പോലും മലയാളത്തിലല്ല അംഗീകാരങ്ങള്‍ കിട്ടിയത്. അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയതോടെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇവിടെ അംഗീകരിക്കപ്പെട്ട് തുടങ്ങിയത്. ഇപ്പോള്‍ അതും ഇല്ലെന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ലോകം വളരെ ഓപ്പണ്‍ ആണ്. ആരെങ്കിലും അംഗീകരിക്കാതിരുന്നു എന്നത് കൊണ്ട് ഒരു സിനിമയോ അല്ലെങ്കില്‍ കലാരൂപമോ ഇവിടെ നശിച്ച് പോകില്ല. അതുകൊണ്ട് തന്നെ നമുക്ക് പറയാനുള്ള കാര്യങ്ങള്‍ പറയണം എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമിന്റെയൊന്നും ഉദ്ദേശ ലക്ഷ്യങ്ങള്‍ ഇവര്‍ക്കറിയില്ല എന്ന് വേണം ഈ സംഭവം കൊണ്ട് മനസിലാക്കാന്‍. ഇതിന്റെ തലപ്പത്തിരിക്കുന്ന പലര്‍ക്കും എന്തിനാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോം ഉണ്ടാക്കിയിരിക്കുന്നതെന്ന് മനസിലായിട്ടില്ല. അതുകൊണ്ടാണ് ഇവര്‍ കൊമേഴ്‌സ്യല്‍ സിനിമയിലെ ജനപ്രിയ സിനിമകളെയും ഇടത്തരം സിനിമകളെയുമെല്ലാം ഇത്തരം പ്ലാറ്റ്‌ഫോമുകളിലേക്ക് കൊണ്ടുവരുന്നത്. ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങളുടെ ധര്‍മ്മമെന്താണ്, ഫെസ്റ്റിവലിന്റെ ഉദ്ദേശം എന്താണ് ഇതൊന്നും ഇവര്‍ക്കറിയില്ല.

ചലച്ചിത്രമേളയില്‍ പ്രാധാന്യം കച്ചവട സിനിമകള്‍ക്കോ? ജൂറിക്കും അക്കാദമിക്കുമെതിരേ സനല്‍കുമാറിനു പിന്നാലെ ഡോ.ബിജുവും

ഫെസ്റ്റിവലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജൂറിയിലുള്ളവരായാലും ഒഫീഷ്യല്‍സായാലും സിനിമ എടുക്കുകയും സിനിമ എടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. അവരുടെയെല്ലാം മനസിലുള്ള ഇടുങ്ങിയ അസൂയകള്‍ സെക്‌സി ദുര്‍ഗയ്ക്ക് അര്‍ഹമായ ഇടം കിട്ടാത്തതിന് പിന്നിലുണ്ടെന്നാണ് തോന്നുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പങ്കെടുക്കുകയും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടുകയും ചെയ്ത ഒരു ഇന്ത്യന്‍ സിനിമയും ഇല്ല. ഇപ്പോള്‍ സെക്‌സി ദുര്‍ഗ മാത്രമാണ് അത്തരത്തിലൊരു നേട്ടം കൊയ്തിരിക്കുന്നത്. പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും നേട്ടങ്ങള്‍ കൊയ്ത ഒരു മലയാള സിനിമയെ നമ്മുടെ അഭിമാനമായിട്ടല്ലേ കാണേണ്ടത്. ഇത് ഒരു ആളിന്റെ നേട്ടമല്ല. സിനിമാ സാഹോദര്യത്തിന്റെ നേട്ടമായിട്ടാണ് ഇതിനെ കണക്കാക്കേണ്ടത്. റോട്ടര്‍ഡാമില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ സിനിമ മന്ത്രി എകെ ബാലന്‍ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിടാന്‍ ആര്‍ക്കും പറ്റും. എന്നാല്‍ അധികാരം കയ്യിലുള്ള ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ അത്തരം നേട്ടങ്ങള്‍ കൈവരിക്കുന്ന ഒരു കാര്യത്തെ സമൂഹത്തിന് അനുകൂലമായി മാറ്റാന്‍ മറ്റ് പലതും ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇവിടെ അതൊന്നും ചെയ്തിട്ടില്ല. കേരളത്തില്‍ നിന്നും ഏതെങ്കിലും ഓട്ടമത്സരത്തിന് വെള്ളിയോ വെങ്കലമോ മെഡല്‍ നേടി വരുന്ന ഒരാള്‍ക്ക് കിട്ടുന്ന പരിഗണന പോലും ഈ സിനിമയ്ക്ക് കിട്ടിയിട്ടില്ല.

ഞാനാണ് വലുതെന്ന അമിത ബുദ്ധിജീവി സ്വഭാവത്തിന്റെ പ്രശ്‌നമാണ് അതെന്നാണ് എനിക്ക് തോന്നുന്നത്. ഈ സിനിമ ഇവിടെ അവഗണിക്കപ്പെടാന്‍ മറ്റൊരു കാരണമായി തോന്നുന്നത് ഞാന്‍ എല്ലാത്തിലും അഭിപ്രായം പറയുന്നതാണെന്ന് തോന്നുന്നു. ചലച്ചിത്ര അക്കാദമിയുടെയാണെങ്കിലും സര്‍ക്കാരിന്റെയാണെങ്കിലും പ്രവര്‍ത്തികളില്‍ എനിക്ക് തോന്നുന്ന അഭിപ്രായങ്ങള്‍ ഞാന്‍ വിളിച്ചു പറയുന്നുണ്ട്. സെക്‌സി ദുര്‍ഗയെന്ന പേര് ഇവിടെ സംഘപരിവാറുകാര്‍ വലിയ വിഷയമാക്കിയെടുക്കുകയും പ്രതിഷേധിക്കുകയുമൊക്കെ ചെയ്തിരുന്നു. സംഘപരിവാര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് നമുക്ക് മനസിലാക്കാം. ഹിന്ദുത്വ എന്നത് അവരുടെ അജണ്ടയാണ്. അത് അവരുടെ ഉപജീവനമാര്‍ഗ്ഗമാണ്. പ്രത്യക്ഷത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുകയും നേരിട്ട് വിളിച്ചിട്ട് അതൊന്നും കുഴപ്പമില്ല, ഈ സിനിമ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്യുന്ന സംഘപരിവാറുകാരെ എനിക്കറിയാം. ചലച്ചിത്രമേളയില്‍ അത്തരം പ്രശ്‌നങ്ങളുണ്ടാകേണ്ട കാര്യമില്ലല്ലോ?

ഇവിടെ നടക്കുന്നത് ഒരുതരം ഒതുക്കലാണ്. ഇതിന് ഇത്രയൊക്കെ മതി, അത്രവലിയ ആളാകേണ്ട എന്ന തരത്തിലുള്ള ഒതുക്കലാണ് ഇവിടെ നടക്കുന്നത്. അത് വളരെ കരുതിക്കൂട്ടിയുള്ള ഒന്നാണ്. സെക്‌സി ദുര്‍ഗയെ ഐഎഫ്എഫ്‌കെയുടെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതല്ല എന്റെ പ്രശ്‌നം. എന്റെ സിനിമ വളരെയധികം മത്സരവിഭാഗങ്ങളില്‍ പങ്കെടുക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. അതുകൊണ്ട് തന്നെ മത്സരം എന്ന ആഗ്രഹമേ ഇപ്പോളില്ല. പക്ഷെ അര്‍ഹമായ പ്രാതിനിധ്യം കിട്ടണം. ഐഎഫ്എഫ്‌കെ ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാള സിനിമ ഇത്രമാത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുക്കുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്തത്. അത്തരത്തിലുള്ള ഒരു സിനിമയെ ഉദ്ഘാടന ചിത്രമായി വയ്ക്കാം. അല്ലെങ്കില്‍ പ്രത്യേക പരിഗണന നല്‍കി പ്രത്യേക പ്രദര്‍ശനം നടത്താം. ഏറ്റവും കുറഞ്ഞത് ഒരു ഇന്ത്യന്‍ സിനിമ എന്ന നിലയിലെങ്കിലും പരിഗണിക്കാവുന്നതാണ്. മേളയില്‍ ലോക സിനിമ വിഭാഗവും ഉണ്ട്. അതിലാണെങ്കിലും ഉള്‍പ്പെടുത്താവുന്നതാണ്. മേളയില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊഞ്ഞനം കുത്തിക്കാണിക്കുന്നതിന് തുല്യമാണ്. ഇതിനെ അംഗീകരിക്കാനാകില്ല. എത്ര വലിയ നേട്ടങ്ങള്‍ നഷ്ടമാകുമെന്ന് പറഞ്ഞാലും പല്ലിളിച്ചു കാണിക്കലിനെ പല്ലിളിച്ച് കാണിക്കലായി തന്നെയേ കണക്കാക്കാനാകൂ. അതിന് എത്രവലിയ ആളുകളാണെന്ന് പറഞ്ഞാലും അത് പ്രശ്‌നമല്ല. ഐഎഫ്എഫ്‌കെയ്ക്ക് വേണ്ടിയല്ല ഞാന്‍ സിനിമ എടുക്കുന്നത്.

സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌

സെക്‌സി ദുര്‍ഗയെ ചലച്ചിത്രമേളയില്‍ നിന്നും പിന്‍വലിക്കുന്നതായി സനല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുക വഴി അക്കാദമിയില്‍ നിന്നും മലയാള സിനിമയെന്ന നിലയില്‍ പ്രോത്സാഹനം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞാണ് സനല്‍ ചിത്രത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. സെക്‌സി ദുര്‍ഗ തിയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സിനിമ കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിന് വഴിയുണ്ടാക്കുമെന്നും സനല്‍ ഉറപ്പു നല്‍കുന്നു.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on September 22, 2017 1:49 pm