X

‘മാന്‍ ഹോളി’ന് ശേഷം സ്റ്റാൻഡ് അപ്പ് കോമഡിയുടെ പശ്ചാത്തലത്തില്‍ വിധു വിൻസെന്റിന്റെ ‘സ്റ്റാൻഡ് അപ്പ്’; നായിക നിമിഷ സജയൻ

മാൻ ഹോളിൽ നിന്ന് വ്യത്യസ്തമായി ചിരിയും ചിന്തയും നൽകുന്ന ചിത്രമായിരിക്കും സ്റ്റാൻഡ് അപ്പ്

തന്റെ ആദ്യ സിനിമയായ ‘മാൻ ഹോളി’ലൂടെ ഏറെ നിരൂപക പ്രശംസയും, കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ രജത ചകോരവും മികച്ച സിനിമയ്ക്കും സംവിധാനത്തിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയ സംവിധായികയാണ് വിധു വിൻസെന്റ്. മാൻ ഹോളിന് ശേഷം ‘സ്റ്റാൻഡ് അപ്പ്’ എന്ന പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായിക. നിമിഷ സജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്ത് വിട്ടു.

ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയന്റെ ജീവിത പശ്ചാത്തലത്തിലൂടെയാണ് കഥ പറയുന്നതെന്നും, സ്റ്റാൻഡ് അപ്പ് കൊമേഡിയനായ ഒരു യുവതിയും അവർ ഉൾപ്പെടുന്ന നഗര കേന്ദ്രികൃതമായ ഒരു കൂട്ടം ചെറുപ്പക്കാരും അവരുടെ സൗഹൃദ കൂട്ടത്തിന്റെയും കഥപറയുന്ന എന്റെർറ്റൈനെർ ആയിരിക്കും ചിത്രമെന്നും വിധു വിൻസെന്റ് അഴിമുഖത്തോട് പറഞ്ഞു.

വിധു വിൻസെന്റിന്റെ മാൻ ഹോൾ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ ഉമേഷ് ഓമനക്കുട്ടൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയന്റെ സൗഹൃദ്ദം, സന്തോഷം, ജീവിതത്തിൽ ഏറ്റ മുറിവുകൾ എല്ലാം തന്നെ സ്റ്റാൻഡ് അപ്പ് കോമഡിയുടെ പശ്ചാത്തലത്തിലാണ് അനാവരണം ചെയ്യുന്നത്.

ഒരു സ്റ്റാൻഡ് അപ്പ് കോമേഡിയനിലൂടെ സമൂഹത്തെ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യമെന്നും തന്റെ രണ്ടാം ചിത്രം മാൻ ഹോളില്‍ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നതായും വിധു വിൻസെന്റ് പറയുന്നു.

‘കേരളത്തിലെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളാണ് നിമിഷ. ഇപ്പോഴിതാ കുപ്രസിദ്ധ പയ്യനിലെ മികച്ച പ്രകടനത്തിലൂടെ സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരിക്കുകയാണ്. സിനിമയുടെ ചർച്ചയുടെ പല ഘട്ടങ്ങളിലും നിമിഷയുടെ പേരാണ് മിക്കവരും നിർദ്ദേശിച്ചത്. ഒരു നടിയെക്കാൾ ഉപരി മികച്ച വ്യക്തിത്വത്തിന് ഉടമയാണ് നിമിഷ’യെന്നും വിധു പറഞ്ഞു.

‘ഒരു വിഭാഗത്തിലുള്ള സിനിമ ചെയ്‌തു കഴിഞ്ഞാൽ പ്രേക്ഷകർ പിന്നീട് നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നതും അത്തരം സിനിമയായിരുക്കും. എന്നാൽ ഈ ചിത്രം തന്റെ ആദ്യ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. നല്ല സിനിമകൾ ചെയ്യുക ആളുകളെ ബോർ അടിപ്പിക്കാതിരിക്കുക എന്നതാണ് എന്റെ കാഴ്ചപ്പാട്. വീട്ടിൽ പോയാലും ആ സിനിമയെ കുറിച്ച് ആലോചിക്കാൻ സാധിക്കണം. മാൻ ഹോളിൽ നിന്ന് വ്യത്യസ്തമായി ചിരിയും ചിന്തയും നൽകുന്ന ചിത്രമായിരിക്കും സ്റ്റാൻഡ് അപ്പ്’- വിധു വിൻസെന്റ് കൂട്ടി ചേർത്തു

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Me:Add me on Facebook

This post was last modified on April 8, 2019 3:56 pm

Related Post
Leave a Comment