X

ഷെര്‍ലക്‌ ടോംസ്; ഏച്ചുകെട്ടിയ കാട്ടിക്കൂട്ടലുകള്‍

ചേരുവകകള്‍ പാകമാകാതെ പോയൊരു ഷാഫി-ബിജു മേനോന്‍ ചിത്രം

ഷാഫി-ബിജു മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് ഷെര്‍ലക് ടോംസ്. കോമഡി-ത്രില്ലര്‍ ട്രാക്കില്‍ ഉത്സവ അവധിക്കാലത്ത് കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ച് റിലീസ് ചെയ്ത സിനിമയാണത്. ഷാഫിക്കും ബിജു മേനോനും ചില മുന്‍കാല ചിത്രങ്ങളുടെ മേല്‍ പ്രേക്ഷകര്‍ നല്‍കിയ മിനിമം ഗ്യാരണ്ടി വിശ്വാസത്തിന്റെ ധൈര്യവും ഇത്തരമൊരു ചിത്രം വരുമ്പോള്‍ പ്രേക്ഷകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒരു പോലെയുണ്ടാവാം. പൊതുവെ സാമ്പത്തിക വിജയവും പ്രേക്ഷക പ്രീതിയും നേടിയ ചിത്രങ്ങള്‍ ഇതുവരെ തെരഞ്ഞെടുത്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ഷെര്‍ലക് ടോംസിനെയും തീയേറ്ററുകളിലെത്തിച്ചത്.

കുട്ടിക്കാലം മുതല്‍ ഷെര്‍ലക്ക് ഹോംസ് കഥകളുടെ കടുത്ത ആരാധകനാണ് ടോംസ് എന്ന് വിളിപ്പേരുള്ള തോമസ്. സ്‌കൂള്‍ കാലത്തുണ്ടായ അപ്രതീക്ഷിതമായ ഒരു സംഭവ വികാസം, പ്രശ്‌നഭരിതമായ ദാമ്പത്യം തുടങ്ങി ഓരോ കാലഘട്ടത്തിലും ഉണ്ടാവുന്ന പലതരം പ്രതിസന്ധികളെ മറികടന്ന് ഐആര്‍എസ് നേടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെത്തിച്ചേരുന്നു. തുടര്‍ന്ന് അപ്രതീക്ഷിതമായി അയാള്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയും അതിനെ എങ്ങനെ അതിജീവിക്കുമെന്ന ചോദ്യവും ഒക്കെയാണ് ഷെര്‍ലക്ക് ടോംസ്.

ടൈറ്റില്‍ ക്യാരക്ടറിലെത്തുന്ന ബിജു മേനോന്‍ തന്നെയാവും ഭൂരിഭാഗം പ്രേക്ഷകരെയും തീയേറ്ററില്‍ എത്തിച്ച പ്രധാന ഘടകം. വില്ലനായി വലിയൊരു തുടക്കം ലഭിക്കുകയും പിന്നീട് കരിയറില്‍ ഇടര്‍ച്ച നേരിടുകയും ചെയ്ത ബിജു മേനോന്റെ വിജയങ്ങളിലേക്കുള്ള തിരിച്ചു വരവ് പ്രേക്ഷകര്‍ സന്തോഷത്തോടെ കണ്ട ഒന്നാണ്. നിരവധി ‘ടൈറ്റില്‍’ റോളുകള്‍ അദ്ദേഹം ഈ വരവില്‍ വിജയകരമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചിട്ടുണ്ട്. അധികം മുഷിപ്പിക്കാത്ത എന്റെര്‍ടെയിനറുകളായിരുന്നു അവയില്‍ പലതും. ഷാഫിക്കും അത്തരം ഒരു വിശ്വാസ്യതയുണ്ട്. ഷാഫിയുടെ ഹാസ്യ സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ട്. ഈ പുതിയ കോമ്പിനേഷനും ഒരു പറ്റം ഹാസ്യ താരങ്ങളുടെ സാന്നിധ്യവും ത്രില്ലര്‍ സ്വഭാവം കൂടി ധ്വനിപ്പിക്കുന്ന ട്രെയിലറുമൊക്കെയാണ് സിനിമക്കു പോകുന്നവരുടെ ആകര്‍ഷണം. ചെറിയ ചില സസ്‌പെന്‍സുകളെ ഇടക്കൊക്കെ പരീക്ഷിക്കാറുണ്ടെങ്കിലും ത്രില്ലര്‍ ഷാഫി കൈകാര്യം ചെയ്തിട്ടില്ല. ഹിറ്റ് തിരക്കഥാകൃത്ത് സച്ചിയുടെ കഥയിലും തിരക്കഥയിലുമുള്ള പങ്കാളിത്തം മറ്റൊരു പ്രതീക്ഷയാവുന്നു.

സാധാരണ ഷാഫി സിനിമകളുടെ ടോണില്‍ തന്നെയാണ് ഷെര്‍ലക്ക് ടോംസും തുടങ്ങുന്നത്. പതിവു ചടുലതയില്‍ നിന്നു ചെറിയൊരു കുറവുണ്ടെങ്കിലും വെറുതെ ചിരിക്കാന്‍ ഇട തരുന്ന കുറച്ചു രംഗങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും ഈ ഭാഗത്തുണ്ട്. അലസനും ബുദ്ധിമാനുമായ മധ്യവയസ്‌കന്റെ റോള്‍ ബിജു മേനോന് നന്നായി ചേരുന്നുമുണ്ട്. സ്ഥിരം ബിജു മേനോന്‍ സിനിമകളിലെയും ഷാഫി സിനിമകളിലേയും ഫോര്‍മുലകള്‍ ഇടകലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നു. ഇടക്ക് ഫോക്കസ് ഒക്കെ തെറ്റി വലിഞ്ഞു നീണ്ട് ഇടയ്ക്ക് രസിപ്പിച്ച് സിനിമ മുന്നോട്ട് നീങ്ങുന്നു.

രണ്ടാം പകുതിയില്‍ കൈവിട്ട കളി എന്നൊക്കെ പറയാവുന്ന മട്ടിലേക്ക് സിനിമ പോകുന്നു. മാന്‍ ഓണ്‍ എ ലെഡ്ജ് സിനിമ കാണിച്ച് അതതു പോലെ പകര്‍ത്തി അടിച്ചു മാറ്റി എന്നു തന്നെ പറഞ്ഞ് സിനിമ തീരുന്നു. സസ്‌പെന്‍സും ട്വിസ്റ്റും ഹാസ്യവും ഒന്നും കണ്‍വിന്‍സിങ്ങ് ആയി അവതരിപ്പിക്കുന്നില്ല. ഇഴഞ്ഞു നീങ്ങുന്ന സിനിമ ചില സന്ദര്‍ഭങ്ങളില്‍ വല്ലാതെ മുഷിപ്പിക്കുന്നുണ്ട്. സ്വാഭാവിക ഹാസ്യത്തില്‍ നിന്ന് ഏച്ചുകൂട്ടിയ എന്തൊക്കെയോ കാട്ടികൂട്ടലായി സിനിമ മാറി. അന്വേഷണ ത്വരയുള്ള ഹോം സിയന്‍ ബുദ്ധിയെ വികസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ പേരിനോടും വണ്‍ ലൈനിനോടും ചേര്‍ന്നു പോവാന്‍ ഒരു വിശ്വസനീയതുമില്ലാതെ എന്തൊക്കെയോ ചെയ്തു കൂട്ടുന്നത് പോലെ തോന്നി.

സ്രിന്ദയുടെ കഥാപാത്രത്തിന്റെ വിചിത്രവും ക്രൂരവുമായ സ്വഭാവത്തിനടക്കം ഒന്നിനും വിശദീകരണങ്ങളോ യുക്തികളോ ഇല്ല. ദുഷ്ടയും ക്രൂരയുമായ ഭാര്യ പതിവു കുറ്റബോധത്തിലോ മാനസിക രോഗത്തിലോ അഭയം പ്രാപിക്കുന്നില്ല. മോട്ടീവിനും തെരഞ്ഞെടുപ്പിനും ഇതേ അവസ്ഥയാണ്. വളരെ അലസമായ മേക്കിങ് പലയിടത്തും കല്ലുകടിയായി. എല്ലാ അഭിനേതാക്കളും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് രസിപ്പിക്കുന്നു. ബിജിബാലിന്റെ താളമുള്ള ഇമ്പമുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ സുഖമുണ്ട്. ഇത്തരം സിനിമകളില്‍ രാഷ്ട്രീയ ശരികള്‍ അളക്കുന്നതു കൊണ്ടു കാര്യമില്ലെങ്കിലും ഡൊമസ്റ്റിക്ക് വയലന്‍സിന്റെ ലളിതവത്കരണവും മുടി നീട്ടി വളര്‍ത്തിയവര്‍ കഞ്ചാവു കൊണ്ടു നടക്കുന്നവരാണെന്ന ബോധ്യവും പതിവുപോലെ ഈ മലയാള സിനിമയും പിന്തുടരുന്നു എന്ന ഓര്‍മപ്പെടുത്തുന്നു.

എന്റര്‍ടെയിന്റ്‌മെന്റ്, തമാശ ഒക്കെ ആസ്വദിക്കുന്നത് തികച്ചും വ്യക്ത്യാധിഷ്ഠിതം. ത്രില്ലര്‍ എന്ന രീതിയിലെ ഒതുക്കവും മൂര്‍ച്ചയും ഈ സിനിമക്കില്ല. എങ്കിലും ഷാഫി-ബിജു മേനോന്‍ സിനിമകള്‍ പിന്തുടരുന്നവരെ, ഇഷ്ടപ്പെടുന്നവരെ മൊത്തത്തില്‍ രസിപ്പിക്കുമോ ഷെര്‍ലക്ക് ടോംസ് എന്ന് സംശയമാണ്.

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:

This post was last modified on October 5, 2017 8:21 pm